അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് രജതജൂബിലി നിറവിൽ

കെ.എൻ. റസ്സൽ (ചീഫ് എഡിറ്റർ ക്രൈസ്തവചിന്ത)

അറ്റ്‌ലാന്റാ ചർച്ച് ഓഫ് ഗോഡ് ശോഭചൊരിഞ്ഞ് നിൽക്കുന്നു, കാൽനൂറ്റാണ്ടായി. അനുസ്യൂതം വളർന്നു കൊണ്ടിരിക്കുന്ന ഈ സഭയുടെ പിന്നിൽ ഒരു ത്യാഗിയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. നാട്യങ്ങളില്ലാത്ത ഒരു ജനകീയൻ. ആർക്കും എപ്പോഴും പ്രാപ്യനായ ഒരു കറതീർന്ന സുവിശേഷവാഹിയാണ് ആ കൊച്ചു മനുഷ്യൻ. ലക്ഷ്യം ജീവവചനം പങ്കുവയ്ക്കൽ മാത്രം. കൂടെ ഇത്തിരി വേദശാസ്ത്ര പഠനവും.

പാസ്റ്റർ എബി മാമ്മനും പാസ്റ്റർ സി.വി. ആൻഡ്രൂസും ലേഖകനോടൊപ്പം

ഇദ്ദേഹമാണ് 1999ൽ ഡൽഹിയിൽ നിന്നും ഫ്ളോറിഡയിലേക്കും പിന്നീട് അറ്റ്ലാന്റായിലേക്കും കുടിയേറിയ പാസ്റ്റർ സി.വി. ആൻഡ്രൂസ്. 1999-ൽ അറ്റ്ലാന്റായിൽ എത്തുമ്പോൾ ഏതാനും വിശ്വാസികളുടെ ഒരു ചെറുകൂട്ടം ഒത്ത് ചേർന്ന് ആരാധിച്ചിരുന്നു. അവരുടെ പാസ്റ്ററായി സി.വി. ആൻഡ്രൂസ് ചുമതലയേൽക്കുമ്പോൾ ഇന്നത്തെ അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡിന്റെ വളർച്ച അദ്ദേഹം സ്വപ്നം പോലും കണ്ടിരുന്നില്ല.

പ്രമുഖ മാധ്യമപ്രവർത്തകൻ രാജൻ ആര്യപ്പള്ളിൽ പാസ്റ്റർമാരായ എബിയോടും ആൻഡ്രൂസിനോടുമൊപ്പം

പക്ഷേ, അത് ഇന്ന് വളർന്നു വലുതായി പന്തലിച്ചു നിൽക്കുന്നു, അനേകർക്ക് തണലായി, താങ്ങായി, ആശ്വാസമായി. പാസ്റ്റർ ആൻഡ്രൂസ് നട്ടു, നനച്ചു, ദൈവം വളരുമാറാക്കി. സ്ഥലം വാങ്ങി ആരാധനാലയവും മറ്റ് അനുബന്ധ സൗകര്യങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം തന്നെ മുന്നിൽ നിന്ന് പ്രവർത്തിച്ചു.

2023 ഏപ്രിലിൽ പാസ്റ്റർ ആൻഡ്രൂസ് സ്വയം തന്റെ 73-ാം വയസ്സിൽ സഭാനേതൃസ്ഥാനം ഒഴിയാൻ തീരുമാനിച്ചു. ഡാളസ്സിലെ ഫെയ്ത്ത് ടാബർനാക്കിളിലും പിന്നീട് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡിലും ശുശ്രൂഷകനായിരുന്ന പാസ്റ്റർ എബി മാമ്മനെ അദ്ദേഹം തേടിപ്പിടിച്ചു എന്ന് പറയുകയാവും ശരി. പ്രശസ്തനായ സുവിശേഷപ്രഭാഷകൻ തോമസ് മാമ്മന്റെ മകന് രണ്ടാമതൊന്ന് കൂടി ആലോചിക്കേണ്ടി വന്നില്ല.

മാധ്യമപ്രവർത്തകരായ ബാബു വടക്കേക്കൂറ്റ്, അച്ചൻകുഞ്ഞ് ഇലന്തൂർ, രാജൻ ആര്യപ്പള്ളിൽ, , പാസ്റ്റർ സി.പി. മോനായി, കെ.എൻ റസ്സൽ, ഹാർവെസ്റ്റ് റ്റിവി ഡയറക്ടർ ബിബി എന്നിവരും പാസ്റ്റർ എബി മമ്മനും പാസ്റ്റർ സി.വി ആൻഡ്രൂസും

ദൈവത്തിന്റെ മുൻ വാഗ്ദത്തപ്രകാരം അദ്ദേഹം അറ്റ്ലാന്റയിൽ എത്തി ദൈവസഭയുടെ ചാർജെടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സഭ 25-ാം വയസിലും എത്തിനിൽക്കുന്നു, യൗവ്വനത്തിന്റെ പ്രസരിപ്പോടെ.

