അണകെട്ട് ഭൂമിയുടെ ഭ്രമണവേഗത കുറച്ചു; ഞെട്ടൽമാറാതെ ശാസ്ത്രലോകം

വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മനുഷ്യരുണ്ടാക്കിയ അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗം വരെ കുറച്ചുവെന്ന് ശാസ്ത്രലോകം. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുള്ള യാങ്‌സി നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ടാണ് ഭൂമിയുടെ ഭ്രമണവേഗം 0.06 മൈക്രോ സെക്കന്‍ഡ് കുറച്ച് ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോര്‍ജസ്.

സമുദ്രനിരപ്പില്‍ നിന്ന് 175 മീറ്റര്‍ ഉയരത്തിലാണ് അണക്കെട്ടിലെ വെള്ളമുള്ളത്. ഇതിന് 39 ലക്ഷം കോടി കിലോഗ്രാം ഭാരമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമുദ്രനിരപ്പിന് മുകളിലുള്ള വെള്ളത്തിന്റെ ഭാരം ഭൂമിയുടെ ജഡത്വം വര്‍ധിപ്പിക്കുന്നതാണ് ഭ്രമണവേഗം കുറയാന്‍ കാരണം. 40 ബില്ല്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഈ ഡാമിലുള്ളത്.

പ്രകൃതിദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനവുമൊക്കെ കാരണം ഭൂമിയുടെ ഭ്രമണം ഇടയ്ക്കിടെ വ്യത്യാസപ്പെടുന്നതായി നാസ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലമാണ് കടലിലെ തിരകളെ സ്വാധീനിക്കുന്നത്. ചന്ദ്രന്‍ ഭൂമിയെ വലംവെയ്ക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ വലിവ് മൂലം തിരകളുടേയും കടല്‍ജലത്തിന്റേയും ദിശയും മാറുന്നുണ്ട്. ഇതിന്റെ ഫലമായുണ്ടാവുന്ന പ്രതിഭാസത്തെ ബ്രേക്കിങ് ഇഫക്ട് എന്നാണ് വിളിക്കുന്നത്. അത് ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയ്ക്കുന്നു. ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ 1.7 മില്ലിസെക്കന്‍ഡ് വരെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിലേക്ക് ഈ പ്രതിഭാസം നയിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്.
ഇത്തരത്തില്‍ ഭൂമിയുടെ കറക്കവേഗത്തെ സ്വാധീനിക്കുകയാണ് ത്രീഗോര്‍ജസും. ഇത്തരം ഭീമന്‍ മനുഷ്യനിര്‍മിതികള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ എത്രത്തോളം ആഴത്തിലാണ് സ്വാധീനിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ത്രീ ഗോര്‍ജസ് ഡാം.