ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ സിപിഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. പ്രസിഡന്റായി കോൺഗ്രസ് അംഗം ആർ.രാജു മോനെ തിരഞ്ഞെടുത്തു.
ആകെയുള്ള 12 പഞ്ചായത്ത് അംഗങ്ങളിൽ ഔദ്യോഗിക പക്ഷത്തെ നാല് സിപിഎം അംഗങ്ങളും നാല് യുഡിഎഫ് അംഗങ്ങളും കൈകോര്ത്തതോടെയാണ് രാജുമോൻ പഞ്ചായത്ത് പ്രസിഡണ്ടായത്.
ആദ്യ ഒൻപതു മാസം രാജുമോനും അടുത്ത ഒൻപതുമാസം കേരള കോൺഗ്രസിലെ ബെന്നി സേവ്യറും പദവി പങ്കിടും. ഷീനാ റെജപ്പനും സോളി ആന്റണിക്കുമാണ് ഒൻപതുമാസം വീതം വൈസ് പ്രസിഡന്റു സ്ഥാനം ലഭിക്കുക.
വിപ്പ് ലംഘിച്ചാണ് സിപിഎം അംഗങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. സിപിഎം വിമത നേതാവ് ആർ.രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസുമായി ചേർന്ന് സിപിഎം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ നേരത്തെ അവിശ്വാസം കൊണ്ടുവന്നിരുന്നു.
അവിശ്വാസത്തിലൂടെ സിപിഎം അംഗങ്ങളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർ പുറത്തായി. കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകാം എന്ന ധാരണയിലായിരുന്നു ഈ നീക്കം. തിരഞ്ഞെടുപ്പിൽ സിപിഎം അംഗങ്ങൾ ആ വാക്ക് പാലിച്ചു. രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഎം വിമതപക്ഷം ആരോപിച്ചു. അതേസമയം, വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി ലോക്കൽ സെക്രട്ടറി പറഞ്ഞു.
ബുധനാഴ്ച വൈകി സി.പി.എം. ജില്ലാ കമ്മിറ്റി പഞ്ചായത്തംഗങ്ങൾക്ക് വിപ്പു നൽകിയിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്ക് ബിൻസ് ജോസഫിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മോൾജി രാജേഷിനെയും പിന്തുണയ്ക്കണമെന്നാണ് എട്ടംഗങ്ങൾക്കും വിപ്പു നൽകിയത്. ലോക്കൽ കമ്മിറ്റി നിർദേശിച്ച രണ്ടുപേരുകളിൽനിന്ന് ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്തവരാണിവർ.
സി.പി.എം. ഔദ്യോഗികപക്ഷം വിപ്പ് ലംഘിക്കുകയും വിമതർ വിപ്പ് പാലിക്കുകയും ചെയ്ത വിചിത്രമായ സംഭവവികാസത്തിനാണ് രാമങ്കരി സാക്ഷ്യം വഹിച്ചത്. കാൽ നൂറ്റാണ്ടിലധികമായി സിപിഎം ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്താണ് ഒടുവിൽ വിമത പക്ഷത്തെ പുറത്താക്കാനായി സിപിഎമ്മിന് കോൺഗ്രസിന് നൽകേണ്ടി വന്നത്. കുട്ടനാട്ടിലെ വിമതപക്ഷ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ആർ.രാജേന്ദ്ര കുമാർ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സിപിഐയിൽ ചേർന്നിരുന്നു. പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കുട്ടനാട്ടിൽ 200-ൽ അധികം പാർട്ടി അംഗങ്ങളാണ് സിപിഎം വിട്ട് സിപിഐയിൽ ചേർന്നത്. കൂടുമാറ്റത്തിന് പിന്നിൽ വിമത നേതാവ് ആർ.രാജേന്ദ്രകുമാർ ആണെന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
=====