2023 ഏപ്രിൽ 16 മുതൽ പാസ്റ്റർ ആൻഡ്രൂസ് സഭയുടെ പേട്രൺ ആണ്. സഭയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അല്പം പോലും ഇടപെടാതെ അദ്ദേഹം പാസ്റ്റർ എബി മാമ്മന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് കൂടെ നിൽക്കുന്നു.

25 വർഷം സഭ അനുഗ്രഹകരമായി നിന്നതിനും വളർന്നതിനും നന്ദി സൂചകമായി കേരളത്തിലെ പാവപ്പെട്ട ചില ദൈവമക്കളുടെ കണ്ണീരൊപ്പാൻ സഭ തയ്യാറാവുകയാണ്. ക്രൈസ്തവചിന്ത വഴി ശേഖരിച്ച അപേക്ഷകളിന്മേൽ അർഹരായവരെ കണ്ടെത്തിക്കഴിഞ്ഞു.

ഈ മാസവസാനം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വച്ച് സഹായധനം വിതരണം ചെയ്യുകയാണ്. ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന നിർദ്ധനരായ 25 കുട്ടികളെ സഹായത്തിനായി തെരത്തെടുത്തിട്ടുണ്ട്. നിശ്ചിത തുക വീതം മാസംതോറും നൽകി സഹായിക്കാൻ, മരിച്ചുപോയ 25 പാസ്റ്റർമാരുടെ വിധവമാരെ സെലക്ട് ചെയ്തു കഴിഞ്ഞു. 25 പുതിയവേല സ്ഥലങ്ങളെ സഹായിക്കാനും പദ്ധതി തയ്യാറായിക്കഴിഞ്ഞു.

5 പെൺകുട്ടികളുടെ വിവാഹവും നടത്തുന്നതാണ്. വരുമാനം കുറഞ്ഞ 25 റിട്ടയേർഡ് പാസ്റ്റർമാർക്കും സഹായം നൽകാൻ തെരഞ്ഞെടുത്തിട്ടുണ്ട്. സിൽവർ ജൂബിലിയുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഭാ സംഘടനാ വ്യത്യാസം കൂടാതെ സഹായിക്കാൻ പാസ്റ്റർ എബി മാമ്മൻ മുന്നോട്ട് വച്ച ആശയങ്ങളെ സഭ ഒന്നടങ്കം ഏക മനസ്സോടെ സ്വീകരിക്കുകയായിരുന്നു. മാത്രമല്ല സഭയുടെ ചുറ്റുവട്ടപ്രദേശങ്ങളിൽ സുവിശേഷീകരണം നടത്താനും സഭ ലക്ഷ്യമിട്ട് ആരംഭം കുറിച്ച് കഴിഞ്ഞു.

സഭയുടെ അടുത്തള്ള 25 സബ് ഡിവിഷനുകളെയാണ് ലക്ഷ്യമിടുന്നത്. അത് കൂടാതെ തദ്ദേശീയമായും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഈ സഭ മുന്നിട്ടു നിൽക്കുന്നു. എല്ലാ മൂന്നാംശനിയാഴ്ചയും നിർധനരായ 100 കുടുബങ്ങൾക്ക് 3 ആഴ്ച്ചയോളം കഴിയാനുള്ള അസംസ്കൃത ഭക്ഷണം നൽകിവരുന്നു. കൂടാതെ, ഭവനമില്ലാതെ പാലങ്ങളുടെ അടിയിലും മറ്റും തമ്പടിച്ചു കഴിയുന്ന നാനൂറിൽ അധികം പേരെ നേരിൽ കണ്ട് സംസാരിച്ച് ഒരു നേരത്തെ ആഹാരവും അതോടൊപ്പം ദൈവവചനവും അവർക്ക് പകർന്നു നൽകുന്നു.

