പോരാളി ഷാജി എതിരാളി ? ; സോഷ്യൽ മീഡിയ പേജുകൾക്കെതിരെ പോലീസ് അന്വേഷണം

തിരുവനന്തപുരം: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടി.

കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണമെന്നായിരുന്നു ജയരാജന്റെ വെല്ലുവിളി.

”പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുന്നതാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്”, എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

ഇതിന് പിന്നാലെ എംവി ജയരാജനെതിരെ പോസ്റ്റുമായി പോരാളി ഷാജി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് ‘പോരാളി ഷാജി’യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെയായിരുന്നു പോരാളി ഷാജിയുടെ കുറിപ്പ്.

അതെ സമയം യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു.എകെജി സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സൈബര്‍ വിഭാഗം ഏറ്റവുമധികം പകര്‍ത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഎം ഇപ്പോള്‍ വിലയിരുത്തുന്നതെന്നും സുധാകരൻ പരിഹസിച്ചു.