ചരിത്രമെഴുതി ചൈന ! ചന്ദ്രന്റെ മറുവശത്തെ ശിലകള്‍ ഭൂമിയിലെത്തിച്ച്‌ ‘ചാങ്‌അ-6’ പേടകം

ചന്ദ്രനിലെ പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളുമായി ചൈനീസ് പേടകമായ ചാങ്‌അ-6 ഭൂമിയില്‍ തിരിച്ചിറങ്ങി. ഭൂമിയില്‍നിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്റെ മറുഭാഗത്ത് നിന്നുള്ള സാമ്പിളുകളാണ് ചാങ്‌അ-6 ദൗത്യത്തിലൂടെ ചൈന ആദ്യമായി ഭൂമിയില്‍ എത്തിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയൻ മേഖലയിലാണ് പേടകം ഇറങ്ങിയത്. 25 ലക്ഷം പഴക്കമുള്ള അഗ്നിപർവത ശിലകള്‍ ഉള്‍പ്പടെയുള്ള സാമ്ബിളുകള്‍ ഇക്കൂട്ടത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. ചന്ദ്രന്റെ രണ്ട് വശങ്ങളും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് പഠിക്കാൻ ഇതുവഴി സാധിക്കും.

യുഎസിന്റെയും റഷ്യയുടെയും ചാന്ദ്ര ദൗത്യങ്ങള്‍ മുമ്പ്‌ ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ഭൂമിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണുന്ന വശത്ത് നിന്നുള്ളവയാണ്. ഭൂമിയില്‍ നിന്ന് കാണുന്ന ചന്ദ്രന്റെ ഭാഗം താരതമ്യേന പരന്നുകിടക്കുന്നതാണ്. എന്നാല്‍ അഗ്നിപർവതങ്ങളും അനവധി ഉല്‍ക്കാ പതന ഗർത്തങ്ങളും നിറഞ്ഞ മേഖലയാണ് മറുവശം. ചൈനയാണ് ആദ്യമായി മറുവശത്ത് നിന്നുള്ള സാമ്ബിള്‍ ശേഖരിച്ചത്.

ചൈനയുടെ ആറാം ചാന്ദ്ര ദൗത്യമായ ചാങ്‌അ-6 മെയ് 2024 മെയ് മൂന്നിനാണ് വിക്ഷേപിച്ചത്. ജൂണ്‍ ഒന്നിന് പേടകം ചന്ദ്രനിലിറങ്ങി. രണ്ട് ദിവസം നീണ്ട സാമ്പിള്‍ ശേഖരണത്തിനൊടുവിലാണ് ജൂണ്‍ നാലിന് പുലർച്ചെ പേടകം ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് തിരിച്ചത്. മൂന്നാഴ്ച നീണ്ട യാത്രയ്ക്കൊടുവിലാണ് ഇന്ന് പേടകം ഭൂമിയില്‍ ഇറങ്ങിയത്. 56 ദിവസങ്ങളെടുത്താണ് ചാങ്‌അ-6 ദൗത്യം പൂർത്തിയാക്കിയിരിക്കുന്നത്.

നേരത്തെ ചാങ്‌അ-5 ദൗത്യത്തില്‍ ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണുന്ന ഭാഗത്തെ സാമ്പിളും ചൈന ശേഖരിച്ചിരുന്നു.