വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അമ്മ സോണിയ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട് വദ്ര, മകന്‍ രെഹാനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്ന് വയനാട്ടിലെത്തും. റോഡ് ഷോയോടെ പ്രചാരണം തുടങ്ങുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോക്ക് പിന്നാലെ പത്രിക സമര്‍പ്പിക്കും. കല്‍പറ്റയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുന്ന റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലുമാണ് പങ്കെടുക്കുക. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.

◾ തന്റെ സഹോദരിയേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ഥിയെ വയനാട്ടിലേക്ക് തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടുകാര്‍ക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ഥിയായിരിക്കും പ്രിയങ്കയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാഗാന്ധി വയനാട്ടില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് രാഹുലിന്റെ എക്‌സ് പോസ്റ്റ്.

◾ പാലക്കാട്ട് കല്ലടിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പന്‍കാവിനു സമീപം ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം. പാലക്കാടു ഭാഗത്തു നിന്നെത്തിയ കാറും എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സല്‍ എന്നിവരാണ് മരിച്ചത്. ഒരാളെയും കൂടെ തിരിച്ചറിയാനുണ്ട്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

◾ എ.ഡി.എം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അരമണിക്കൂറോളം സമയം ഗവര്‍ണര്‍ നവീന്‍ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു.

◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിയില്‍ പ്രതിഷേധിച്ച് ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്. പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പ്രതിഷേധിച്ചത്. പിപി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ സ്ഥാപിച്ചു.

◾ എഡിഎമ്മിനെതിരെ കൊടുത്ത പരാതി വ്യാജമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി കെ.രാജന്‍. സമഗ്രമായ അന്വേഷണം പല തലത്തില്‍ നടക്കുന്നുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും പറഞ്ഞ മന്ത്രി, റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും പറഞ്ഞു. നവീന്‍ കാശ് വാങ്ങില്ലെന്ന് ആവര്‍ത്തിച്ച ബന്ധുവും സിഐടിയു നേതാവുമായ മലയാലപ്പുഴ മോഹനനും നവീന്റെ പേര് പറഞ്ഞ് മറ്റാരെങ്കിലും പണം വാങ്ങിയോ എന്ന് അന്വേഷിക്കണമെന്നും പറഞ്ഞു.

◾ എഡിഎം നവീന്‍ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരന്‍ പ്രശാന്തിന് നോട്ടീസ് നല്‍കി പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മെഡിക്കല്‍ എജുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്.

◾ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തെ, മരം പോലത്തെ മുഖ്യമന്ത്രിയില്‍ നിന്ന് മാറ്റി നീക്കിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. യു.ഡി.എഫ് പാലക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എമ്മിന്റേത് മരണമല്ല, കൊലപാതകമാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ പാലക്കാട് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ലെന്നും വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടതെന്നും പാലക്കാട്ടെ ഒരു വിമത ശല്യവും കോണ്‍ഗ്രസ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ പിവി അന്‍വര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസത്തിന് മറുപടിയുമായി പിവി അന്‍വര്‍. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

◾ ശക്തിതെളിയിക്കാന്‍ പി വി അന്‍വറിന്റെ റോഡ് ഷോ ഇന്ന് പാലക്കാട്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷനോടെ സമാപിക്കും. രണ്ടായിരം പേര്‍ പങ്കെടുക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വിലപേശല്‍ നടത്താനാകും അന്‍വറിന്റെ ശ്രമം.

◾https://dailynewslive.in/ ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് രമേശ് ചെന്നിത്തല . ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ലെന്നും ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ ശബരിമലയില്‍ ഇടിമിന്നലേറ്റാണ് വൈദ്യുതി ബന്ധം നിലച്ചതെന്നും സംഭവം നടന്ന് 45 മിനുട്ടിനുള്ളില്‍ പ്രശ്നം പരിഹരിച്ചിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെര്‍ച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിംഗ് പരാതിയും ഇപ്പോള്‍ പരിഹരിച്ചുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

◾ പള്ളിത്തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. യാക്കോബായ ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടിയാണ് അപ്പീല്‍. ഏറ്റെടുക്കുന്നതില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.

◾ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍, ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതാണ് പ്രകോപനമായത്. ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു.

◾ സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എറണാകുളം ജില്ലയിലെ 17 വേദികളിലായിട്ടാണ് സ്‌കൂള്‍ കായികമേള നടക്കുക.24000 കായികതാരങ്ങള്‍ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിങ് ട്രോഫി സമ്മാനമായി നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഈ മാസം 30ന് വിധി പറയും. തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ പുരോഗതിയില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. അതേസമയം, യദുവിന്റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയെന്ന് പ്രോസിക്യൂഷന്‍ വിമര്‍ശിച്ചു.

◾ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ചിറ്റ് നല്‍കി പൊലീസിന്റെ റിപ്പോര്‍ട്ട്. സച്ചിന്‍ദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.

◾ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി ഉള്‍പ്പെട്ട പ്ലസ് ടു കോഴക്കേസിലെ മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും തങ്ങള്‍ക്ക് കാണണം എന്ന് സുപ്രീം കോടതി. കേസില്‍ ഇത് വരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മൊഴികളും ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നവംബര്‍ 26-ന് മുമ്പ് മൊഴികള്‍ ഹാജരാക്കാന്‍ ആണ് ജസ്റ്റിസ് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.

◾ തിരുവനന്തപുരം ശ്രീകാര്യം സി ഇ ടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നല്‍കിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി തല്‍ക്കാലികമായി കാന്റീന്‍ അടപ്പിച്ചു.

