ന്യൂഡൽഹി :മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതോടെ കുക്കി സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. നിരപരാധികളായവരെ കൊലപ്പെടുത്തിയ കുക്കി ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.
എട്ടിനാവശ്യങ്ങള്‍ ഉന്നയിച്ച പ്രമേയം യോഗത്തില്‍ പാസാക്കി. സംസ്ഥാനത്ത് AFSPA നടപ്പാക്കുന്നത് ഉടന്‍ പുന പരിശോധിക്കണം. കുക്കികള്‍ക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി വേണം.ജിരിബാമിലെ 6 പേരുടെ കൊലപാതക കേസും ബിഷ്ണുപൂരില്‍ കര്‍ഷകയെ കൊലപ്പെടുത്തിയ കേസും NIA ക്ക് കൈമാറണം.
സമയപരിതിക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ജനങ്ങളുമായി കൂടിയാലോചിച്ചു തുടര്‍ തീരുമാനങ്ങള്‍ എടുക്കും. മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണം – എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ജനപ്രതിനിധികളുടെ വീടുകള്‍ ആക്രമിച്ച സംഭവത്തെ NDA യോഗം അപലപിച്ചു.
കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയതോടെ മണിപ്പൂരിലെ സാധാരണ ജനജീവിതം ആകെ ദുസഹമാണ്. ഇംഫാലില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും അതീവ സുരക്ഷയില്‍ ആണ്. ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാസേനയും മണിപ്പൂരിലേക്ക് എത്തും.
അതേ സമയം മണിപ്പൂർ സംഘർഷത്തെ അപലപിച്ച് ആർഎസ്എസ്. രംഗത്ത് എത്തി.
സംഘർഷം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആർ എസ് എസ് ആവശ്യപ്പെട്ടു. ആർഎസ്എസ് മണിപ്പൂർ നേതൃത്വത്തിന്റെ പ്രസ്ഥാവനയിൽ ആണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിമർശനം. 19 മാസമായി അക്രമം പരിഹരിക്കപ്പെടാതെ കിടക്കുന്നത് നിർഭാഗ്യകരമെന്ന് ആർഎസ്എസ് പറയുന്നു.
തുടർച്ചയായ അക്രമങ്ങൾ കാരണം നിരപരാധികളായ ജനങ്ങൾ വലിയ ദുരിതത്തിൽ. അക്രമങ്ങൾ ഭീരുത്വവും മാനവികതയുടെയും സഹവർത്തിത്വത്തിൻ്റെയും തത്വങ്ങൾക്ക് വിരുദ്ധവുമെന്നും ആർ എസ് എസ്. അതേസമയം മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷമാവുകയാണ്. പ്രശ്നബാധിത മേഖലകളിൽ എല്ലാം കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇംഫാലിൽ ഉൾപ്പെടെ 7 ജില്ലകളിൽ കർഫ്യു തുടരുകയാണ്. ഇൻ്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും.



