–സാബു തൊട്ടിപ്പറമ്പിൽ
എത്ര പറഞ്ഞാലും ചില വിരുതന്മാർ അങ്ങനെയാണ്.നിയമം അനുസരിക്കാനുള്ളതാണെങ്കിലും അത് ലംഘിക്കുന്നത് ഒരു ഹരമാണ് ചിലർക്ക്.തങ്ങളുടെ രക്ഷയ്ക്ക് കൂടിയാണ് നിയമങ്ങൾ എന്നുള്ളതും മറക്കും.പ്രത്യേകിച്ച് വിനോദ സഞ്ചാരികളായി എത്തുന്നവർക്ക് അല്പം ആവേശം കൂടുതലുമാണ്.
ഫലമോ,ഓർക്കാപ്പുറത്തുള്ള അനർത്ഥങ്ങളിൽ അകപ്പെടും. എത്ര പറഞ്ഞാലും മനസിലാവില്ല.പിന്നെ,അടിക്കുന്ന വഴി പോയില്ലെങ്കിൽ, പോകുന്ന വഴി അടിക്കുകയെന്നണല്ലോ ചോല്ല്.
എന്നാൽ കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർ അടി ഒന്നും കൊടുത്തില്ല.പകരം മറ്റൊരു മുട്ടൻ പണി കൊടുത്തു.
മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്കാണ് പൊലീസിന്റെ വക ‘മുട്ടന്‍പണി’ കിട്ടിയത്. സഞ്ചാരികള്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് സ്ഥലംവിടുകയായിരുന്നു പൊലീസ്.പോരേ പൂരം !
ഉടുതുണിയില്ലാത്തവൻെറ അവസ്ഥ പറഞ്ഞറിയിക്കണോ?
കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം.
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിലക്ക് ലംഘിച്ച് ഒരു സംഘം സഞ്ചാരികള്‍ മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. ഈ സമയത്ത് ഇതുവഴി വന്ന പൊലീസ് ആണ് കൗതുകമുണര്‍ത്തുന്ന ‘ശിക്ഷാനടപടി’ സ്വീകരിച്ചത്.
ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങളെടുത്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോയി വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാതിവസ്ത്രത്തിലും അര്‍ധനഗ്നരായും പൊലീസിനു പിന്നാലെ എത്തി വസ്ത്രം തിരിച്ചുനല്‍കാന്‍ അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍, പൊലീസ് ഇവരെ ശാസിച്ചുവിടുകയായിരുന്നുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്.
മോഡേണ്‍ പ്രശ്‌നങ്ങള്‍ക്ക് മോഡേണ്‍ പരിഹാരമെന്നാണ് ഒരു യൂസര്‍ എക്‌സില്‍ സംഭവത്തോട് പ്രതികരിച്ചത്. നിയമലംഘകരെ ശിക്ഷിക്കാനുള്ള ഒരു അഹിംസാ മാര്‍ഗമാണിതെന്ന് മറ്റൊരാള്‍ കുറിച്ചു. നമ്മുടെ സംരക്ഷണത്തിനു വേണ്ടിയാണ് പൊലീസ് ഇതു ചെയ്യുന്നതെന്നാണ് മറ്റൊരു യൂസര്‍ വിഡിയോയ്ക്കു താഴെ അഭിപ്രായപ്പെട്ടത്.
സംഭവം ഇപ്പോൾ എന്തായാലും നാട്ടിൽ പാട്ടാണ്.




