ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍ അന്തരിച്ചു

◾ ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍ (90) അന്തരിച്ചു. ബുധനാഴ്ച രാത്രി മണിപ്പാലില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വി.സിയുമായിരുന്നു.

◾ ജമ്മുകശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 32 മാസത്തിനിടെ 48 സൈനികരാണ് കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

◾ നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. റോള്‍ നമ്പര്‍ മറച്ച് ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നാളെ 5 മണിക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമായിരുന്നോ എന്ന് ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ മനസിലാക്കാനാണ് മാര്‍ക്കുകള്‍ പരസ്യപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേള്‍ക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. നീറ്റ് യു.ജി. പരീക്ഷയില്‍ വന്‍തോതില്‍ ക്രമകേട് നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്നും സൂപ്രീം കോടതി വ്യക്തമാക്കി.

◾ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ. സംസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് 2 പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട് ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും ഇടുക്കിയില്‍ ദേവികുളം താലൂക്കിലേയും ചിന്നക്കനാല്‍ പഞ്ചായത്തിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി.

◾ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് കനത്ത മഴയില്‍ മദ്രസ കെട്ടിടം തകര്‍ന്നുവീണു. കട്ടന്‍ ബസാര്‍ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മദ്രസയാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ മദ്രസയ്ക്ക് അവധി നല്‍കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

◾ കണ്ണൂര്‍ കോഴിച്ചാലില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. കനത്ത മഴയെ തുടര്‍ന്ന് കാരിങ്കോട് പുഴയുടെ കൈവഴി കുത്തിയൊഴുകി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളം കുതിച്ചെത്തി അവിടെയുള്ള പാലം തകര്‍ന്നുപോയിരുന്നു. ഇതോടെ കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബം ഈ തുരുത്തില്‍ ഒറ്റപ്പെട്ടുപോകുകയായിരുന്നു.

◾ കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് വള്ളത്തില്‍ നിന്നും വെള്ളത്തിലേക്ക് വീണതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

◾ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മീന്‍പിടുത്തക്കാര്‍ക്ക് കര്‍ശനമായ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

◾ കാലവര്‍ഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാന്‍ കാരണം.

◾ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന് പിന്നാലെ കൊല്‍ക്കത്ത ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ദ സൂചന കൂടിയുള്ളതിനാല്‍ ശക്തമായ മഴ ഈ മാസം മുഴുവന്‍ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.. വടക്കുഭാഗത്തെ ന്യൂനമര്‍ദ്ദം ഒഡീഷ തീരമേഖലയില്‍ എത്താനാണ് സാധ്യതയെന്നും അറബിക്കടലിനു സമീപം ചക്രവാതച്ചുഴിയുള്ളതിനാല്‍ കാലവര്‍ഷക്കാറ്റിന്റെ ശക്തി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പലയിടത്തും തീവ്രമഴ പ്രതീക്ഷിക്കുന്നതിനാല്‍ വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

◾ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിയുടെ മനശാസ്ത്ര, സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

◾ പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈവര്‍ഷത്തെ ബജറ്റിലാണ് പൊഴിയൂരില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിര്‍മ്മിക്കുന്നത്.

◾ 120 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇ – ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ കുടിശികയുള്ള മുഴുവന്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയര്‍ത്തിയാണ് തുക ലഭ്യമാക്കുന്നത്. 150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തല്‍. ഇതില്‍ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു.

◾ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് ചേരാമംഗലം കനാലിലേക്ക് മറിഞ്ഞു. ബസ്സില്‍ 20 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. കുട്ടികള്‍ക്ക് നിസാര പരിക്ക് ഉണ്ട് . വിദ്യാര്‍ത്ഥികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

◾ മാവോയിസ്റ്റ് ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശിയായ മനോജിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. മാവോയിസ്റ്റുകള്‍ക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കബനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളില്‍ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇയാളെ പിടികൂടിയത്.

