പിസിനാക്കിന് വൻ ജന സാന്നിദ്ധ്യം; ആരും സ്വയം വലുതാകാൻ ശ്രമിക്കരുത്, ദൈവം വലുതാക്കട്ടെ: റവ.സണ്ണി താഴാംപള്ളം

വലിയ ജനസാന്നിദ്ധ്യത്തോടെ പിസിനാക്കിന് സമാരംഭമായി. നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ കോൺഫ്രൻസ് ഉൽഘാടനം ചെയ്തു.

തുടർന്ന് പ്രസംഗിച്ച റവ: സണ്ണി താഴാംപള്ളം സ്വയം വലുതാകാൻ ആരും ശ്രമിക്കരുതെന്ന് ഉദ്ബോധിപ്പിച്ചു. ഉയർത്തുന്നത് ദൈവമാണ്. അതിനായി നാം കാത്തിരിക്കണം. അംഗീകാരങ്ങൾ സ്വാധീനിച്ച് വാങ്ങിയെടുക്കാൻ ശ്രമിക്കരുത്. അത് നമ്മെ തേടിയെത്തും. ദൈവമാണ് നമ്മെ ഉയർത്തുന്നത്. അതുപോലെ തന്നെ അനുഗ്രഹങ്ങളെകുറിച്ചുള്ള കാഴ്ചപ്പാടുകളിലും വൈരുദ്ധ്യമുണ്ട്. സൈക്കിളിൽ വന്നാൽ കാറിൽ പോകാമെന്ന പഠിപ്പിക്കലുകൾ വചനവിരുദ്ധമാണ്. 100 രൂപാ കാണിക്ക ഇട്ടാൽ പതിനായിരം കിട്ടുമെന്ന പഠിപ്പിക്കലുകളും വചനവിരുദ്ധമാണ്. അങ്ങനെ പ്രസംഗിച്ച് പാവങ്ങളിൽ നിന്ന് പണം അടിച്ചു മാറ്റിയ നവ കൂട്ടങ്ങൾ ഇന്ന് പരാജയത്തിൻ്റെ വക്കിലാണെന്നും താഴാംപള്ളം ഓർപ്പിച്ചു.

ദൈവീക അനുഗ്രഹങ്ങളിൽ പ്രധാനം നമ്മോടു കൂടെയുള്ള ദൈവ സാന്നിദ്ധ്യമാണ്. ദൈവം നമ്മെ സ്നേഹിക്കുന്നതും രക്ഷ തന്നതും കൃപ ലഭിച്ചതുമൊക്കെ അനുഗ്രഹങ്ങളാണ്. മറ്റുള്ളവരെയും ദൈവത്തെയും സ്നേഹിക്കാൻ കഴിയുന്നതും അനുഗ്രഹത്തിൻ്റെ വിവിധവശങ്ങളാണ്.

വൈരുദ്ധ്യം നിറഞ്ഞ വേർപാടിനെ കുറിച്ചുള്ള പഠിപ്പിക്കലുകളെയും അദ്ദേഹം പരാമർശിച്ചു. മീശ വയ്ക്കാതിരിക്കുന്നതാണ് ചിലർക്ക് വേർപാട്. സ്വർണ്ണം ധരിക്കാതിരിക്കുന്നതും വേർപാടാണ്. കളർ വസ്ത്രം ധരിച്ചാൽ വേർപാടിൻ്റെ ലംഘനമാകും. മദ്യം ഉപയോഗിക്കാതിരിക്കുന്നതും വേർപാട് തന്നെയാണ്. എന്നാൽ പുതിയ തലമുറ ഇതൊക്കെ തിരിച്ചുപിടിച്ചിരിക്കയാണ്. പക, പിണക്കം, ഭിന്നത ഉണ്ടാക്കൽ അസൂയ ഇതിൽനിന്നെല്ലാം നാം വേർപാട് പാലിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

നാഷണൻ സെക്രട്ടറി രാജു പൊന്നോലിൽ

പാസ്റ്റർ. കെ. പി. മാത്യു ഉൽഘാടന സമ്മേളനത്തിന് അദ്ധക്ഷത വഹിച്ചു. സജിമോൻ ജോർജ് സ്വാഗതം പറഞ്ഞു. ഡോ. സാബുവർഗ്ഗീസ്, ഫെയ്ത്ത് ബ്ലസ്സൻ എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച ആയിരങ്ങൾ പങ്കെടുക്കുന്ന സഭായോഗത്തോടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 39 -ാമത് പിസിനാക്കിന് സമാപനമാകും.

വാർത്ത: ബാബുക്കുട്ടി ജോർജ്കുട്ടി, ഫിലദെൽഫിയ