ന്യൂയോർക്ക്: ഐപിസി ഫാമിലി കോൺഫ്രൻസ് ബോസ്റ്റണിൽ ഇന്ന് സമാപിച്ചു. പാസ്റ്റർമാരായ ജയിംസ് ജോർജ്, സാബു വർഗീസ് എന്നിവർ സമാപന സന്ദേശങ്ങൾ നൽകി.
ആദിമസഭയിലെ അപ്പോസ്തലന്മാർ പരിശുദ്ധാത്മ നിയന്ത്രണത്തിന് വിധേയരായി കർത്താവിനെ ശുശ്രൂഷിക്കുന്നവരായിരുന്നുവെന്ന് ഡോ. സാബു വർഗീസ് സമാപന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ശുശ്രൂഷയിൽ മനുഷ്യനെ ശ്രദ്ധിച്ചാൽ നാം മനുഷ്യരോട് രമ്യത പ്പെടും. അവർക്ക് ഇഷ്ടമുള്ള പാട്ട്, അവർക്ക് ഇഷ്ടമുള്ള പ്രസംഗം മുതലായവ ശുശ്രൂഷയിൽ ഉൾപ്പെടുത്തും.

കർത്താവിനെ ശുശ്രൂഷിക്കുകയാണെങ്കിൽ കർത്താവിന് ഇഷ്ടമുള്ളത് സഭയിൽ നടക്കും. ജനത്തെ ശ്രദ്ധിക്കാതെ കർത്താവിനു ഇഷ്ടമുള്ളത് ചെയ്യുക. അതാണ് രൂപാന്തരപ്പെട്ട ഒരു സമൂഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത. ശക്തമായി വചനം പഠിപ്പിക്കുന്ന പൗലോസും ബാർണബാസും സഭയിലുള്ളപ്പോൾ തന്നെ പ്രവചന ശുശ്രൂഷ ചെയ്യുന്നവരും ആദിമസഭയിൽ ഉണ്ടായിരുന്നു. പ്രവചന ശുശ്രൂഷയ്ക്ക് വേണ്ടി സഭകളെ നാം തുറന്നുകൊടുക്കണം.

തിരുവത്താഴശുശ്രൂഷ നിർവഹിക്കുന്നു
ആ കാലഘട്ടത്തിലേക്ക് സഭ കടന്നുപോകണം.
നമ്മൾ രൂപാന്തരപ്പെട്ടവരായി ഭവനങ്ങളിലേക്ക് മടങ്ങുമ്പോൾ വ്യക്തിപരമായും സഭയായും ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഇടവരട്ടെയെന്ന്- സാബു വർഗീസ് ഉദ്ബോധിപ്പിച്ചു.
‘രൂപാന്തരപ്പെടുവാനായി ശക്തിപ്പെടുക’ എന്നതായിരുന്നു കോൺഫറൻസിന്റെ പ്രമേയം.
പാസ്റ്റർ കെ.സി. ജോൺ അധ്യക്ഷത വഹിച്ച ആരാധനയിൽ കെ.ബി. ഇമ്മാനുവലിൻ്റെയും രമ്യ ജേക്കബ്ബിൻ്റെയും നാഷണൽ ക്വയറിൻ്റെയും നേതൃത്വത്തിൽ സംഗീതശുശ്രൂഷ നടന്നു.
കർതൃമേശശുശ്രൂഷയ്ക്ക് പാസ്റ്റർ ബഥേൽ ജോൺസൻ നേതൃത്വം നൽകി. പാസ്റ്റർ സാം വർഗീസ് കർതൃമേശയ്ക്ക് മുമ്പുള്ള സന്ദേശം നൽകി. പാസ്റ്റർമാരായ ജയിംസ് പൊന്നോലി, ആൻ്റണി റോക്കി എന്നിവർ സഹശുശ്രൂഷകൾ ചെയ്തു.
പാസ്റ്റർ ജയിംസ് വർഗീസ് സങ്കീർത്തന വായനയും പ്രബോധനവും നടത്തി.
പാസ്റ്റർമാരായ എബ്രഹാം ഉമ്മൻ, എബി കെ. ബെൻ കാനഡ, ജോൺസൺ എബ്രഹാം എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ ജോയ് ജോസഫ് സാക്ഷ്യം പറയുകയും ഡോ. ജെസി ജയ്സൻ ആശംസ പറഞ്ഞു.
റവ. ഇട്ടി ഏബ്രഹാമിൻ്റെ പ്രാർത്ഥനയോടും ആശീർവാദത്തോടുംകൂടെ സമാപിച്ചു.
കോൺഫറൻസ് നാഷണൽ എക്സിക്യൂട്ടീവ് റവ. ഡോ. തോമസ് ഇടുക്കുള, വെസ്ലി മാത്യു, ബേവൻ തോമസ്, ഡോ. മിനു ജോർജ്, രേഷ്മാ ഷിബു എന്നിവരുടെ മികച്ച നേതൃത്വം കോൺഫറൻസിൻ്റെ വിജയത്തിന് മുഖ്യകാരണമായി.
അടുത്ത കോൺഫ്രൻസ് 2025 ജൂലൈ മാസത്തിൽ കാനഡയിലെ എഡ്മണ്ടനിൽ നടക്കും




