വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ മുനമ്പത്തെ സമരം നടക്കുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ദാനം കൊടുത്ത സമയത്ത് ആളുകള്‍ താമസിക്കുന്ന ഭൂമിയാണിതെന്നും അങ്ങനെയുള്ള ഭൂമി വഖഫായി നല്‍കാനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ ആലപ്പുഴ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ 11 പേരുണ്ടായിരുന്നതായാണ് വിവരം. പരിക്കറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയില്‍ കാഴ്ച അവ്യക്തമായതും റോഡില്‍ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നു.

◾ സംസ്ഥാനത്ത് കനത്ത മഴ. അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

◾ തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ അറിയിച്ചു .

◾ സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററികമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

◾ കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നടത്തിയ സ്ഥിരനിയമനം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകള്‍ തിരികെ നല്‍കാന്‍ മാത്രമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും, പൊതുവിദ്യാഭ്യാസ ഡയക്ടര്‍ അപ്രകാരം സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും മന്ത്രി വിശദീകരണം നല്‍കി.

◾ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്.സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.

◾ ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ. കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എം പി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സുധാകരന്‍ പറഞ്ഞു.

◾ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിലുള്ള പള്ളികള്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ഒരു വിഭാഗത്തിന് കൈമാറുന്നത് സഭാതര്‍ക്കം പരിഹരിക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്ന് കേരളം സുപ്രീം കോടതിയില്‍. ഓര്‍ത്തഡോക്സ് -യാക്കോബായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പള്ളികളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

◾ ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായി റോമിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യര്‍ ആശയ വ്യത്യാസങ്ങളുടെ പേരില്‍ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍, പാരസ്പര്യത്തിന്റെയും സഹവര്‍ത്തത്തിന്റെയും സന്ദേശം പകരുന്ന ഓരോ കൂടിക്കാഴ്ചയും പവിത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

◾ പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ പണം എത്തിച്ചെന്ന പരാതിയിലാണ് തെളിവ് കണ്ടെത്താനാകാഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ട്രോളി ബാഗ് വിവാദത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നല്‍കിയത്. വിവാദത്തില്‍ തുടര്‍ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി പറഞ്ഞു.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ പെട്ടി നാടകം പൊളിഞ്ഞെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രി എംബി രാജേഷും അളിയനും നടത്തിയ നാടകമാണിതെന്ന് രൂക്ഷഭാഷയില്‍ പ്രതികരിച്ച വി ഡി സതീശന്‍ എംബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

◾ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എമ്മും ബി.ജെ.പിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് പാലക്കാട്ടെ നിയുക്ത എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. പെട്ടിക്കകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങളെ താന്‍ അഭിവാദ്യം അറിയിക്കുകയാണെന്നും ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറിച്ചായിരുന്നെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു .

◾ കരുവന്നൂര്‍ കേസില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സിനും എതിരായ ഇഡി ആരോപണങ്ങളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഇ ഡി ആരോപിക്കുന്നതു പോലുള്ള കുറ്റകൃത്യം ഇവര്‍ ചെയ്തതായി കരുതാന്‍ ന്യായമായ കാരണമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇഡി യുടെ വാദവും പ്രതികളുടെ മറുപടിയും വിലയിരുത്തിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം.

◾ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പില്‍ ഹാജരായി മാതാപിതാക്കള്‍ മൊഴി നല്‍കി . മകള്‍ക്ക് സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നല്‍കിയെന്ന് അച്ഛന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രിന്‍സിപ്പലിന് വീഴ്ച പറ്റിയെന്നും മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അച്ഛന്‍ സജീവ് വ്യക്തമാക്കി.

◾ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് കല്‍പ്പറ്റ സിഐ കെജെ വിനോയ് നല്‍കിയ പരാതിയില്‍ വയനാട്ടിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയലിനെതിരെ പൊലീസ് കേസ്. ദൈവം ആയുസ് തന്നിട്ടുണ്ടെങ്കില്‍ മോനേ വിനോയ് തന്നെ വിടത്തില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ സഹായം നല്‍കുന്നില്ലെന്ന് ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ കല്‍പ്പറ്റ സിഐ പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. നേതാക്കളെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചത് സിഐയുടെ നിര്‍ദേശപ്രകാരമാണെന്ന പരാതി പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റിക്ക് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചു.

