ബഹിരാകാശ നിലയം തകര്‍ക്കാൻ 7035 കോടിയുടെ പദ്ധതി;ഉപയോഗിക്കുന്നത് 46 എഞ്ചിനുകളുള്ള പേടകം

ബഹിരാകാശ നിലയം തകര്‍ക്കാനുള്ള പദ്ധതി തയ്യാറാക്കി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്. സ്വകാര്യ ബഹിരാകാശ സാങ്കേതിക വിദ്യാ സ്ഥാപനമായ സ്‌പേസ് എക്‌സിനാണ് ബഹിരാകാശ നിലയം തകര്‍ക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.

ബുധനാഴ്ചയാണ് ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുന്നതിനുള്ള പദ്ധതി രൂപരേഖ സ്‌പേസ് എക്‌സും നാസയും തയ്യാറാക്കിയത്. 2031 ലാണ് പദ്ധതി നടപ്പിലാക്കുക. ബഹിരാകാശ നിലയം അന്തരീക്ഷത്തില്‍ തകര്‍ക്കാനും അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ വീഴ്ത്താനുമാണ് പദ്ധതി. ഭൂമിയിലേക്ക് നിലയത്തെ തിരികെ എത്തിക്കാന്‍ അധികൃതര്‍ക്ക് താല്‍പര്യമില്ല.

84.3 കോടി ഡോളറിന്റെ (7035 കോടി രൂപയുടെ) കരാറാണ് സ്പേസ് എക്സിന് ഇതിനായി നല്‍കിയിരിക്കുന്നത്. ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് തള്ളി നീക്കുന്നതിനും ഭൗമാന്തരീക്ഷത്തില്‍ ഇടിച്ചിറക്കുന്നതിനും വേണ്ടിയുള്ള ബഹിരാകാശ പേടകം വികസിപ്പിക്കുകയാണ് സ്പേസ് എക്സിന്റെ ചുമതല. സ്പേസ് എക്സ് വികസിപ്പിക്കുന്ന പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും.

നിലയം ഭൂമിയോട് അടുപ്പിക്കുന്നത് എങ്ങനെ?
ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂള്‍ തന്നെ ഇതിനായി ഉപയോഗിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. 46 എഞ്ചിനുകളും 16000 കിലോഗ്രാമിലേറെ ഭാരമുള്ള ഇന്ധനവും അടങ്ങുന്ന ശക്തിയേറിയ പേടകമായിരിക്കും ഇത്. കാരണം ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും 430000 കിലോഗ്രാം ഭാരവുമുള്ള നിലയത്തെ തള്ളി നീക്കാനുള്ള ശക്തി പേടകത്തിന് ഉണ്ടായിരിക്കണം.

ഈ പേടകത്തെ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തമായ ഒരു റോക്കറ്റ് തന്നെ വേണ്ടിവരും. ബഹിരാകാശ നിലയത്തെ തള്ളി നീക്കുന്ന ജോലി ആരംഭിക്കുന്നതിനും ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടകം വിക്ഷേപിക്കേണ്ടിവരും. നിലയം തകര്‍ക്കുന്നതിന് ആറ് മാസം മുമ്പ് വരെ ബഹിരാകാശ സഞ്ചാരികള്‍ നിലയത്തിലുണ്ടാവും. അതിനിടെ ബഹിരാകാശ നിലയത്തിലെ എഞ്ചിനുകള്‍ ഉപയോഗിച്ച് നിലയത്തെ 220 കിമീ ഉയരത്തില്‍ എത്തിക്കും. ഇതിന് ശേഷമാണ് സ്‌പേസ് എക്‌സ് പേടകം ജോലി ആരംഭിക്കുക.

പസഫിക് സമുദ്രത്തില്‍ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ വീഴ്ത്താനാണ് നാസ പദ്ധതിയിടുന്നത്. എന്നാല്‍ ഇവ ചിലപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും വീണേക്കാം.