അതിദാരുണം; ഇരുട്ടിൽ മറഞ്ഞുനിന്ന കാട്ടാന യുവാവിനെ മരത്തിലടിച്ച് കൊന്നു

കൊച്ചി: ബസിറങ്ങി വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. യുവാവിനെ ആന മരത്തിലടിച്ച് കൊലപ്പെടുത്തിയതായാണ് വിവരം. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി എൽദോസ് വർഗീസ്( 45)ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മൂന്നുദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം. കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്.

എൽദോസിനെ ആന മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകൾ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നിൽക്കുന്നത് എൽദോസ് കണ്ടിരുന്നില്ല. കോതമംഗലത്ത് അരങ്ങേറിയ ജനകീയ പ്രതിഷേധം പുലർച്ചെ രണ്ടുമണിയ്ക്കാണ് അവസാനിച്ചത്.

കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. നിലവിൽ കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കന്നത്. രാത്രി ഏറെ നേരം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മൃതദേഹം സ്ഥലത്ത് നിന്നും മാറ്റാൻ തയ്യാറായത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനല്‍കും.
————