സ്വപ്നങ്ങൾക്ക് മേൽ വീണ കരിനിഴലായ് അവർ എത്തുന്നു ചേതനയറ്റ ശരീരമായി; കേരളത്തിൻെറ നോവായ്

◾ സ്പെഷ്യൽ കറസ്പോണ്ടൻ്റ്’

വളരെയേറെ പ്രതീക്ഷകളും അതിലേറെ സ്വപ്നങ്ങളുമായാണ് അവർ ഗൾഫിലേക്ക് പോയത്.സ്വന്തം സ്വപ്നങ്ങൾക്കൊപ്പം ഓരോ കുടുംബത്തിന്റെയും ആകെ പ്രതീക്ഷകളും തോളിലേറ്റിയുള്ള യാത്രയായിരുന്നു അത്. കുഞ്ഞോമനകൾക്കുള്ള കളിപ്പാട്ടം അവരുടെ കരുതലായിരുന്നു. കെട്ടുറപ്പുള്ള മേൽക്കൂരയുള്ള ഒരു ഭവനം അവരുടെ സ്വപ്നമായിരുന്നു. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും പ്രായമായവരുടെ സംരക്ഷണവും അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ..

സ്വപ്നം കണ്ടുറങ്ങിയ മണ്ണിൽ നിന്നുള്ള മടക്കം

ചുട്ടുപൊള്ളുന്ന മണലരാണ്യത്തിൽ വിയർപ്പുതുള്ളികൾ ചാലിട്ടൊഴുകുമ്പോഴും നാട്ടിലെ ആ നല്ല നാളുകൾ അവർക്ക് കൂടുതൽ ഊർജ്ജം പകർന്ന് നൽകി.

എന്നാൽ പുലരും മുൻപേ ജോലി ക്ഷീണത്തിൽ ഉറക്കത്തിലായിരുന്നവരെ പൊടുന്നനെ അഗ്നിനാമ്പുകൾ നക്കിത്തുടച്ചു.ഒരു ഷോട്ട് സർക്യൂട്ട്.അതിൽ നിന്ന് വീണ തീപ്പൊരിമൂലം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.തീ ആളിപ്പടരാൻ അത് കാരണമായി.പലരും രക്ഷപെടാനുള്ള അതേ സാഹചര്യങ്ങളിൽ കോണിപ്പടികൾ മറ്റും കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്ന ദൃശ്യങ്ങൾ അതിദാരുണമായിരുന്നു.
തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരഞ്ഞ നിലയിലായിരുന്നു മനുഷ്യശരീരങ്ങൾ.

ഉറ്റവരുടെയും ഉടയവരുടേയും സ്വപ്നങ്ങൾക്ക് മേൽ വീണ ഇടിത്തിയിൽ മലയാളക്കരയ്ക്ക് മാത്രം നഷ്ടമായത് 23 ജീവനുകൾ.
യാത്ര പറഞ്ഞിടത്തേക്ക് തന്നെ അവർ മടങ്ങി എത്തുകയാണ്.ചേതനയറ്റ ശരീരമായി…നോവായി നൊമ്പരമായി കേരളത്തിൻെറ തീരാ വേദനയായി.

കുവൈറ്റിലെ അതിദാരുണമായ സംഭവത്തിൽ മരണം അൻപതായി ഇതിനോടകം ഉയർന്നു കഴിഞ്ഞു.ഇനിയുമാളുകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉണ്ടെന്നാണ് വിവരം.

കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് 10.30-തൊടെ നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും.

23 മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. കൊച്ചിയിലെത്തുന്ന മൃതദേഹം ആംബുലൻസ് മാർഗം അവരവരുടെ നാട്ടിലെത്തിക്കും. ഇതിനായി നോർക്കാ നിർദേശ പ്രകാരം ആംബലൻസുകൾ തയാറായി കഴിഞ്ഞു.

മരിച്ച അയൽ സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലാണ് എത്തുന്നത്. പിന്നീട് ഇവിടെ നിന്നും അതാതിടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക.
മരിച്ച മലയാളികളെ കൂടാതെ തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടേയും,ഒരു കർണാടക സ്വദേശിയുടെയും മൃതശരീരങ്ങളാണ് അല്പ സമയത്തിനുള്ളിൽ നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുക. അന്തിമോചാരങ്ങൾക്ക് ശേഷം അവരവരുടെ നാടുകളിലേക്ക് മൃതശരീരം കൊണ്ട് പോകും.

പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർ​ഗീസ്, മലപ്പുറം സ്വ​ദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ.

കഴിഞ്ഞദിവസം പുലർച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ‌ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്.

മരിച്ചവരിൽ ഏറെപ്പേരും മലയാളികളണെന്നത് കേരളത്തിൻെറ ദുഃഖത്തിൻെറ ആഴം വർദ്ധിപ്പിക്കുന്നു.