കനത്ത മഴ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

കാസർകോഡ് ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ കെ. ഇമ്ബശേഖർ അറിയിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിലും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.