കോഴിക്കോട് ജില്ലയിലെ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ആരോപണവും കോണ്‍ഗ്രസ് പ്രവർത്തകരും വിമതരും തമ്മിലടിച്ചതും വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ കോഴിക്കോട്ടെ തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകരുടെ വീഡിയോ ദേശീയ തലത്തില്‍ വൈറലാവുകയാണ്. ചേവായൂരില്‍ നടുറോഡില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി നടക്കുമ്ബോഴാണ് കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്കുള്ള ആംബുലൻസ് കടന്നുവന്നത്. ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് വഴക്ക് നിർത്തി ആംബുലൻസിന് വഴിയൊരുക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതാണ് ‘റിയല്‍ കേരള’ മോഡലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ചേവായൂർ സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് പ്രവർത്തകരും വിമതരും തമ്മില്‍ ഏറ്റുമുട്ടിയത്. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങി. വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടിയിരുന്നു.
ഇതിനിടയിലാണ് രോഗിയുമായി ആംബുലൻസ് എത്തുന്നത്. തമ്മിലടി നിർത്തി പ്രവർത്തകർ ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല് തുടർന്നു. പരസ്പരം ഏറ്റുമുട്ടുന്നതിനിടയിലും ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകർക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ദേശീയ മാധ്യമങ്ങളടക്കം വീഡിയോ വാർത്തയാക്കിയിരുന്നു. ഇതാണ് കോഴിക്കോട്ടുകാരെന്നും, റിയല്‍ കേരളയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കമന്‍റുകള്‍.