◾ കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസില്‍ 2015 കാലയളവില്‍ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിച്ചത്. 20000 രൂപ പിഴയും തിരുവനന്തപുരം വിജിലന്‍സ് കോടതി ചുമത്തിയിട്ടുണ്ട്.

◾ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി റെഗുലേറ്ററി കമ്മിഷന്‍. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സര്‍ക്കാര്‍ നിരക്കുവര്‍ധനയെ അനുകൂലിക്കുന്നില്ല. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും മുന്നോട്ട് പോവുക.

◾ ബി.എസ്.എഫ് മേധാവിയായിരുന്ന ഡി.ജി.പി നിതിന്‍ അഗര്‍വാളിന് കേരള കേഡറില്‍ പുതിയ നിയമനം. റോഡ് സേഫ്റ്റി കമ്മീഷണറായാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നിതിന്‍ അഗര്‍വാളിനെ നിയമിച്ചത്. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ കശ്മീരില്‍ വന്‍ തോതില്‍ ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ബി.എസ്.എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.

◾ ദേശീയ ജല അവാര്‍ഡ് പുരസ്‌കാരം തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, സെക്രട്ടറി പി. സുനില്‍ എന്നിവര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും സ്വീകരിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരമാണ് സ്വീകരിച്ചത്. നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ വിവിധ ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിച്ചതാണ് പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

◾ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വിജകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രോഗിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്തിയ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

◾ പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് പുതിയ മുഖം. കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കി. ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലിംകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.

◾ ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ റെയില്‍വേ ആറ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇന്നും നാളെയും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കാമാഖ്യ ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, സില്‍ചാര്‍ സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ദില്‍ബര്‍ഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബംഗളൂരു – ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ഗില്‍ബര്‍ഗ് വിവേക് എക്സ്പ്രസ്, ബംഗളൂരു – മുസഫര്‍പൂര്‍ ജംഗ്ഷന്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

◾ സനാതന ധര്‍മ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സ്ത്രീകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും അവര്‍ക്ക് വീടുവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഭര്‍ത്താവ് മരിച്ചാല്‍ അവരും മരിക്കേണ്ടി വന്നിരുന്നുവെന്നും ഇതിനെതിരെയാണ് പെരിയാര്‍ സംസാരിച്ചതെന്നും പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞതാണ് താനും ആവര്‍ത്തിച്ചതെന്ന് ഉദയനിധി പറഞ്ഞു. താന്‍ കലൈഞ്ജറുടെ ചെറുമകനാണെന്നും മാപ്പ് പറയില്ലെന്നും എല്ലാ കേസുകളും നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി.

◾ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാല്‍ 1,11,11,111 രൂപ പാരിതോഷികം നല്‍കാമെന്ന് ക്ഷത്രിയ കര്‍ണി സേനയുടെ വാഗ്ദാനം. കഴിഞ്ഞ ഡിസംബറില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങള്‍ വെടിവെച്ചു കൊന്ന പ്രമുഖ രജപുത്ര നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്ന് ക്ഷത്രിയ കര്‍ണി സേനയുടെ നേതാവ് രാജ് ശെഖാവത്ത് പറഞ്ഞു.

◾ മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ആയുധ നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം. പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ഖമറിയയിലെ സെന്‍ട്രല്‍ സെക്യൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ഡ്നന്‍സ് ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.സംഭവത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

◾ ഛത്തീസ്ഗഢിലെ ആറ് ജില്ലകളിലെ കുഴല്‍ക്കിണര്‍ ജലത്തില്‍ യുറേനിയത്തിന്റെ അളവ് വളരെക്കൂടുതലെന്ന് വിദഗ്ധ സംഘത്തിന്റെ പഠനം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ലിറ്ററില്‍ 15 മൈക്രോഗ്രാം പരിധിയുടെ മൂന്നോ നാലോ ഇരട്ടിയാണ് ഛത്തീസ്ഗഢിലെ കിണറുകളില്‍ കണ്ടെത്തിയത്.കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് വര്‍ധിക്കുന്നത് കാന്‍സര്‍, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു.

◾ വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു . ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെ ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

◾ മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ എന്നും കോടതി ആരാഞ്ഞു.ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

◾ മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

◾ കാലാവസ്ഥാ വ്യതിയാനംമൂലം യമുനാ നദിയില്‍ വെളുത്ത നിറത്തില്‍ ഉയര്‍ന്ന വിഷപ്പതയെ നേരിടാന്‍ സര്‍ക്കാരിന്റെ കഠിന ശ്രമം. വിഷപ്പത ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പുണ്ട്. ഇതിനെതിരെ കെമിക്കല്‍ സ്‌പ്രേ അടിക്കുകയാണ് ജലവിഭവ വകുപ്പ് അധികൃതര്‍.

◾ ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി, പുതിനെ അറിയിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുതിന്‍ പറഞ്ഞു.

◾ ഇന്ത്യയുമായി കൈകോര്‍ത്ത് പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക എ.ഐ. ചിപ്പുകള്‍ രാജ്യത്തിനായി വികസിപ്പിക്കാന്‍ അമേരിക്കന്‍ ടെക് ഭീമനായ എന്‍വിഡിയ. ഈ വര്‍ഷം ആദ്യം എന്‍വിഡിയ സി.ഇ.ഒ. ജെന്‍സെന്‍ ഹുവാങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

◾ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ ഒരുവിഭാഗം നിര്‍വാഹക സമിതി അംഗങ്ങള്‍. റിലയന്‍സിന് കരാര്‍ നല്‍കിയതില്‍ അന്വേഷണം നടത്തണമെന്ന് വെള്ളിയാഴ്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെടും. സമിതി അംഗങ്ങളെ കേള്‍ക്കാതെ ഉഷ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന പരാതി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും