അമേരിക്കയിൽ ഒരു മലയാള പത്രം കൂടി. വിറ്റ്നെസ്സ് എന്നാണ് പുതിയ പത്രത്തിൻ്റെ പേര്. പെന്തക്കോസ്തു പാസ്റ്റർമാരും വിശ്വാസികളും ചേർന്നാണ് പുതിയ പത്രം പുറത്തിറക്കിയിരിക്കുന്നത്. നാട്ടിൽ ഡിസൈൻ ചെയ്ത പേപ്പർ അമേരിക്കയിലാണ് അച്ചടിച്ചത്. ന്യൂസ് പ്രിൻ്റ് തന്നെയാണ് അച്ചടിക്കുപയോഗിച്ചിരിക്കുന്നത്. ലേഔട്ടും മോശമല്ല.
ഹ്യൂസ്റ്റണിൽ നടന്ന പിസിനാക്കിൽ വച്ച് പ്രകാശന കർമ്മവും കഴിഞ്ഞു. സംഗമം, മലയാളം, കൈരളി തുടങ്ങിയ മലയാളം പത്രങ്ങൾ അമേരിക്കയിൽ നിന്നും പുറത്തിറങ്ങിയിരുന്നു. എന്നാൽ യു.എസിൽ നിന്നും ആദ്യം പ്രസിദ്ധീകരിച്ചു തുടങ്ങിയ മലയാള പത്രം ‘കേരള എക്സ്പ്രസ്’ ആണ്. പെന്തക്കോസ്തുകാരനായ കെ.എം ഈപ്പൻ ചിക്കാഗോയിൽ നിന്നാണ് ഈ മാധ്യമം പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഇപ്പോൾ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു എന്നാണ് കരുതുന്നത്. കത്തോലിക്കാ-പെന്തക്കോസ്തു സഭകളുടെ ഒരുമിച്ചുള്ള സംരംഭമായിട്ടാണ് കേരള എക്സ്പ്രസ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ചിക്കാഗോയിൽ നിന്നും മാറാനാഥാ തമ്പിയുടെ നേതൃത്വത്തിൽ മാറാനാഥ എന്നൊരു പത്രവും വിജയകരമായി പ്രസിദ്ധീകരിച്ചുവരുന്നു.

ചെയർമാൻ, വിറ്റ്നെസ്സ്
അമേരിക്കയിലെ പ്രശസ്തരായവരുടെ ഒരു വൻനിരയാണ് വിറ്റ്നെസ്സിന് പിന്നിൽ അണിനിരന്നിരിക്കുന്നത്. പാസ്റ്റർ ഫിന്നി ആലുംമൂട്ടിലാണ് ചെയർമാൻ. റ്റിജു തോമസ് ചീഫ് എഡിറ്ററും. റവ. ഷാജി. കെ ഡാനിയൽ മാനേജിംഗ് എഡിറ്ററും രാജു പൊന്നോലിൽ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്. വെസ്ലി ആലുംമുട്ടിൽ പബ്ളിഷർ. റവ. ജോർജ്. പി.ചാക്കോ, റവ. വിൽസൺ വർക്കി, റവ. സാബു വർഗ്ഗീസ്, റവ. തോമസ് മുല്ലക്കൽ, റോയി മേപ്രാൽ സി.പി.എ , സാം.റ്റി ശാമുവൽ, ഡോ. മനു ചാക്കോ, എന്നിവരാണ് എഡിറ്റർമാർ. ന്യൂസ് എഡിറ്ററായി ജോഷിൻ ഡാനിയലും സർക്കുലേഷൻ മാനേജരായി തോമസ് വർഗീസും പ്രവർത്തിക്കുന്നു. റ്റി ജോ തോമസാണ് കാനഡ കറസ്പോണ്ടൻ്റ്. മിഡിൽ ഈസ്റ്റ് കറസ്പോണ്ടൻ്റായി റവ നിഷാനന്ത് ജോർജും ജിബു തോമസ് ഇന്ത്യയുടെ കറസ്പോണ്ടൻ്റായും പ്രവർത്തിക്കുന്നു. ഹ്യൂസ്റ്റൺ 12550 Fuqua St, Ste 230 ലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഗുഡ്ന്യൂസ്, ക്രൈസ്തവചിന്ത, ബിലീവേഴ്സ് ജേർണൽ, ഹാലേലൂയ്യാ, മരുപ്പച്ച, സുഭാഷിതം, സ്വർഗ്ഗീയ ധ്വനി, ജ്യോതി മാർഗ്ഗം, യുഗാന്ത്യ സന്ദേശം, സങ്കീർത്തനം തുടങ്ങിയ RNI ഉള്ള പത്രങ്ങളാണ് അമേരിക്കയിലെ മലയാളി പെന്തക്കോസ്തു സഭാവാർത്തകൾ മത്സരിച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ ഗുഡ് ന്യൂസ് ചിലപ്പോഴൊക്കെ അമേരിക്കൻ ലക്കങ്ങൾ ഇറക്കാറുണ്ട്.
