ദമാസ്‌കസ്: വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിട്ട ബാഷര്‍ അസദിന്റെ വിമാനം എവിടെയാണെന്ന ചോദ്യം ഉയരുന്നു. പ്രസിഡന്റ് പോയ വിമാനം തകര്‍ന്നു വീഴുകയോ വെടിവെച്ചിടുകയോ ചെയ്‌തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. റഡാറില്‍ നിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു.

വിമാന സ്‌പോര്‍ട്ടിങ് സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം സിറിയന്‍ എയര്‍ വിമാനക്കമ്പനിയുടെ ഇല്യൂഷിന്‍ 2-76 ടി എന്ന വിമാനം ദമാസ്‌കസ് വിമാനത്താവളത്തില്‍ നിന്നാണ് പ്രസിഡന്റുമായി പറന്നുയര്‍ന്നത്. സിറിയയുടെ തീരമേഖലയിലേയ്ക്ക് നീങ്ങുന്നത് റഡാറില്‍ വ്യക്തമാകുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് വിമാനം എതിര്‍ ദിശയിലേയ്ക്ക് മാറുകയും മിനിറ്റുകള്‍ക്കുള്ളില്‍ ഹോംസ് നഗരത്തിന് സമീപം റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. വിമാനം വെടിവെച്ചിട്ടതാണെന്നും എഞ്ചിന്‍ തകരാറിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും സിറിയ നടത്തിയിട്ടില്ല.
വടക്കുപടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അസദിന്റെ പതനത്തിന് കാരണമായത്. ഇതോടെ ഔദ്യോഗിക സേനാവിഭാഗം പെട്ടെന്ന് തകര്‍ന്നു. അസദിന്റെ സഖ്യകക്ഷികളായ റഷ്യയും ഇറാനും യുദ്ധത്തില്‍ വ്യാപൃതരായി. സിറിയയുടെ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ഇവര്‍ വിമുഖത കാണിക്കുകയും ചെയ്തു.
രാജ്യം വിട്ടതിന് പിന്നാലെ ബഷാർ അൽ അസദിനന്റെ കൊട്ടാരം കൊള്ളയടിക്കപ്പെട്ടു. പ്രസിഡന്റ് ബഷാർ അൽ അസദിന്റെയും പിതാവ് ഹാഫിസ് അൽ അസദിന്റെയും പ്രതിമകൾ തകർക്കപ്പെട്ടു. വിമതസംഘമായ എച്ച് ടി എസ് ദമാസ്‌കസിൽ കർഫ്യൂ പ്രഖ്യാപിച്ചു. രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് എവിടെയെന്നതിനെപ്പറ്റി സൂചനകളില്ല. അസദിന്റെ വിമാനം വെടിവച്ചിട്ടതായും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സിറിയയിലുള്ള റഷ്യൻ സൈന്യത്തിന് നിലവിൽ ഭീഷണിയില്ലെന്ന് റഷ്യ അറിയിച്ചു.
ഭരണസ്ഥാപനങ്ങൾ ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയയുടെ ഭരണം അൽ അസദിന്റെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് എച്ച് ടി എസ് കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി അറിയിച്ചു. സിറിയയിലേത് അപകടകരമായ സംഭവവികാസമാണെന്ന് ഖത്തർ, സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അസദിന്റെ പലായനത്തെ തുടർന്ന് ദമാസ്‌കസിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ആഘോഷങ്ങൾ ആരംഭിച്ചു. ബഷാർ അൽ അസദിന്റെ അടിച്ചമർത്തൽ നടപടികളെ തുടർന്ന് രാജ്യം വിട്ട പലരും തിരിച്ചെത്താനുള്ള നീക്കത്തിലാണ്.
13 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷമാണ് അൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിന് സിറിയയിൽ അന്ത്യമായത്. 1971ൽ സിറിയയിൽ അധികാരത്തിലേറിയ പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000-ലാണ് നേത്രരോഗവിദഗ്ധനായ ബഷർ അൽ അസദ് സിറിയൻ പ്രസിഡന്റാകുന്നത്. അറബ് വസന്തത്തെ തുടർന്ന്, സിറിയയിൽ 2011 മാർച്ചിലാണ് പ്രസിഡന്റ് ബാഷർ അൽ അസദിന്റെ രാജിയ്ക്കായുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമായത്.



