◾ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ഥാനാര്‍ഥിയാകാന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി പരാജയപ്പെട്ടാണ് സരിന്‍ സി.പി.എമ്മിലേക്ക് പോയതെന്നും ഇത് സി.പി.എമ്മിന്റെ ജീര്‍ണതയേയാണ് തുറന്ന് കാണിക്കുന്നതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
◾ കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ നവ്യ ഹരിദാസും പാലക്കാട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാര്‍ത്ഥികളാകും. ഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
◾ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെ അണിനിരന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. സരിന്‍ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നില്‍ വെച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആ സ്ഥാനാര്‍ത്ഥിയെ വിജiയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
◾ പി.സരിനു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
◾ വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെരുമാറ്റച്ചട്ടം മറികടക്കുന്നതിനു വേണ്ടി ചട്ടം നിലവില്‍ വരുന്നതിന് മുന്‍പുള്ള തീയതി എഴുതിച്ചേര്‍ത്തതാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യുവമോര്‍ച്ചയുടേയും കെഎസ് യുവിന്റേയും പ്രതിഷേധം. കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കളക്ടര്‍ ചുമതലയില്‍ നിന്ന് ഒഴിയുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് കെഎസ്യുവിന്റെ നിലപാട്.
◾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ എഡിഎം നവിന്‍ബാബുവിനെക്കുറിച്ച് പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ .അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു. ഡിവൈഎഫ്ഐ മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും വ്യാജ പരാതിയാണെങ്കില്‍ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്.ഐ ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു. പാര്‍ട്ടി പൂര്‍ണ്ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ലെന്നും ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു കൂട്ടിചേര്‍ത്തു.
◾ പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ എടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനം. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടി ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചതെന്നും നേതൃത്വം വ്യക്തമാക്കി.
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.ഡി.എം അഴിമതിക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചത് കൊന്നതിനേക്കാള്‍ വലിയ ക്രൂരതയാണെന്നും പ്രശാന്തന്‍ ഏത് സി.പി.എം നേതാവിന്റെ ബിനാമിയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി കൈക്കൂലി കൊടുത്തെന്ന ആരോപണത്തില്‍ പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് വിവരങ്ങള്‍ തേടിയത്. കൈക്കൂലി നല്‍കിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി എന്നിവയുടെ രേഖകള്‍ അടക്കം ഹാജരാക്കാന്‍ അറിയിച്ചു. രേഖകള്‍ പരിശോധിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മൊഴി നല്‍കാന്‍ സാവകാശം തേടി പി.പി. ദിവ്യ; നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നല്‍കാനാണ് ഗീത സാവകാശം തേടിയത്. ജോയിന്റ് കമ്മീഷണര്‍ എ.ഗീത കളക്ടര്‍ അരുണ്‍ കെ.വിജയന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍, പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്ത്, എഡിഎമ്മിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ തുടങ്ങിയവരുടെ മൊഴി ഇന്നലെയെടുത്തു.
◾ ബലാത്സംഗ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചോദ്യംചെയ്യലില്‍ പലതും മറന്നു പോയെന്ന ഉത്തരമാണ് പ്രതി നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു. സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്താണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുറത്ത് നില്‍ക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുന്‍പ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.
◾ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നല്‍കുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
◾ കൊച്ചി-ബെംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തി. വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ വിമാന കമ്പനികളുടെ സിഇഒമാരുമായി ദില്ലിയില്‍ യോഗം ചേര്‍ന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് സിഇഒമാരെ ദില്ലിക്ക് വിളിപ്പിച്ചത്.
◾l ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഇന്ന് രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ഡാം തുറന്ന് ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
◾ നിര്‍ദ്ദിഷ്ട ചെങ്ങന്നൂര്‍ പമ്പ റെയില്‍വേ പാതക്ക് സര്‍വ്വെ നടക്കുന്നുവെന്ന് റെയില്‍വേ മന്ത്രാലയം. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ 75 കിലോമീറ്റര്‍ പാതയ്ക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. 3726 കോടിയാണ് പദ്ധതിക്ക് നിലവില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയില്‍ ഹാരിസ് ബീരാന്റെ പരാമര്‍ശത്തിനാണ് റെയില്‍വേയുടെ രേഖാമൂലമുള്ള മറുപടി.
◾ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഡാന്‍സാഫ് സംഘവും നൂല്‍പ്പുഴ പൊലീസും ചേര്‍ന്ന് പിടികൂടി. നമ്പ്യാര്‍കുന്ന് മുളക്കല്‍ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് മെഹബൂബ് (26) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്. ഇവരില്‍ നിന്ന് 12.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി നൂല്‍പ്പുഴ പൊലീസ് അറിയിച്ചു.