മലയാളി സമൂഹത്തിൻ്റെ ഐക്യവും സഹകരണവും ഊട്ടി ഉറപ്പിക്കാൻ പുതിയ പത്രത്തിന് കഴിയട്ടെ എന്നാശിക്കുന്നു. നാട്ടിലുള്ള പത്രങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ഇവിടുത്തെ പത്രങ്ങൾക്ക് ചെയ്യാൻ കഴിയുമെങ്കിൽ അത് ശ്ലാഘനീയമാണ്. അമേരിക്കൻ കോൺഫ്രൻസുകൾ, സഭാ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിൽ നാട്ടിലെ പത്രങ്ങൾക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ വിറ്റ്നെസ്സിന് കഴിയും. അതുകൊണ്ട് അമേരിക്കയിലെ മലയാളി പെന്തക്കോസ്തു സമൂഹത്തിന് ഒരു പ്രിൻ്റ് മീഡിയ അതിവാര്യമാണ്.
സഭകൾ തമ്മിലും വ്യക്തികൾ തമ്മിലും അറിയാനും വാർത്തകൾ കൃത്യമായി വേഗത്തിൽ അവരിൽ എത്തിക്കാനും പ്രഗത്ഭരായ പത്രാധിപസമിതിക്ക് കഴിയും. ഒപ്പം തെറ്റിനെ ചൂണ്ടിക്കാട്ടിയും ശരിയെ പിന്താങ്ങിയും സഭയെ ശുദ്ധീകരീക്കാൻ ക്രിയാത്മകമായ ഒരു പത്രമായി പ്രവർത്തിക്കാനും വിറ്റ്നെസ്സിന് കഴിയട്ടെ എന്നാശംസിക്കുന്നു. ഈതിവീഴ്ത്തൽ,തള്ളി വീഴ്ത്തൽ , കാൽ വലിച്ചു നീട്ടൽ,വിശുദ്ധ ചിരി, വിശുദ്ധ കൊര, ശാപം മുറിക്കൽ, തുടങ്ങിയ പൈശാചിക ശുശ്രൂഷയ്ക്കെതിരെ പടവാളാകാൻ വിറ്റ്നെസിന് കഴിയണം. അതിന് കഴിവുള്ള വേദശാസ്ത്ര വിദഗ്ധർ ഇതിൻ്റെ ബോർഡിലുള്ളത് തെല്ല് പ്രതീക്ഷ നൽകുന്നു. ദുരുപദേശസംഘങ്ങളെ സഭാ മുറ്റത്തു പോലും കാൽ ചവുട്ടാൻ അനുവദിക്കാതിരുന്ന പിതാക്കന്മാരോട് അൽപമെങ്കിലും നീതി പുലർത്തണം. സഹജീവിക്ക് ക്രൈസ്തവചിന്തയുടെ വിജയാശംസകൾ.

കെ.എന്. റസ്സല്
(ചീഫ് എഡിറ്റര്, ക്രൈസ്തവചിന്ത)




