◾ ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സിറോ മലബാര്‍ സഭാ സിനഡിന്റെ സമവായ നിര്‍ദ്ദേശവും തള്ളി അല്മായ മുന്നേറ്റ സമിതി. ഇളവുകളോടെ ഏകീകൃത കുര്ബാനയെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും ജൂലൈ മൂന്നിന് ശേഷം സഭയില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് പോകുമെന്നും അല്മായ സമിതി വ്യക്തമാക്കി. നേരത്തെ ജൂലൈ മൂന്ന് മുതല്‍ എല്ലാ കുര്‍ബ്ബാനയും ഏകീകൃത കുര്‍ബ്ബാന വേണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചിരുന്നു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന് സിനഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളില്‍ ഇളവ് നല്‍കുമെന്നും സിനഡ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
എകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലറിനെതിരെ തൃശ്ശൂര്‍ അതിരൂപതയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കുര്‍ബാന ഏകീകരണത്തില്‍ വൈദികര്‍ക്കിടയില്‍ സര്‍വെ വേണമെന്ന് ആവശ്യപ്പെട്ട് വൈദികരുടെ കൂട്ടായ്മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിന്തുണയുമായി ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും രംഗത്തെത്തിയിരുന്നു.
◾ സംസ്ഥാനത്ത് ഇന്ന് മുതല്‍ വരും ദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ചുവപ്പു മുന്നറിയിപ്പും നല്കി. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വയും ബുധനും തീവ്രമഴ തുടരാനാണ് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി.
◾ യു .ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്-യുജിസി – നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
◾ നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി വില്‍ക്കുകയാണെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികള്‍ ഇതിലൂടെ ബുദ്ധിമുട്ടിലായിയെന്നും സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
◾ മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം വൈകും. ജാമ്യം നല്‍കിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയില്‍ വിധി പറയാന്‍ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് വ്യക്തമാക്കി. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയില്‍ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.
◾ പാര്‍ലമെന്ററി കീഴ്വഴക്കങ്ങള് ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി ജെ പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
◾ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉള്ള താത്കാലിക ഇടപെടല്‍ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു.
◾ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായില്‍ നിന്നായിരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരും നല്കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റേയും ഭരണത്തിന്റേയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര് കണ്ടില്ലെന്ന് നടിച്ചെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് തെരഞ്ഞെടുപ്പില്‍ സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കെ സി വേണുഗോപാല്‍. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
◾ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയില്‍ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കൊല്‍ക്കത്തയില്‍ വെച്ച് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
◾ പാലക്കാട് കെഎസ്യുവിലെ രാജി പ്രതിഷേധത്തില്‍ സംസ്ഥാന നേതൃത്വം അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി നിലവിലെ ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കും. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡന്റായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.
◾ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍, എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമര്‍ശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു
◾ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോട്ടും കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. രണ്ടു ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.
◾ സര്‍ക്കാര്‍ കരാറുകാര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക 15,000 കോടി രൂപ കടന്നു. ജലവിഭവ വകുപ്പില്‍ നിന്ന് മാത്രം 4000 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കരാറുകാര്‍.
◾ വാട്സ് ആപ്പ് വഴി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്പതിനായിരം രൂപ നഷ്ടമായത്.
◾ കയ്പമംഗലത്ത് സ്കൂള്‍ മാനേജര്‍ നിയമനത്തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കൂരിക്കുഴി എ.എം.യു.പി. സ്കൂള്‍ മാനേജര്‍ പ്രവീണ്‍ വാഴൂര്‍ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴ് പേര് നല്കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ മാനേജര്‍ ടീച്ചര്‍മാരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.
◾ കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
◾ ക്യാംപസ് നാടകത്തില്‍ രാമനെയും സീതയെയും അപമാനിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ട മുംബൈ ഐഐടിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് പിഴയടയ്ക്കാന്‍ നാടകം കളിച്ച എട്ടുവിദ്യാര്‍ത്ഥികളോട് ആവശ്യപെട്ടിരിക്കുന്നത്. പിഴ ആവിഷ്കാര സ്വാതന്ത്രത്തിനുനേരെയുള്ള കടന്നുകയറ്റമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന തരത്തില്‍ ക്യാംപസിലും സൈബറിടത്തിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് അച്ചടക്ക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.
◾ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളില്‍ നിന്നാണെന്ന് സിബിസിഐഡിയുടെ കണ്ടെത്തല്‍. ദുരന്തത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രഖ്യാപിച്ചു. ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
◾ തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നിയമസഭയില്‍ വ്യക്തമാക്കി. പ്ലക്കാര്‍ഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിന് അറിയിച്ചതോടെ തിരിച്ച് വിളിച്ചു. വിഷമദ്യ ദുരന്തത്തില്‍ മരണം 52 ആയി ഉയര്‍ന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണറിപ്പോര്ട്ടുകള് പൂഴ്ത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമര്‍ശനമുയര്‍ത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്കാന് ഉത്തരവിട്ടു.
◾ തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് തന്റെ അമ്പതാം പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാന്‍ കര്‍ശന നിയമം വേണമെന്ന് സൂപ്പര്‍ താരം സൂര്യയും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
◾ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വിള്ളല്‍. നവി മുംബൈയിലെ ഉല്‍വെയിലേക്കുള്ള റോഡിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ സേതു ഉദ്ഘാടനം ചെയ്തത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലം സന്ദര്‍ശിച്ച് വിള്ളലുകള്‍ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു.
◾ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
◾ ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം റെയില്‍വേ പൂര്‍ത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്.
◾ 12 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തത്.
◾ ഇന്ത്യന്‍ ഫുട്ബോള്‍ അധികാര മോഹികളുടെ കൈകളില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. അടുത്ത 20 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ നല്ല അവസ്ഥയില്‍ എത്താന്‍ സാധ്യതയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സ്റ്റിമാച്ച് പറഞ്ഞു. മതിയായ പിന്തുണയില്ലാതെ, കള്ളത്തരങ്ങള്‍ നിറഞ്ഞവരും സ്വകാര്യ താത്പര്യങ്ങളുള്ളവരുമായി മുന്നോട്ടുപോവുക സാധ്യമല്ലെന്നും തന്നെ നിശ്ശബ്ദനാക്കിയെന്നതാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ നേട്ടമെന്നും സ്റ്റിമാച്ച് കുറ്റപ്പെടുത്തി.
◾ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
◾https://dailynewslive.in/ യൂറോ കപ്പിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് യുക്രെയിന്. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ട് ഗോളടിച്ചാണ് യുക്രൈന് സ്ലൊവാക്യയെ തകര്‍ത്തത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് ഓസ്ട്രിയയുടെ ആധിപത്യം പ്രകടമാക്കിയത്. അതേസമയം കരുത്തരായ ഫ്രാന്‍സും നെതര്‍ലണ്ട്സും ഏറ്റുമുട്ടിയ മത്സരം ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. ഇരു ടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര് റൂം നിഷേധിച്ചത് നെതര്‍ലന്‍ഡ്സിനും തിരിച്ചടിയായി.




