കത്തോലിക്കാ സഭയും മദ്യവും; സഭയുടെ മദ്യവിരുദ്ധ സമരസമിതിയൊരു ‘തമാശ’ സംഘടന!



കെ.എൻ. റസ്സൽ

ചീഫ് എഡിറ്റർ

ബൈബിളിൽ മദ്യത്തിനെതിരെ ധാരാളം എഴുത്തുകളുണ്ട്. മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കില്ലെന്ന ശക്തമായ പ്രഖ്യാപനം ബൈബിളിൽ കാണാം. സ്വർഗ്ഗമുണ്ടെന്ന് സഭ വിശ്വസിക്കുന്നുവെങ്കിൽ മദ്യപാനത്തിൽ നിന്നും വിശ്വാസികളെ മോചിപ്പിക്കാൻ മെത്രാൻമാർക്കും അച്ചൻമാർക്കും ബാദ്ധ്യതയുണ്ട്. ക്രിസ്തു വിശ്വാസികൾ അനുഷ്ഠിക്കേണ്ട നിയമങ്ങൾ ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ, കത്തോലിക്ക സഭ മിക്ക കാര്യങ്ങളിലും ബൈബിൾ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അത് തന്നെയാണ് കുഞ്ഞാടുകളിൽ കുത്തിവച്ചിട്ടുമുള്ളത്. മദ്യപാനത്തിൽ സഭാനേതൃത്വം സ്വീകരിച്ചിട്ടുള്ളത് ‘വേണമെങ്കിൽ ‘ കുടിച്ചോട്ടെയെന്ന് തന്നെയാണ്. കുടിച്ചാൽ ‘സ്വർഗ്ഗം’ കിട്ടില്ല എന്നൊന്നും പറഞ്ഞ് പേടിപ്പിച്ചാലൊന്നും യഥാർത്ഥ കത്തോലിക്കൻ കുലുങ്ങില്ല. എന്നാൽ മരിച്ചാൽ സഭാ സെമിത്തേരിയിൽ കുഴിച്ചിടില്ല എന്ന് അച്ചൻ പറഞ്ഞാൽ അവൻ ഒന്നുഞെട്ടും! ഇനി മക്കളുടെ വിവാഹവും നടത്തിത്തരില്ലെന്ന് പറഞ്ഞാലോ നല്ല കത്തോലിക്ക വിശ്വാസിയാണെങ്കിൽ അവൻ്റെ ആപ്പീസ് പൂട്ടിയത് തന്നെ.

ഇതേ നയം എന്ത് കൊണ്ട് മദ്യത്തിന്റെ കാര്യത്തില്‍ സഭ സ്വീകരിക്കുന്നില്ല. മദ്യപിച്ചാൽ സഭാംഗത്വം നഷ്ടമാകുമെന്നും മരിച്ചാൽ സെമിത്തേരിയിൽ അച്ചൻമാരുടെ ശുശ്രൂഷയോടെ അടക്കം ലഭിക്കില്ലെന്നും പിള്ളേരുടെ കല്യാണവും നടത്തിക്കൊടുക്കില്ലെന്നും ഒന്ന് പറഞ്ഞു നോക്ക്, എല്ലാവരും മര്യാദരാമൻമാരാകും. മാത്രമല്ല വീട്ടിൽ സ്വസ്ഥതയുണ്ടാകും. സാമ്പത്തികമായി വളർച്ചയുമുണ്ടാകും അതുവഴി കുടുംബം അനുഗ്രഹിക്കപ്പെടും. അതോടൊപ്പം കേരളത്തിലെ പോലീസ് കേസുകളിലും കാര്യമായ കുറവുണ്ടാകും.

ഇതോടെ ജീവിതപരാജയം ഏറ്റുവാങ്ങാൻ കാരണമാകുന്ന മദ്യ ഉപയോഗത്തെ മൂടോടെ പറിച്ചെറിയാൻ സഭാ നേതൃത്വത്തിന് സാധിക്കും. ലോകത്ത് ഒരു രാജ്യത്തും നടപ്പിലില്ലാത്ത മദ്യനിരോധനം ഇവിടെ വേണമെന്ന് പറഞ്ഞ്‌ സമരം ചെയ്യുന്ന ക്രിസ്ത്യാനി കഥ അറിയാതെ ആട്ടം കാണുകയാണ്. നാം അനുഷ്ഠിക്കേണ്ട കാര്യങ്ങൾ നമ്മുടെ ഗ്രന്ഥത്തിൽ ഉള്ളപ്പോൾ അത് പ്രാവർത്തിമാക്കേണ്ടതിന് പകരം എന്തിനാണീ സമരപ്രഹസനം.

