കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു ; 31 മരണം, 406 പേര്‍ ചികിത്സയില്‍

കോംഗോയില്‍ അജ്ഞാതരോഗം പടർന്ന് പിടിക്കുന്നു. രോഗബാധിതരായി ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

കുട്ടികളാണ് കൂടുതലും മരണപ്പെട്ടത്. ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ളതാണ് ഈ അജ്ഞാത രോഗം. കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍. പിന്നീട് സ്ഥിതി വഷളാവുകയും മരണപ്പെടുകയുമാണ്.

രോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഒരു വിദഗ്ധ വൈദ്യസംഘത്തെ ലോകാരോഗ്യ സംഘടന കോംഗോയിലേക്ക് അയച്ചിട്ടുണ്ട്. നവംബർ 10 നും 25 നുമിടയില്‍ കോംഗോയിലെ പാൻസി ഹെല്‍ത്ത് സോണിലാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സയുടെ അഭാവം മൂലം നിരവധി രോഗികള്‍ അവരുടെ വീടുകളില്‍ തന്നെ മരണപ്പെടുകയായിരുന്നു.

രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൊന്നായ കോംഗോയില്‍ തലവേദയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിത്സതേടിയെത്തിയത് 406 പേരാണ്. അതില്‍ 31 പേര്‍ വ്യത്യസ്ത ദിവസങ്ങളിലായി മരണമടയുകയായിരുന്നു. മരണനിരക്ക് വര്‍ധിക്കുകയും രോഗം നിര്‍ണയിക്കപ്പെടാന്‍ സാധിക്കാതെയാവുകയും ചെയ്ത സാഹചര്യത്തിലാണ് കോംഗോയിലെ ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചത്.