സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ റഷ്യ മേഖലയില്‍ വ്യോമാക്രമണം നടത്തി.
അലെപ്പൊയുടെ പടിഞ്ഞാറൻ പ്രദേശത്ത് ബുധനാഴ്ച കടന്നുകയറിയ വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സിറിയൻ സൈന്യത്തെ സഹായിക്കാൻ റഷ്യൻ നീക്കമുണ്ടായത്.നാലുദിവസത്തിനിടെ മേഖലയില്‍ ഏറ്റുമുട്ടലില്‍ 20 സാധാരണക്കാർ ഉള്‍പ്പെടെ മുന്നോറോളം പേർ കൊല്ലപ്പെട്ടെന്ന് ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
വ്യോമാക്രമണത്തില്‍ 200 ഭീകരരെ വധിച്ചതായി റഷ്യ പ്രതികരിച്ചു. വിമതരും സിറിയൻ സൈന്യവും ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അല്‍ഖായ്ദയുടെ നിഴല്‍സംഘടന ഹയാത് താഹ്രിർ അല്‍ഷാമും മറ്റ് തീവ്രമതമൗലിക സംഘടനകളുമാണ് ബുധനാഴ്ച അപ്രതീക്ഷിതമായി അലെപ്പോയിലേക്ക് ഇരച്ചുകയറിയത്. വിമതഭീകരർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ മേഖലയില്‍ നിന്ന് പിന്മാറിയതായി സിറിയൻ സൈന്യം അറിയിച്ചിരുന്നു.
പിന്നാലെയാണ് റഷ്യൻ വ്യോമാക്രമണമുണ്ടായത്. 2016നുശേഷം ആദ്യമായാണ് പ്രദേശത്ത് റഷ്യൻ ഇടപെടലുണ്ടായത്. അലെപ്പോയിലേക്കുള്ള എല്ലാപ്രധാന പാതകളും വിമാനത്താവളങ്ങളും അടച്ചു.



