തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച ബാധിച്ച് 46,587 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ്. 257.12 കോടിയുടെ നേരിട്ടുള്ള നഷ്ടം കര്‍ഷകര്‍ക്ക് സംഭവിച്ചതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലയിലും വരള്‍ച്ചയും ഉഷ്ണതരംഗവും ബാധിച്ചു. ഉഷ്ണതരംഗം കാരണം കൃഷിനശിച്ച ചെറുകിട, ഇതര കര്‍ഷകരുടെ രണ്ടു ഹെക്ടര്‍ വരെയുള്ള കൃഷിനാശത്തിന് 7.50 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. സൂര്യാഘാതത്താല്‍ 742 മൃഗങ്ങള്‍ ചത്തതായും ചത്തുപോയ കറവപ്പശുക്കളുടെ ഉടമകള്‍ക്ക് 37,500 രൂപ നഷ്ടപരിഹാരവും നല്‍കും.
കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട വിളനഷ്ടങ്ങളുടെ പട്ടികയില്‍ 27 വിളകള്‍ കൂടി ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് കൂടുതല്‍ കാലാവസ്ഥാ സ്റ്റേഷനുകള്‍ സ്ഥാപിച്ച് വിളനഷ്ടങ്ങള്‍ വിലയിരുത്തി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കും. കൂടാതെ ജൈവകൃഷിയുടെ ഭാഗമായുള്ള എന്‍.ബി.ഒ.പി. സര്‍ട്ടിഫിക്കറ്റിന് ഏജന്‍സികള്‍ ചെറുകിട കര്‍ഷകരില്‍നിന്ന് ഈടാക്കുന്ന തുക സര്‍ക്കാര്‍ നല്‍കും. വന്‍കിട കര്‍ഷകര്‍ക്കുള്ള തുകയില്‍ 75 ശതമാനമോ പരമാവധി 50,000 രൂപ വരെയോ സര്‍ക്കാര്‍ നല്‍കും. കേരള ഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകള്‍ സംസ്ഥാനത്തുടനീളം തുടങ്ങും.
മില്‍മയിലേക്കും മറ്റ് സ്വകാര്യ ഡെയറി പ്ലാന്റുകളിലേക്കും അന്യസംസ്ഥാനത്ത് നിന്ന് പ്രതിദിനം 5.5 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തിലെത്തുന്നു. പ്രതിദിനം നാലുലക്ഷം ലിറ്ററാണ് മില്‍മ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നത്. 12.56 ലക്ഷം ലിറ്ററാണ് മില്‍മ സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്നത്.




