നെവിൻ മിടുമിടുക്കൻ ; കാലടി – മലയാറ്റൂർ പ്രദേശം തേങ്ങലിൽ

ന്യൂഡൽഹി:സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിൻ മലയാറ്റൂർ മുണ്ടയ്ക്കാമറ്റത്താണ് താമസിക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ്. പഠനത്തിൽ അതിസമർത്ഥ നായിരുന്നു നെവിൻ.

നെവിന്റെ അച്ഛൻ ഡാൽവിനും അമ്മ ഡോ.ലാൻസ് ലെറ്റും ഞായറാഴ്ച്ച പ്രാര്‍ഥനകള്‍ക്കായി ആലുവയിലെ സി. എസ്.ഐ പള്ളിയിലെത്തിയപ്പോഴാണ് മകന് നേരിട്ട ദുരന്തം അറിയുന്നത്. നെവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതോടെ ആരോഗ്യപ്രശ്‌നം നേരിട്ട ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് വിവരം.

തിരുവനന്തപുരം സ്വദേശികളായ നെവിന്റെ കുടുംബം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാറ്റൂരില്‍ വസ്തു വാങ്ങി വീട് വച്ച് താമസിക്കുകയാണ്. കാലടി സര്‍വകലാശാലയിലെ ജിയോഗ്രഫി വിഭാഗം പ്രൊഫസറാണ് നെവിന്റെ അമ്മ. സിൻഡിക്കേറ്റ് അംഗവുമായിരുന്നു. അച്ഛന്‍ ഡി.വൈ എസ്.പി യായിവിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. നെവിന് ഒരു സഹോദരിയുമുണ്ട്. ജെ. ആർ .എഫ് ലഭിച്ച സഹോദരി ബാംഗ്ലൂരിൽ അദ്ധ്യാപികയും ഒപ്പം ഗവേഷണ വിദ്യാർത്ഥിയുമാണ്.

ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയായിരുന്നു നെവിന്‍. സിവില്‍ സര്‍വീസ് കോച്ചിങ്ങിനായാണ് ഡല്‍ഹിയില്‍ തന്നെ തുടര്‍ന്നത്.

നെവിന് പുറമേ തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരും ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു.

ഇന്നലെ(ശനിയാഴ്ച) വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഓൾഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

അപകടസമയത്ത് നാപ്പതോളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തി. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങളുമായി ധര്‍ണയിരുന്നു. എഫ്ഐആറിന്റെ കോപ്പി പുറത്ത് വിടണം, സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മുന്നോട്ട് വെക്കുന്നത്. കെട്ടിടത്തിൽ വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.

സ്ഥലത്തെത്തിയ എഎപി എംപി സ്വാതിമലിവാളിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഭവം ഡൽഹി മുനിസിപ്പിൽ കോർപ്പറേഷന്റെ വീഴ്ചയെന്ന് സ്വാതി മലിവാള്‍ ആരോപിച്ചു. വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ കോർപ്പറേഷന് ഗുരുതര വീഴ്ച പറ്റിയെന്നും സ്വാതി കുറ്റപ്പെടുത്തി. എംപിക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സ്വാതി ശ്രമം നടത്തിയെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. സംഭവത്തിൽ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.
\\\\