ബൈബിളിലെ മദ്യനയത്തിൽ തൊടാതിരിക്കുന്നതിൻ്റെ പ്രധാന കാരണം അച്ചൻമാർക്കും ഇത്തിരി വീശാനാണ്. രസകരമായ മറ്റൊരു വസ്തുത ബൈബിലെ കൽപ്പനകളെ വിശ്വാസികളെക്കൊണ്ട് ലംഘപ്പിച്ചിട്ട് ബൈബിളിൽ ഇല്ലാത്തത് അണികളെക്കൊണ്ട് ചെയ്യിക്കുന്നു എന്നതാണ്. മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, മറിയാരാധന, ശിശുസ്നാനം വിഗ്രഹാരാധന, വിശുദ്ധന്മാരെ പ്രഖ്യാപിക്കൽ, അവശിഷ്ഠങ്ങളെ വണങ്ങൽ, പൗരോഹിത്യം തുടങ്ങി എത്രയെത്ര ബൈബിൾ വിരുദ്ധാചാരങ്ങളാണ് വിശ്വാസികളെക്കൊണ്ട് സഭാനേതൃത്വം ചെയ്യിക്കുന്നത്.

വിശ്വാസികളുടെ അനുഗ്രഹത്തിനായി വിവിധതരം പ്രാർത്ഥനകൾ. പ്രാർത്ഥനകളുടെ ദൈർഘ്യത്തിനനുസരിച്ച് വിവിധതരം ഫീസുകൾ. ദൈവത്തിന് പണം കൊടുത്ത് അനുഗ്രഹം വാങ്ങുന്ന ‘മണ്ടശിരോമണികൾ’. പണം പിടുങ്ങാൻ കർത്താവിൻ്റെ പേരിൽ എന്തൊക്കെ ആചാരങ്ങളാണ് ഈ പാഗൺ മതത്തിൻ്റെ അവശിഷ്ടങ്ങൾ ആചാരമാക്കിയിരിക്കുന്ന സഭയിൽ സ്ഥാപിച്ചിരിക്കുന്നത്.

ബൈബിൾ ആഹ്വാനങ്ങളാണ് ക്രൈസ്തവസഭകൾ സ്വീകരിക്കേണ്ടത്. ബൈബിൾ വേണം എന്ന് പറയുന്നത് സ്വീകരിക്കണം വേണ്ടെന്ന് പറയുന്നത് തിരസ്കരിക്കണം.

പുതിയ നിയമത്തിലും പഴയനിയത്തിലുമായി മദ്യത്തിനെതിരെ നിരവധി പ്രസ്ഥാവനകളുണ്ട്. പുതിയനിയമത്തിൽ മദ്യപാനം പാപം എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കേ അത് സഭയിൽ അനുവദിച്ചിരിക്കുന്നത് പുരോഹിതന്മാർക്ക് കൂടി ഇത്തിരി മിനുങ്ങാനാണ്.

മാത്രമല്ല ബാറുകൾ നടത്തുന്ന കത്തോക്കാവിശ്വാസികളാണ് കുരിശും തൊട്ടികളും പള്ളികളും പണിയുന്നതെന്ന് പണ്ട് സുകുമാർ അഴിക്കോട് പറഞ്ഞതോർമ്മയുണ്ട്. പിന്നെങ്ങനെ സഭയിൽ നിന്ന് ഈ പാപത്തെ ഉത്മൂലനം ചെയ്യാൻ പറ്റും. പറ്റില്ലെന്നതാണ് സത്യം. എങ്കിൽ പിന്നെ എന്തിനാന്ന് സഭ സർക്കാർ മദ്യവിൽപ്പന നിർത്തണമെന്ന് പറഞ്ഞു സമരം ചെയ്യുന്നത്. സഭാംഗങ്ങളെക്കൊണ്ട് കുടിപ്പിക്കുക എന്നിട്ട് അതിനെതിരെ സമരം ചെയ്യുക. എന്തൊരു വിചിത്രമായ സമരം. കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധസമിതിയെയും ഒരു തമാശ സംഘടനയായെ കാണാനാവൂ.