◾ തദ്ദേശവകുപ്പ് മന്ത്രിയും, ജലസേചന മന്ത്രിയും, മേയറും ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികള്‍ എന്ത് ചെയ്തുവെന്നതിന് ഉത്തരം നല്‍കണമെന്ന് വി. മുരളീധരന്‍. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട് വൃത്തിയാക്കാന്‍ ബജറ്റില്‍ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതില്‍ വിശദീകരണം വേണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെട്ടത്. ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തില്‍ റെയില്‍വെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

◾ തൃശൂര്‍ പുത്തൂര്‍ മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം വമിക്കുകയാണെന്ന പരാതിയില്‍ കലക്ടര്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിര്‍മാണത്തിലെ അപാകതകളാണ് ദുര്‍ഗന്ധത്തിനു കാരണമെന്നാണ് പരാതിക്കാര്‍ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചും പരാതിക്കാരെ കേട്ടും ആവശ്യമായ സംശയ നിവാരണം വരുത്തിയതിനു ശേഷം ഒരു മാസത്തിനകം പരാതി തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്.

◾ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി.

◾ കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനമായി. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ശബ്ദം കൂടി റെക്കോഡ് ചെയ്യാന്‍ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക. ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.

◾ സ്‌കൂളുകളില്‍ അനധികൃത പണപ്പിരിവ് നടത്തിയാല്‍ ഇനി കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ ഡി ഇ ഒ – മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

◾ കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ രണ്ട് മലയാളികള്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍ ഹാലിം,ഷമാല്‍ എന്നിവരാണ് പിടിയിലായത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ഉള്‍പ്പെടടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ തടിയന്റെവിട നസീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഷമാല്‍.

◾ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചതോടെ ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായി. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോണ്‍ഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നാണ് ഛണ്ഡീഗഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭഗവന്ത് മാന്‍ വ്യക്തമാക്കിയത്.

◾ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ചണ്ഡിഗഡ് – ദീബ്രുഗഡ് ദില്‍ബര്‍ഗ് എക്സ്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 30 പേര്‍ക്ക് പരിക്കേറ്റു. ചണ്ഡിഗഡില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ജിലാഹി സ്റ്റേഷന് സമീപമായിരുന്നു അപകടം. 12 കോച്ചുകള്‍ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം.

◾ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.1971 ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

◾ മോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചിലര്‍ക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാന്‍ ആഗ്രഹമുണ്ടെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.എന്നാല്‍ ഭഗവാന്‍ വിശ്വരൂപമാണെന്നും അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആര്‍ക്കുമറിയില്ലെന്നും ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും ജാര്‍ഖണ്ഡിലെ ഒരു പരിപാടിയില്‍ വെച്ച് മോഹന്‍ ഭാഗവത് പറഞ്ഞു.

◾ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയേക്കും. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. ഓഗസ്റ്റ് 22-ന് മുമ്പായി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം.

◾ നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ വലിയ, ഭൂമിയേക്കാള്‍ 1300ലേറെ ഇരട്ടി വലിപ്പമുള്ള ഒരു ഗ്രഹമാണ് ഇപ്പോള്‍ കണ്ടെത്തിയതില്‍ ഒന്ന്. സൂര്യനേക്കാള്‍ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്.

◾ ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങള്‍ നടത്തിയ സമരം എല്ലാവര്‍ക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്. കായികതാരങ്ങളുടെ ക്ഷേമം ഏറ്റവും പ്രധാനമാണ്. അവരുടെ ശബ്ദം കേള്‍ക്കുന്നുവെന്നും ബഹുമാനിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉഷ വ്യക്തമാക്കി.

◾ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മ തന്നെ നയിക്കും. സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ മാത്രം. വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിനത്തിലുണ്ട്. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20 യിലും വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്തിനേയും റിയാന്‍ പരാഗിനേയും ടി20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സിംബാബ്വെയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്ക് രണ്ട് ടീമിലും ഇടം ലഭിച്ചില്ല.