സമരം വിജയത്തിലേക്ക്;സംവരണ സമ്പ്രദായം പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീംക്കോടതി

ധാക്ക: സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ ബംഗ്ലാദേശില്‍ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്.

സർക്കാർ സർവീസിലെ ക്വാട്ടസമ്പ്രദായം ബം​ഗ്ലാദേശ് സുപ്രീംകോടതി ഇന്ന് പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് സുപ്രീംകോടതി അഞ്ചായി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴിൽരഹിതർ.

നേരത്തെ, 2018-ൽ താത്ക്കാലികമായി നിർത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ (ബി.എൻ.പി.) പിന്തുണയും സമരത്തിനുണ്ടായിരുന്നു.

അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപികളുമായി ബം​ഗ്ലാദേശ് സർക്കാർ രം​ഗത്തെത്തി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാനായിരുന്നു c1aj8u5നിർദേശം.

രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പ്രാദേശികമാധ്യമങ്ങളുടെ വെബ്സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവർത്തനരഹിതമായി. കലാപബാധിതമേഖലകളിൽനിന്ന് ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്കുമടങ്ങുകയും ചെയ്തിരുന്നു.
====