വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ


◾ കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മറച്ചുവച്ച, താല്‍പര്യമെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.പി.എം-ബി.ജെ.പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

◾ കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി. കേസില്‍ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തല്‍ എകെജി സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാക്കിയ തിരക്കഥയെന്ന് തിരിച്ചടിക്കുകയാണ് ബിജെപി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായ തുടര്‍ നടപടി ഉണ്ടാകും.

◾ കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും പ്രതികരണവുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കേസില്‍ സത്യസന്ധമായ അന്വേഷണമാണെങ്കില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് തിരൂര്‍ സതീഷ്് പറഞ്ഞു. മാധ്യങ്ങളോട് പറയുന്ന കാര്യങ്ങള്‍ എല്ലാം അന്വേഷണ സംഘത്തോട് പറയുമെന്നും കേന്ദ്ര- സംസ്ഥാനങ്ങള്‍ നടത്തുന്ന എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും തിരൂര്‍ സതീഷ്് പ്രതികരിച്ചു.

◾ കൊടകര കുഴല്‍പ്പണക്കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്. ഏഴു വര്‍ഷത്തോളമായി താന്‍ കേരളത്തില്‍ വന്നിട്ടെന്നും അദ്ദേഹം പ്രതികരിച്ചു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അയച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ലഹര്‍ സിങ് വഴിയാണ് കുഴല്‍പ്പണം എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്.

◾ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് അദ്ദേഹം പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

◾ കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ ബി.ജെ.പി പ്രതിരോധത്തിലാവില്ലെന്ന് ശോഭാ സുരേന്ദ്രന്‍. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.തിരൂര്‍ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്നും സതീഷിന്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ല. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല.

◾ സുരേഷ് ഗോപിയെ ആംബുലന്‍സ് വിവാദത്തില്‍ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍. തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓര്‍മ്മയില്ലേയെന്ന് ബാലഗോപാല്‍ ചോദിച്ചു. ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന് ആംബുലന്‍സിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓര്‍മ്മ അന്ന് പോയതാണെന്നും ബാലഗോപാല്‍ പറഞ്ഞു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തില്‍ പരാതി. കോണ്‍ഗ്രസ് സഹയാത്രികനായ അഭിഭാഷകന്‍ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

◾ യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദര്‍ശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നിരവധി രംഗത്തെ പ്രമുഖരും പൊതുദര്‍ശനത്തിനെത്തി. സംസ്‌കാരം ഇന്ന് വൈകീട്ട് മാര്‍ അത്തനേഷ്യസ് കത്ത്രീഡല്‍ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

◾ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

◾ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും,ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിര്‍ണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള തീയതികളിലും, രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയ്യതികളിലും നടക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

◾ 2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.

◾ കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി റെയില്‍വേ. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്നലെ മുതലാണ് ട്രെയിനുകളുടെ സമയം മാറ്റം. . തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീന്‍ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

◾ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

◾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കര ചെറുതുരുത്തിയില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്ന് പരാതി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

◾ കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലെത്തിയവരില്‍ കാല്‍ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേര്‍ക്ക് പരിക്കേറ്റു. നിരവധി തീര്‍ത്ഥാടകര്‍ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. തീര്‍ത്ഥാടനത്തിനായി മല നടന്ന് കയറിയവര്‍ ചെളിയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

◾ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ശക്തി പദ്ധതിയില്‍ മാറ്റം വരുത്തില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പദ്ധതി പുനപരിശോധിക്കുമെന്ന ഡി.കെ ശിവകുമാറിന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും കര്‍ണാടകയിലെ ഒരു ക്ഷേമ പദ്ധതിയും പിന്‍വലിക്കില്ലെന്നും ഈ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ഖര്‍ഗെ വ്യക്തമാക്കി. ഈ പദ്ധതി പുനഃപരിശോധിക്കുമെന്ന് ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വിവാദമായിരുന്നു.

◾ കര്‍ണാടകയിലെ കര്‍ഷകരുടെ ഭൂമി വഖഫ് ബോര്‍ഡിന് കൈമാറിയെന്ന ആരോപണത്തില്‍ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീര്‍ അഹമ്മദ് ഖാന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി. ജില്ലയിലുടനീളമുള്ള ഭൂരേഖകള്‍ ഭേദഗതി ചെയ്യാന്‍ അധികാരികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും കര്‍ഷകരുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തി ഭൂമിയുടെ രേഖകള്‍ മാറ്റാന്‍ അധികാരികളെ നിര്‍ബന്ധിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബിജെപി ആരോപിച്ചു.

◾ റെയില്‍വെയില്‍ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ റിസര്‍വ് ചെയ്യുകയും ടിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്യുന്നതിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

◾ കൈക്കൂലി കേസില്‍ മൂന്ന് സിജിഎസ്ടി സൂപ്രണ്ടുമാരെയും രണ്ട് ഐആര്‍എസ് ഓഫീസര്‍മാരെയും അറസ്റ്റ് ചെയ്തു. മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ്. ഐആര്‍എസ് ഓഫിസര്‍മാരായ ദീപക് കുമാര്‍ ശര്‍മ, രാഹുല്‍കുമാര്‍, മൂന്ന് സിജിഎസ്ടി ഉദ്യോഗസ്ഥര്‍ എന്നിവരാണ് അറസ്റ്റിലായത്. ഉദ്യോഗസ്ഥര്‍ വ്യവസായിയെ 18 മണിക്കൂര്‍ തടങ്കലില്‍ വെച്ച് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

◾ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയുടെ ഇത്തവണത്തെ ദീപാവലി സന്ദേശം ഏറെ ശ്രദ്ധേയമായി. പ്രയങ്കാ ഗാന്ധിയുടെ മകന്‍ റെയ്ഹാനുമൊത്ത് പെയിന്റിങ് തൊഴിലാളികള്‍ക്കും, മണ്‍ചെരാതുണ്ടാക്കുന്നവര്‍ക്കുമൊപ്പം ജോലിയെടുക്കുന്ന വിഡിയോയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. തൊഴിലാളികളെ കൂടുതല്‍ ഉള്‍ക്കൊള്ളും വിധം സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നാണ് രാഹുല്‍ ഈ ദീപാവലി സന്ദേശത്തിലൂടെ പറഞ്ഞ് വെക്കുന്നത്.

◾ വൈദ്യുതി ഇനത്തില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യണ്‍ ഡോളറാണ് വൈദ്യുതി ഇനത്തില്‍ കുടിശ്ശികയുള്ളത്.

◾ നവംബര്‍ 5നു ശേഷം വൈറ്റ് ഹൗസിലുണ്ടാകേണ്ടത് ഡോണള്‍ഡ് ട്രംപല്ല, മറിച്ച് കമല ഹാരിസായിരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. കമലാ ഹാരിസിന്റെ പക്കല്‍ മികച്ചൊരു സാമ്പത്തിക പദ്ധതിയും ആരോഗ്യക്ഷേമ പദ്ധതിയും ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നെന്നും ക്ലിന്റണ്‍ വ്യക്തമാക്കി.

◾ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ അവസാനമത്സരത്തിലെ ഒന്നാമിന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിന് 86 എന്ന നിലയിലാണ്. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഒരു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. യശ്വസി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായത്. നേരത്തെ ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന്റെ ഒന്നാമിന്നിംഗ്സ് 235 ല്‍ അവസാനിച്ചു. 71 റണ്‍സെടുത്ത വില്‍ യങിന്റേയും 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റേയും ഇന്നിംഗ്സുകളാണ് കുറച്ചെങ്കിലും മാന്യമായൊരു സ്‌കോറിലേക്ക് ന്യൂസിലാണ്ടിനെ എത്തിച്ചത്. ഇന്ത്യക്ക വേണ്ടി രവീന്ദ്ര ജഡേജ 5 വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ 4 വിക്കറ്റും വീഴ്ത്തി.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു