◾ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.
◾ 100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് നന്ദി പറഞ്ഞ് കേരളം. മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിനു നല്‍കിയ സഹായ വാഗ്ദാനത്തിനു മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികള്‍ തയാറാക്കുകയാണെന്നും സഹായങ്ങള്‍ തുടരണമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടകയുടെ സഹായ വാഗ്ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ദുഷ്ടലാക്കോടെയുള്ളതാണെന്നും പ്രതികരിച്ചു. 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്ദാനം.
◾ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്.
◾ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷന്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.
◾ കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എന്‍.വി റാഷിദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
◾ വയനാട് ദുരന്തം സര്‍ക്കാറിന്റെ കണക്കുകള്‍ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടി. 14 കുട്ടികള്‍ അനാഥരായി എന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാര്‍ട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾ കണ്ണൂരില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ദുബായില്‍ നിന്ന് എത്തിയ മറ്റൊരാള്‍ക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു.
◾ ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് ആണ് പിടിയിലായത്.
◾ കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പിട്ടു.കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന.
◾ ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ‘വ്യാജ കളക്ടര്‍’ പിടിയില്‍. മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 -കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുനാവായ വൈരങ്കോട് സ്വദേശിയാണ്.
◾ മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാന്‍ഡോ ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും.അദ്ദേഹം അവശ്യപ്പെട്ടു.
◾ സി.ഐ.സി മുന്‍ ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് സമസ്ത. കേന്ദ്ര മുശാവറ അംഗം സലാം ബാഖവി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ഹക്കീം ഫൈസിയുടെ പ്രസംഗങ്ങള്‍ അങ്ങനെയാണെന്നും സിഐസി യുടെ പ്രവര്‍ത്തനങ്ങളെ സ്വതന്ത്രമാക്കാന്‍ ശ്രമമുണ്ടായെന്നും ബാഖവി കുറ്റപ്പെടുത്തി.
◾ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവന്‍ നമ്പൂതിരി അന്തരിച്ചു. 73 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ഒല്ലൂര്‍ പട്ടത്തുമനയ്ക്കല്‍ കുടുംബാംഗമാണ്. 45 കൊല്ലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. ദില്ലിയില്‍ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
◾ നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ലഹരി വേട്ട. പൊതുവിപണിയില്‍ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമില്‍ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്‌കാരം നേടിയ തുളസി ഗൗഡ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ.
◾ പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങള്‍ കിട്ടാതിരുന്ന ഷിന്‍ഡെ വിഭാഗം ശിവസേന അഞ്ച് വര്‍ഷക്കാലയളവ് വിഭജിച്ച് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വര്‍ഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതെ അതൃപ്തരായ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ ‘പലസ്തീന്‍’ എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. മാസങ്ങളായി ഗസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.
◾ യാചകരെ നിരത്തുകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നീക്കം. ജനുവരി ഒന്നുമുതല്‍ ഇത്തരത്തില്‍ കേസെടുത്ത് തുടങ്ങുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
◾ ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധി എം.പി.യുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പാക് സൈന്യം കീഴടങ്ങുന്ന ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി ഇത് യുദ്ധത്തില്‍ മരിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി.
◾ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കടുത്ത വാക്പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് രൂക്ഷമായ ഏറ്റുമുട്ടലിന് സഭ സാക്ഷ്യംവഹിച്ചത്. ഭരണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടന കത്തിച്ചവരാണ് ഇവരെന്നും അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും ഖാര്‍ഗെ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
◾ 2014-15 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാണിജ്യ ബാങ്കുകള്‍ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 6.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി പറയുന്നു.
◾ യുഎഇയിലെ ഖോര്‍ഫക്കാനിലുണ്ടായ ബസ് അപകടത്തില്‍ 9 മരണം. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
◾ ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു.
◾ സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനുപിന്നാലെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
◾ ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട ദ്വീപസമൂഹം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നയിടമാണ്.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.



