മണിപ്പൂര്‍ കലാപം; രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

മണിപ്പൂർ: കലാപം കത്തിപ്പടരുന്ന മണിപ്പൂരില്‍ രാജിസന്നദ്ധത അറിയിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എമാർ. സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്നാണ് മണിപ്പൂരിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും പറഞ്ഞത്.

എന്നാല്‍ രാജി വെക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രി ബിരേൻ സിങാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തുവന്നു. മണിപ്പൂരില്‍ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്നായിരുന്നു കോണ്‍ഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. ഒരു വർഷത്തിലേറെയായി മണിപ്പൂരിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്, പ്രധാനമന്ത്രിക്ക്‌ മണിപ്പൂരില്‍ പോകാൻ സമയമില്ല, പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നും ഖാർഗെ ചോദ്യമുന്നയിച്ചു.

മണിക്കൂറുകള്‍ക്ക് മുമ്ബാണ് സംസ്ഥാനത്ത് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാർട്ടി രംഗത്തുവന്നത്. സംഘർഷം അവസാനിപ്പിക്കുന്നതില്‍ ബീരൻ സിങ് സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് എൻപിപി നടപടി.

ബിജെപി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്കയച്ച കത്തിലൂടെയാണ് പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍ വളരെ ആശങ്കയുണ്ടെന്ന് പറഞ്ഞ പാർട്ടി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അവസ്ഥ ഗുരുതമാവുകയാണെന്ന് കുട്ടിച്ചേർത്തു.സംസ്ഥാനത്ത് കൂടുതല്‍ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, കൂടുതലാളുകളുടെ ജീവിതം ദുരിതത്തിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.

സംഘർഷം തടയുന്നതിലും കലാപാന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേൻ സിങ് സർക്കാർ പരിപൂർണമായി പരാജയപ്പെട്ടുകഴിഞ്ഞു. ആയതിനാല്‍ തങ്ങള്‍ സർക്കാരിനോടുള്ള പിന്തുണ പരിപൂർണമായി പിൻവലിക്കുകയാണ് എന്നാണ് കത്തിന്റെ സാരാംശം.

60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരില്‍ 53 സീറ്റുകളും എൻഡിഎയുടെ പക്കലാണ്. ഇതില്‍ 37 സീറ്റുകള്‍ ബിജെപിക്കും ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കുമാണ്. എൻപിപി പിന്തുണ പിൻവലിച്ചതോടെ ഏഴ് സീറ്റുകളാണ് എൻഡിഎക്ക് നഷ്ടമായത്.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശനിയാഴ്ച മുതല്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ജിരിബാമില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധക്കാർ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.ശനിയാഴ്ച പകല്‍ നിരവധി ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മരുമകൻ രാജ്കുമാർ ഇമോ സിങ്, സംസ്ഥാന മന്ത്രി എല്‍. സുസിദ്രോ, എംഎല്‍എമാരായ രഘുമണി സിങ്, സപം കുഞ്ചകേശ്വർ, ജോയ് കിസാൻ സിങ്, സപം നിഷികാന്ത എന്നിവരുടെ വസതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഇംഫാല്‍ ഹെയ്ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയില്‍ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ കത്തിച്ചിട്ടത്. വിവിധയിടങ്ങളില്‍ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകള്‍ക്കും തീയിട്ടു. ഏഴ് ജില്ലകളില്‍ ഇൻറർനെറ്റ് സേവനം വിച്‌ഛേദിച്ചിട്ടുണ്ട്.പ്രതിഷേധം അക്രമാസക്തമായതോടെ 19 ബിജെപി എംഎല്‍എമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എംഎല്‍എമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്ച രാജിവെക്കുമെന്നാണ് വിവരം.