-ദീപു ജോൺ
ബെംഗളൂരു: നടുറോഡില്‍ യുവാക്കള്‍ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ സ്‌കൂട്ടര്‍ ഫ്ളൈ ഓവറിന് മുകളില്‍നിന്ന് താഴോട്ട് വലിച്ചെറിഞ്ഞ് നാട്ടുകാര്‍.
സാമൂഹിക മാധ്യമങ്ങളിലെ റീല്‍ വീഡിയോ ചിത്രീകരിക്കാനായാണ് യുവാക്കള്‍ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയത്. ബെംഗളൂരു റൂറല്‍ ജില്ലയിലെ നെലമംഗലയ്ക്ക് സമീപം തുമകുരുവില്‍ ദേശീയപാതയിലാണ് സംഭവം.
അഭ്യാസപ്രകടനം നടത്തിയ സ്‌കൂട്ടറുകളില്‍ രണ്ടെണ്ണമാണ് നാട്ടുകാര്‍ ഫ്ളൈ ഓവറിന് മുകളില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. ആരോ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേര്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലായി.
വീഡിയോ വൈറലായതോടെ നെലമംഗല ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരു നഗരത്തില്‍നിന്നുള്ള നിരവധി യുവാക്കള്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്താനായി ഹൈവേയിലെത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. ആഴ്ചാവസാനം അര്‍ധരാത്രികളിലും രാവിലെകളിലുമാണ് കൂടുതല്‍പേരും അഭ്യാസപ്രകടനത്തിനായി എത്താറ്. ഇതിനെതിരെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തുമകുരുവിലെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഉത്തര ബെംഗളൂരുവിലെ മത്തിക്കര, യശ്വന്തപുര സ്വദേശികളാണ്. ഇവരില്‍ ഒരാളുടെ രക്ഷിതാവ് ശനിയാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരായി. രണ്ടാമത്തെയാൾക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. നാല് ഇരുചക്രവാഹനങ്ങളിലായി എട്ട് യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്




