വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുകയാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണെന്നും അമിത് ഷാ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നും കൂടുതല്‍ വിനിയോഗ സാധ്യത ഉള്ള അധിക സഹായം ആണ് വയനാടിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാന്‍ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര. നിലവിലെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബര്‍ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മല്‍ഹോത്രയെ നിയമിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മല്‍ഹോത്ര. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം പകപോക്കല്‍ നടപടി തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സ്മാര്‍ട്ട് സിറ്റി പദ്ധതി നിന്നു പോകില്ലെന്നും ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞു വിടല്‍ അല്ല ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

◾ കേരളത്തില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങി ബിജെപി. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പറേഷനും 250 പഞ്ചായത്തുകളും പിടിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. ഈ വിജയങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പത്തുലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുക.

◾ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും. ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.

◾ വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ജോലിയില്‍ പ്രവേശിച്ച വാര്‍ത്ത പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ആരും ഒറ്റപ്പെട്ടു പോകരുത് എന്ന കരുതലാണ് അതിജീവനത്തിന്റെ ഉന്നതമായ മാതൃകകള്‍ തീര്‍ക്കുന്നതെന്നും ശ്രുതി ഒരിടത്തും ഒറ്റപ്പെട്ടുപോകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതാണെന്നും ശ്രുതി ജോലിയില്‍ പ്രവേശിച്ചതോടെ ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

◾ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വെഞ്ഞാറമൂടില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

◾ 63-ാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് കലോത്സവം നടത്തും. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾ 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

◾ കായംകുളത്ത് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന കരീലക്കുളങ്ങര മാളിയേക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജന്‍ കളത്തില്‍ വീണ്ടും സിപിഎമ്മില്‍. കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ ഇദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. തെറ്റിദ്ധാരണയുടെ പുറത്താണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഇനി സിപിഎമ്മില്‍ തന്നെ സജീവമായി ഉണ്ടാകുമെന്നും രാജന്‍ പറഞ്ഞു.

◾ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ നടപടി. ചുട്ടിപ്പാറ നഴ്സിങ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സീതത്തോട് കോളേജ് പ്രിന്‍സിപ്പലായിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കു മാറ്റി നിയമിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കേസില്‍ ജാമ്യത്തിലാണിപ്പോള്‍.

നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം. പ്രഫസര്‍ സജി കേസിലെ പ്രതികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റല്‍ മുറിയില്‍ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിന്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്.

◾ അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് എതിരെയുള്ള തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

◾ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരില്‍നിന്ന് എസ്.എസ്.എല്‍.സിയും പത്തു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കായുള്ള 29% ക്വാട്ടയില്‍ അധികയോഗ്യതയുള്ളവരെ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് നോട്ടീസ്.

◾ 1991-ലെ ആരാധനാലയ നിയമം റദ്ദാക്കുന്നതിനെതിരെ സി.പി.എം സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം ഇന്ത്യയുടെ മതേതര അടിത്തറ സംരക്ഷിക്കുന്നതാണെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ സി.പി.എം. ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

◾ സംവരണം മതാടിസ്ഥാനത്തില്‍ ആകരുത് എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. 2010- ന് ശേഷം ബംഗാളില്‍ തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

◾ മുംബൈയിലെ കുര്‍ളയില്‍ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.50-ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

◾ മണിപ്പുര്‍ കലാപത്തില്‍ കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ സ്വത്തുക്കളുടെ സ്ഥിതിവിവര കണക്കും പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടികളും വിശദീകരിക്കാന്‍ മണിപ്പുര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ചിന്റെതാണ് നിര്‍ദേശം. അക്രമം തടയുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുന്നതിനുമാണ് സംസ്ഥാനത്തിന്റെ പ്രഥമ പരിഗണനയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

◾ രാജ്യസഭാ ചെയര്‍മാര്‍ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തില്‍ എത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾ തമിഴ്നാട് സര്‍ക്കാരിന്റെ കലൈഞ്ജര്‍ മഗളിര്‍ ഉരിമൈ തോഗെയ് പദ്ധതിയില്‍ നിന്ന് 1.27 ലക്ഷം സ്ത്രീകള്‍ പുറത്തായി. കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച പദ്ധതിയില്‍ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം ആണ് ലഭിച്ചിരുന്നത്. ഏറിയ പങ്കും ഗുണഭോക്താക്കള്‍ പുറത്തായത് മരണത്തെ തുടര്‍ന്നാണെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

◾ ഒഡിഷയിലെ ബാലികുഡയിലെ 252 അംഗനവാടികളില്‍ വിതരണം ചെയ്തത് പുഴുക്കളും ക്ഷുദ്ര ജീവികളും ഓടി നടക്കുന്ന ഗോതമ്പും ഛത്വ മാവും. പ്രത്യേക പോഷകാഹാര പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പോരായ്മകളേക്കുറിച്ച് പരാതി പതിവാകുമ്പോഴാണ് ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കാനാവാത്ത ഉത്പന്നങ്ങള്‍ അംഗനവാടികളിലേക്ക് വീണ്ടുമെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്തും.

◾ പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ – മുഖ്യമന്ത്രി സംഘര്‍ഷത്തിന് മഞ്ഞുരുക്കം. ഒരിടവേളയ്ക്കുശേഷം മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാല്‍ മണിക്കൂറോളം ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിന്റെ സൂചനകള്‍ പ്രകടമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ യുഎസിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ യൂണിറ്റ് സിഇഒ ബ്രയന്‍ തോംസണിന്റെ കൊലയാളി എന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെന്‍സില്‍വേനിയയിലെ ആല്‍ട്ടൂണ എന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഈയാളുടെ പക്കല്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന തോക്കും, വ്യാജരേഖകളും കണ്ടെടുത്തു.

◾ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായകമായ 12-ാം റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിനെ പരാജയപ്പെടുത്തി ചൈനയുടെ ഡിങ് ലിറന്‍. ഇതോടെ ഇരുവരും പോയിന്റില്‍ 6-6 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു.