അവള്‍ വളരെ സുന്ദരിയായിരുന്നു. ഒരു അപകടത്തില്‍ അവളുടെ കവിളിന് പരിക്കേറ്റു. അതവിടെ കറുത്തപാടുണ്ടാക്കി.
അവള്‍ ഒരു കോസ്മറ്റോളജി ഡോക്ടറുടെ സഹായം തേടി. ഒരു ചെറിയ സര്‍ജ്ജറിയിലൂടെ പാട് മായ്ക്കാം എന്ന് ഡോക്ടര്‍ വാക്ക് കൊടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് പാട് മാറിയത് കാണിക്കുവാന്‍ ഡോക്ടര്‍ അവള്‍ക്കൊരു കണ്ണാടി കൊടുത്തു.
കണ്ണാടിയില്‍ നോക്കിയിട്ട് അവള്‍ പറഞ്ഞു: എനിക്കൊരുമാറ്റവും കാണാന്‍ സാധിക്കുന്നില്ല. ഡോക്ടര്‍ക്ക് അത്ഭുതമായി. അദ്ദേഹം ശസ്ത്രക്രിയക്ക് മുമ്പുളള ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു: ഇതിലെ മുഖവും ഇപ്പോഴുളള മുഖവും ഒരുപോലെയാണോ?
അവള്‍ പറഞ്ഞു: കാഴ്ചയില്‍ വ്യത്യാസമുണ്ട്. പക്ഷേ, എനിക്കങ്ങനെയൊരു വ്യത്യാസം തോന്നുന്നതേയില്ല! ഉത്തരമില്ലാതെ ഡോക്ടര്‍ നിശ്ശബ്ദനായി നിന്നു.
പൊരുത്തപ്പെട്ടവയ്ക്ക് ഉള്ളില്‍ നിന്നും പുറത്ത് ചാടുക എന്നതാണ് ഒരാള്‍ നേരിടുന്ന വെല്ലുവിളി. എത്ര അനാരോഗ്യകരവും അസുഖകരവുമാണെങ്കിലും അതിനുളളിലെ സ്വാതന്ത്ര്യവും സുഖവും അനുഭവിച്ചുതുടങ്ങിയാല്‍ പിന്നെ അതിനോട് വിടപറയാന്‍ ബുദ്ധിമുട്ടാണ്.
ചെളിയും പായലും നിറഞ്ഞ പ്രദേശമാണെങ്കിലും അവിടത്തെ സ്ഥിരതാമസം, ക്രമാനുഗതമായ ഇഴുകിച്ചേരല്‍ സമ്മാനിക്കും. അവിടെനിന്നും സുഗന്ധത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കുന്നവരോട് അവര്‍ക്ക് പരിഭവമായിരിക്കും.
ദുശ്ശീലങ്ങളില്‍ നിന്നും പിന്മാറാന്‍ പലരും മടിക്കുന്നതിന്റെ കാരണം പിന്മാറലിലെ ആദ്യചുവടുവെയ്പില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ്.
ശരീരം മാറണമെങ്കില്‍ മനസ്സ് മാറണം. മനസ്സിന് മാറാന്‍ കഴിഞ്ഞാല്‍ എന്തിനും പരിഹാരമുണ്ട്. തിരുത്താന്‍ കഴിയുന്നവയെല്ലാം തിരുത്തണം. മാറ്റാന്‍ കഴിയുന്നവയെല്ലാം മാറ്റണം. കാരണം തിരുത്തലുകളിലൂടെയേ പുരോഗതികടന്നുവരൂ…
ശുഭദിനം



