വയനാട് : സർവ്വതും നഷ്ടപ്പെട്ട ഭൂമിയിൽ ആരും ശ്രദ്ധിക്കാതെ പോയ ചില മിണ്ടാപ്രാണികൾ ഉണ്ടായിരുന്നു. എങ്ങോട്ടെന്നറിയാതെ ലിയോ എന്ന നായ്ക്കുട്ടിയും ദുരന്തഭൂമിയിൽ അലഞ്ഞു തേടുന്നുണ്ടായിരുന്നു…. തന്റെ പ്രിയപ്പെട്ടവരെ !
വിശപ്പിനാൽ അവൻെറ വയറുകൾ ഒട്ടിയിരുന്നു. നടന്ന് തിരയുന്നതിനിടയിൽ അവൻെറ കൈകാലുകൾ മുഴുവൻ ചെള്ളി നിറഞ്ഞിരുന്നു. പലപ്പോഴും വീണുപോകുമെന്ന് കരുതി. നടക്കുമ്പോൾ ചാഞ്ഞും ചരിഞ്ഞും പോയി. എന്നിട്ടും അവൻ നിർത്തിയിരുന്നില്ല പ്രിയപ്പെട്ടവരെ തേടിയുള്ള അലച്ചിൽ.
അപകടം നടന്ന ആറാം നാൾ തന്റെ പോറ്റമ്മയെ കണ്ട നായ്ക്കുട്ടിയുടെ സ്നേഹപ്രകടനം ദുരന്തഭൂമിയിലെ മുഴുവൻ മനുഷ്യരും കണ്ണുകളെ ഈറനണിയിച്ചു.
ഒടിയടുത്ത് യജമാനത്തിയുടെ മാറിലേക്ക് കൈകൾ ചേർത്ത് അവൻ ചിണുങ്ങി. അപ്പോഴെല്ലാം അവൻേറതായ ഭാഷയിൽ എന്തെല്ലാമോ പരാതിയോ, പരിഭവമോ ഒക്കെയായി പറയുന്നുണ്ടായിരുന്നു. സങ്കടം തീരാതെ പോറ്റമ്മയ്ക്ക് മുത്തവും നൽകുന്നുണ്ടായിരുന്നു.
കോരിയെടുത്ത് അവർ അവനെ തൻെറ മാറിലേക്ക് ചേർത്ത് പിടിച്ചു. ക്ഷീണിച്ചു തളർന്ന അവൻെറ ശരീരത്തിൽ തലോടി അവർ അവനെ ആശ്വസിപ്പിച്ചു. ബിസ്ക്കറ്റ് വെള്ളവും നൽകി ലിയോയെ പരിപാലിച്ചു. തിരികെ മലയിറങ്ങി ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങും വരെ ലിയോ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ക്യാമ്പിലേക്ക് അവനെ കൊണ്ടുപോകാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ ചുരൽ മലയിലെ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണവും നൽകി അവനെ അവിടെ ഏൽപ്പിച്ചാണ് അവർ മലയിറങ്ങിയത്.
അപകട സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടതാണ് അട്ടമല സ്വദേശി ഉമാ ബാലകൃഷ്ണനും കുടുംബവും. എന്നാൽ കൂരിരുൾ നിറഞ്ഞ ആ ദുരന്ത സമയത്ത് ലിയോയെ കൂടെ കുട്ടാനായില്ല.
അപകത്തിൽ പെടാതെ അവനെവിടെ ഉണ്ടെങ്കിലും തേടിവരുമെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ അപകട സ്ഥലം വിട്ട് ഒരിടത്തും അവൻ പോയില്ല. അവരവിടെത്തന്നെയുണ്ടെന്ന് അവൻ കരുതി. അവൻെറ വിശ്വാസത്തിന് അടിവരയിട്ട് അപകമേഖലയിൽ തന്നെ അവർ കണ്ടുമുട്ടി, ജീവനോടെ!