കൃപാവര പ്രാപ്തൻ കൂടിയായ പാസ്റ്റർ എബി മാമ്മന്റെ ദർശനത്തിലും നേതൃത്വത്തിലും സഭ അതിവേഗം വളരുകയാണ് . ഇംഗ്ലീഷിലും മലയാളത്തിലും ആത്മനിറവിലുള്ള ആരാധനയും വചന ശുശ്രൂഷയും അതോടൊപ്പം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കുവരെയുള്ള സിസ്റ്റമാറ്റിക് സിലബസോടു കൂടിയ സൺ‌ഡേ സ്കൂൾ, സൺ‌ഡേ സ്കൂൾ അധ്യാപകർക്ക് വേണ്ടിയുള്ള പരിശീലന ക്ളാസുകൾ, യുവജനങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ഉതകുന്ന പ്രത്യേക പ്രോഗ്രാമുകൾ, ആത്മീക വളർച്ചയെ ലക്ഷ്യമാക്കി സഹോദരിമാർക്കും സഹോദരന്മാർക്കും വേണ്ടിയുള്ള വേറിട്ട മീറ്റിങ്ങുകൾ എന്നിവ സഭയെ വചനാധിഷ്ഠിതമായ വളർച്ചയിലേക്ക് നയിക്കുന്നു. അതോടൊപ്പം തിങ്കൾ മുതൽ വ്യാഴം വരെ നാലു വർഷമായി മുടങ്ങാതെ എല്ലാ ആഴ്ചയിലും പ്രഗത്ഭരായ ദൈവദാസന്മാർ നയിക്കുന്ന എവരി ഹോം ബൈബിൾ സ്കൂൾ സഭക്കും ലോകമെമ്പാടുമുള്ള അനേക ദൈവ മക്കൾക്കും ഒരു അനുഗ്രഹമാണ്.

നോർത്ത് കാരോളിനയിൽ നടന്ന NACOG കോൺഫെറെൻസിൽ വച്ച് ജൂലൈ 13 ന് പാസ്റ്റർ സി വി ആൻഡ്രൂസ് തയ്യാറാക്കിയ സാധാരണക്കാരായവർക്കും മനസിലാക്കുവാൻ കഴിയുന്ന തരത്തിലുള്ള സിവി ആൻഡ്രൂസ് ബൈബിൾ എന്ന ഓൺലൈൻ മലയാളം ഓഡിയോ ബൈബിൾ കമന്ററിയും പുറത്തിറങ്ങി. കൂടാതെ സഭ ഭാരത സുവിശേഷീകരണത്തിലും സജീവമാണ്.

അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡിന്റെ കീഴിലുള്ള ഈ സഭയിലെ കുഞ്ഞുങ്ങൾ ഈ വർഷം ഇന്ത്യാനയിൽ ജനറൽ അസ്സംബ്ലിയോടൊപ്പം നടന്ന അന്തർ ദേശീയ ജൂനിയർ താലന്ത് പരിശോധനയിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കാനുമായി. അടുക്കും ചിട്ടയുമുള്ള ഒരു ഗായകസംഘവും ഈ ദൈവ സഭക്കുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ദൈവ സഭയുടെ പ്രസിഡന്റും സീനിയർ പാസ്റ്ററുമായ ഡോക്ടർ എബി മാമ്മനോടൊപ്പം അസ്സോസിയേറ്റ് പാസ്റ്ററായി കോളിൻസ് ചാക്കോയും യൂത്ത് പാസ്റ്ററായി ഡേവിസ് എബ്രഹാമും കൂടാതെ ദൈവദാസന്മാരായ ഡേവിഡ് സ്കറിയ, മാത്യു ചെറിയാൻ, ജോൺ ഡാനിയേൽ, ജയ്മോൻ യോഹന്നാൻ എന്നിവരും ശുശ്രൂഷകളിൽ സഹായിക്കുന്നു. എപ്പോഴും സുസ്മേര വദനയായി സഹോദരി ലിറ്റി മാമ്മനും ഭർത്താവിന്റെ ശുശ്രൂഷകൾക്ക് വലിയ പ്രോത്സാഹനമായി കൂടെ നിൽക്കുന്നു.

പ്രേഷിത പ്രവർത്തന രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഹ്‌നേഹ് ദാൻ ഫെലോഷിപ്പിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് കൂടിയാണ് ഡോക്ടർ എബി മാമ്മൻ.സിൽവർ ജൂബിലി നിറവിൽ നിറഞ്ഞുനിൽക്കുന്ന അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ്, സുവിശേഷീകരണ രംഗത്തും ചാരിറ്റി രംഗത്തും ചെയ്യുന്ന സംഭാവനകളെ അനുമോദിക്കാതെ വയ്യ. ഇതിനെല്ലാം കാരണം ഇവിടുത്തെ ദൈവമക്കളുടെ ഐക്യ മനോഭാവവും നിസ്വാർഥസ്നേഹവും സഹകരണവും തന്നയെയാണ്.