ബംഗ്ലാദേശ് കലാപത്തിൽ 32 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; സർക്കാർ ഏർപ്പെടുത്തിയ സംവരണത്തിനെതിരെയാണ് പ്രക്ഷോഭം

ധാക്ക:ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പ്രക്ഷോഭകാരികൾ രാജ്യത്തെ ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചാനലിലൂടെ സമാധാനം പാലിക്കാൻ പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടതിന് പിന്നാലെ ടിവി ചാനലിൻ്റെ ആസ്ഥാനം തന്നെ അഗ്നിക്കിരയാക്കിയത്. 1971 ൽ ബംഗ്ലാദേശിൻ്റെ വിമോചനത്തിന് വഴി തുറന്ന യുദ്ധത്തിൽ പങ്കാളികളായവരുടെ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലി 30 ശതമാനം സംവരണങ്ങളിൽ ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്.

സർക്കാർ നിയമനത്തിനുള്ള മുൻ ചട്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചതോടെ ഇത്. ബംഗ്ലാദേശ് ടിവിയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പ്രക്ഷോഭകർ റിസപ്ഷനിലും പുറത്ത് നിർത്തിയിരുന്ന കാറുകൾക്കും തീയിട്ടു. കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇതിൽ കുടുങ്ങിപ്പോയി. ഇവരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.

സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഷെയ്ഖ് ഹസീന സർക്കാർ ഒരുക്കമല്ല. പ്രക്ഷോഭം തണുപ്പിക്കാനുള്ള തീവ്ര ശ്രമം മറുവശത്ത് കേന്ദ്രം തുടരുന്നുണ്ട്. രാജ്യത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെമ്പാടും മൊബൈൽ ഇൻറർനെറ്റ് നിരോധിച്ചിട്ടുണ്ട്. എന്നാൽ തെരുവ് കൂടുതൽ കലാപ കലുഷിതമാവുകയാണ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്.

ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെതിരായ പൊലീസ് നടപടി അതിക്രൂരമായിരുന്നു. ലാത്തിച്ചാർജ്ജിലും മറ്റുമായി നൂറിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതോടെ സമരം വ്യാപിച്ചു. ധാക്കയ്ക്ക് പുറത്തുള്ള സവാരിലെ ജഹാംഗീർ നഗർ സർവകലാശാലയിലും പ്രതിഷേധം തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ ടിവി ചാനൽ വഴി സമാധാനാഹ്വാനം നടത്തിയപ്പോഴും സംവരണത്തെ അനുകൂലിച്ചതാണ് പ്രതിഷേധം വീണ്ടും ശക്തമാകാൻ കാരണം.