◾ സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജോലിയ്ക്ക് വന്ന ജാര്‍ഖണ്ഡ് സ്വദേശികളുടെ 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂന്‍ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് പുലി ആക്രമിച്ചത്. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
◾ തമിഴ് സൂപ്പര്‍ താരവും ടിവികെ പാര്‍ട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി പറയുന്നു.
◾l തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്ത് ആലപിച്ചപ്പോള്‍ ദ്രാവിഡ എന്ന വാക്ക് വിട്ടുപോയതാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഗവര്‍ണര്‍ ദ്രാവിഡ വംശത്തെ നിന്ദിക്കുകയും ഹിന്ദി ഭാഷയെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നുവെന്നാണ് എം കെ സ്റ്റാലിന്റെ ആരോപണം. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ അംഗീകരിക്കാത്ത ആര്‍.എന്‍. രവി ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
◾ ദില്ലിയില്‍ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു. യമുനയിലെ വിഷപ്പത തീരത്തു താമസിക്കുന്നവര്‍ക്ക് കടുത്ത ആശങ്കയാകുകയാണ്. ഇന്നലെ രാവിലെ മുതലാണ് കാളിന്ദി കുഞ്ച് പ്രദേശത്ത് വിഷപ്പത കണ്ടുതുടങ്ങിയത്. ഉയര്‍ന്ന അളവില്‍ നദിയിലെത്തുന്ന അമോണിയയും ഫോസ്ഫേറ്റുമൊക്കെയാണ് വിഷപ്പത രൂപപ്പെടുന്നതിന്റെ പ്രധാനകാരണം.
◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുന്‍മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളായ സീത സോറന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ഒന്നിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. 81 നിയമസഭാ മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും ഝാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെ.എം.എമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
◾ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരര്‍ പിടിയില്‍. പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.
◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുന്‍മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളായ സീത സോറന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
◾ ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി ഒന്നിച്ച് മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. 81 നിയമസഭാ മണ്ഡലങ്ങളില്‍ 70 എണ്ണത്തിലും ഝാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെ.എം.എമ്മും കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകള്‍ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് വീതിച്ചുനല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
◾ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ പ്രകാരം ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലില്‍ രണ്ട് ഭീകരര്‍ പിടിയില്‍. പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.
◾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ലെബനനില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്നും അതൊരു കെട്ടിടത്തില്‍ ഇടിച്ചെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഇതുവരെ ഏറ്റെടുത്തിട്ടില്ല.
◾ ഇസ്രായേല്‍ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ പോകുകയാണെന്നും ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തന്റെ വസതിയ്ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരിക്കുയായികുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
◾ വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ മറ്റൊരു ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഗാസയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 108 ആയി. അതേസമയം ആയുധം വച്ച് കീഴടങ്ങുന്നവരെയും ബന്ദികളായ ഇസ്രയേലുകാരെ വിട്ടയയ്ക്കുന്നവരെയും സമാധാനമായി ജീവിക്കാന്‍ അനുവദിക്കുമെന്നും ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്നും വടക്കന്‍ ബെയ്റൂട്ടില്‍ പൗരന്മാരോട് ഒഴിഞ്ഞു പോകാന്‍ പറയുന്ന ലഘുലേഖ ഇസ്രായേല്‍ വിതരണം ചെയ്തു.
◾ കോളറ രോഗം പടരുന്നത് തടയാനുള്ള വാക്സിന് ക്ഷാമമെന്ന് റിപോര്‍ട്ട് . ആഗോള ശേഖരത്തില്‍ വാക്സിന്‍ സ്റ്റോക്കുകള്‍ അവശേഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ആഗോളതലത്തില്‍ വാക്‌സിന്‍ ഉത്പാദനം പൂര്‍ണ്ണശേഷിയില്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യം വിതരണത്തേക്കാള്‍ കൂടുതലാണെന്നും ഡബ്ല്യുഎച്ച്ഒ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭരിച്ചുവെച്ചിരുന്ന ഓറല്‍ കോളറ വാക്‌സിന്‍ ഒക്ടോബര്‍ 14ന് പൂര്‍ണമായും തീര്‍ന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
◾ ഐ.എസ്.എലില്‍ സീസണിലെ ആദ്യജയംകുറിച്ച് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി. ഗോവ എഫ്.സി.യെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മുംബൈ കീഴടക്കിയത്.
◾ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്തുവിക്കറ്റും ഒരു ദിവസവും ശേഷിക്കേ ന്യൂസിലന്‍ഡിന് 107 റണ്‍സിന്റെ വിജയലക്ഷ്യം. 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 150 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്റേയും 99 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും മികവോടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് നാലു പന്തുകള്‍ നേരിട്ടപ്പോഴേക്കും വെളിച്ചക്കുറവ് മൂലം നാലാം ദിവസത്തെ കളി നിര്‍ത്തുകയായിരുന്നു.




