മദ്രസയ്ക്ക് അവധി വേണം; 5 വയസുകാരനായ സഹപാഠിയെ തല്ലിക്കൊന്ന് മൂന്ന് കുട്ടികള്‍

ന്യൂഡല്‍ഹി; അഞ്ചുവയസുകാരനെ തല്ലിക്കൊന്ന് സഹപാഠികള്‍. നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് സംഭവം. പ്രദേശത്തെ മദ്രസിയില്‍ പഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികള്‍ ചേർന്ന് അഞ്ച് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

9 നും 11 നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികള്‍ മദ്രസയില്‍ അവധി ലഭിക്കണമെന്ന് ആഗ്രഹിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ അഞ്ച് മാസമായി മദ്രസയില്‍ പഠിക്കുകയായിരുന്നു കുട്ടിയെന്ന് മാതാവ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം മകന് പനി പിടിപ്പെട്ടുവെന്ന് അറിയിച്ചതിനെ തുടർന്നാണ് മാതാവ് മദ്രസയിലെത്തുന്നത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കുട്ടിയുടെ മരണകാരണം ഏതെങ്കിലും രോഗമല്ലെന്നും ശാരീരികമായ ആക്രമണം മൂലമുണ്ടായ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളാണെന്നും വ്യക്തമാക്കിയിരുന്നു.

തുടർന്ന് മദ്രസയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുട്ടിയുടെ സുഹൃത്തുക്കളുമായും മറ്റ് വിദ്യാർത്ഥികളുമായും സംസാരിച്ചു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍, കുറ്റകൃത്യം ചെയ്ത മൂന്ന് ആണ്‍കുട്ടികളെ പോലീസ് തിരിച്ചറിയുകയായിരുന്നു. കുട്ടി മരിച്ചാല്‍ മദ്രസയ്ക്ക് അവധി ലഭിക്കുമെന്നും ഇതേ തുടർന്ന് നാട്ടില്‍ പോകാമെന്ന് കരുതിയതായും പ്രതികളായ മൂന്ന് കുട്ടികള്‍ മൊഴി നല്‍കി. ടിവിയില്‍ കണ്ട ഒരു ക്രൈം ഷോയില്‍ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് കൂടുതല്‍ അന്വേഷണത്തില്‍ കണ്ടെത്തി.