വയനാട് ദുരിതബാധിതര്‍ക്ക്100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതർക്ക് 100 വീടുകള്‍ നിർമിച്ച്‌ നല്‍കുമെന്ന് കർണാടക സർക്കാർ.

എക്സിലൂടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പിന്തുണ നല്‍കുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.

കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധാരമയ്യയെ നേരിട്ട് വിളിച്ച്‌ നന്ദി അറിയിച്ചു. കോണ്‍ഗ്രസ് 100 വീടുകള്‍ നിർമിച്ചു നല്‍കുമെന്ന് വയനാട് മുൻ എംപി കൂടിയായ രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് കർണാടക സർക്കാരിന്റെ വാഗ്ദാനം. കർണാടകയുടെ അതിർത്തി ജില്ലയാണ് വയനാട്.

ദുരിത ബാധിതർക്ക് സഹായവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമാ, രാഷ്‌ട്രീയ മേഖലകളില്‍ നിന്നും ധനസഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിത കുടുംബങ്ങള്‍ക്ക് 150 വീടുകള്‍ നിർമിച്ച്‌ നല്‍കുമെന്ന് നാഷണല്‍ സർവീസ് സ്കീം (എൻഎസ്‌എസ്) അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകളും കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും നിർമിച്ച്‌ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്ബനി 10 ഏക്കർ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി ദുരിതബാധിരായ 15 കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ഒരു കോടി രൂപയും നല്‍കിയിട്ടുണ്ട്.