◾ കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

◾ അര്‍ത്തുങ്കല്‍ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ചേര്‍ത്തല കുറ്റിക്കാട് സ്വദേശി നിഷ (39) ആണ് മരിച്ചത്. ദേശീയപാത നിര്‍മാണ കമ്പനിയുടെ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

◾ തൃശ്ശൂരില്‍ നാലര കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മറ്റം ചേലൂരില്‍ വാടക വീട്ടില്‍ നിന്നും നാലര കിലോഗ്രാം കഞ്ചാവുമായി, പാലുവായ് സ്വദേശിയായ അമ്പലത്തു വീട്ടില്‍ മുബീര്‍ (31) എന്നയാളെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

◾ കഴക്കൂട്ടത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സഹീര്‍ ഷായും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

◾ തമിഴ്നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

◾ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള യാത്ര ദുരിതപൂര്‍ണമായി. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.

◾ ഗുജറാത്തിലെ ബിജെപി പ്രാദേശിക വനിതാ നേതാവ് ജീവനൊടുക്കിയ നിലയില്‍. സൂറത്തിലെ വാര്‍ഡ് 30ല്‍ ബിജെപിയുടെ മഹിളാ മോര്‍ച്ചാ നേതാവായിരുന്ന 34 കാരി ദീപിക പട്ടേലാണ് മരിച്ചത്. തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് സഹപ്രവര്‍ത്തകരോട് ദീപിക പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

◾ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ബര്‍ഗര്‍ കിങ്’ പൂനെയിലെ റസ്റ്റോറന്റിനെതിരെ നടത്തുന്ന ട്രേഡ് മാര്‍ക്ക് നിയമ യുദ്ധത്തില്‍ ഇടക്കാല വിധി. ബര്‍ഗര്‍ കിങ് എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പൂനെയിലെ റസ്റ്റോറന്റിനെ താത്കാലികമായി തടയുന്ന വിധിയാണ് ബോംബൈ ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചത്. കേസില്‍ വാദം കേട്ട് തീര്‍പ്പാക്കും വരെ താത്കാലിക വിലക്ക് തുടരും.

◾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലേത് ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ ചര്‍ച്ച നടത്തും. വോട്ടിങ് യന്ത്രത്തിനു പകരം, കമ്മിഷനെ തന്നെ പ്രതിക്കൂട്ടിലാക്കി ദേശവ്യാപക പ്രചാരണത്തിനു കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെയാണിത്.

◾ ഭരണഘടനയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 13,14 തീയതികളില്‍ ലോക്സഭയിലും 16,17 തീയതികളില്‍ രാജ്യസഭയിലും ചര്‍ച്ച നടത്തും. ഇന്ന് മുതല്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

◾ ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് സി.പി.ഐ. സഖ്യത്തിലെ വലിയ പാര്‍ട്ടികള്‍ ഇടത് പാര്‍ട്ടികളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പോലും പ്രതീക്ഷിച്ചത് പോലെയായിരുന്നില്ലെന്നും അതൃപ്തി ഇതിനോടകം തന്നെ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും ഡി.രാജ വ്യക്തമാക്കി.

◾ ദില്ലിയിലെ മലിനീകരണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി സമന്‍സ് അയച്ചു. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

◾ ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍. പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നോയിഡയിലേയും മറ്റ് പ്രദേശങ്ങളിലേയും വികസനത്തിനായി കര്‍ഷകരുടെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പത്തുശതമാനം വിഹിതം തിരിച്ചുനല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

◾ റുവാണ്ട ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്ലീഡിങ് ഐ വൈറസ്, എം.പോക്‌സ്, ഒറോപൗഷെ എന്നീ മാരക രോഗങ്ങള്‍ പടരുന്നു. ബ്ലീഡിങ് ഐ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബര്‍ഗ് രോഗം ബാധിച്ച് പതിനഞ്ച് പേര്‍ ഇതിനകം മരിച്ചതായും നൂറിലേറെ ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എബോള വൈറസ് ജനുസ്സില്‍പ്പെട്ട, വളരെ പെട്ടന്ന് വ്യാപിക്കുന്ന, മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്.

◾ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായിയും പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായിയാണ് വരന്‍. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം.