◾ ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും അവരുടെ കാനഡയിലെ പ്രവര്‍ത്തനം നിരോധിക്കണമെന്നും കാനഡയിലെ സിഖ് നേതാവ് ജഗ്മീത് സിങ്ങ്. കാനഡയിലെ സിഖുകാര്‍ ആശങ്കയിലാണെന്നും ഇന്ത്യക്കെതിരേ നയതന്ത്ര ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടു.
◾ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന പി.സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം സരിന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന നേതൃത്വവും ഇന്ന് പ്രഖ്യാപനം നടത്തിയേക്കും. സരിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് അനുകൂല നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. പത്തനംതിട്ട ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെയാണ് സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ സിപിഎം, സരിന്‍ പാര്‍ട്ടിവിട്ടു വന്നാല്‍ സ്വീകരിക്കാമെന്ന നിലപാടിലെത്തുകയായിരുന്നു.
◾ സിപിഎമ്മിനോട് സഹകരിക്കാന്‍ തീരുമാനിച്ച പി സരിനെ അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം. സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. സരിന്‍ പുറത്തു പോകുന്നെങ്കില്‍ പോകട്ടേയെന്നും സരിന് രക്തസാക്ഷി പരിവേഷം നല്‍കേണ്ടതില്ലെന്നുമാണ് കെപിസിസി നേതൃത്വം കണക്കാക്കുന്നത്. സരിന്റെ നീക്കങ്ങള്‍ ആസൂത്രിതമാണെന്നും ഒരു മാസത്തിലേറെയായി സരിന്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ചയിലായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് അനുമാനിക്കുന്നത്.
◾ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും എന്നാല്‍ സീറ്റ് വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് അപേക്ഷിച്ചിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പി സരിന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. സരിന്റേത് വെല്ലുവിളിയാണെങ്കില്‍ അംഗീകരിക്കില്ലെന്നും വാര്‍ത്താസമ്മേളനം നടത്തിയതുതന്നെ അച്ചടക്കലംഘനമാണെന്നും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. സരിന്‍ പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുന്നതാണ് ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
◾ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നത്തല . സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണ്. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
◾ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ഇന്നും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയില്‍ എത്തിച്ചു. മൃതദേഹം പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു നവീന്‍ ബാബുവെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരുന്നു.
◾ അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് ടൗണ്‍ പൊലീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തത്.
◾ മരിച്ച കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഏത് കാര്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന, അഴിമതിക്കാരന്‍ അല്ലാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്ന് വീണ ജോര്‍ജ് പറഞ്ഞു. ഒരുപാട് വര്‍ഷങ്ങളുടെ ബന്ധം നവീന്‍ ബാബുവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെ.സുധാകരന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് എഡിഎം ജീവനൊടുക്കിയത്. പിപി ദിവ്യ കൊലപാതകിയാണെന്ന് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയ കെ സുധാകരന്‍ ദിവ്യ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പെട്രോള്‍ പമ്പ് അപേക്ഷയില്‍ ദുരൂഹതയേറുന്നു. ഇമെയില്‍ വഴി അയച്ചതായി പറയുന്ന കൈക്കൂലി പരാതിയില്‍ ഒട്ടേറെ അവ്യക്തതകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം, പമ്പിന്റെ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി.
◾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ എന്‍ഒസി അനുവദിച്ചതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, തമിഴ്നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.
◾ കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം .പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയും കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.
◾ കെ റെയില്‍ വിഷയം കേരള സര്‍ക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുമ്പാകെ വീണ്ടും അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കെ റെയിലിന് പുറമെ ശബരിമല പാത അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി. റെയില്‍വെ പദ്ധതികളില്‍ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു.
◾ തോട്ടപ്പള്ളിയില്‍ കടല്‍ നൂറുമീറ്ററോളം ഉള്‍വലിഞ്ഞുവെന്ന് നാട്ടുകാര്‍. വൈകിട്ട് 4 മണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു.സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.
◾ സംസ്ഥാനം സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് കേരളം പ്ലാന്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
◾ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾ അങ്കമാലിയില്‍ ബാറിലുണ്ടായ അടിപിടിക്കിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിക് മനോഹരനെ കുത്തിക്കൊന്ന കേസില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
◾ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
◾ ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമായ വൈക്കോല്‍ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തതില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കത്തിക്കല്‍ തടയാന്‍ വായു ഗുണനിലവാര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൂന്നുവര്‍ഷമായിട്ടും സംസ്ഥാനങ്ങള്‍ അവ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
◾ ഭീകരവാദം, മതതീവ്രവാദം എന്നിവ ചെറുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിലാണ് പാകിസ്ഥാന് എസ് ജയശങ്കര്‍ പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യങ്ങള്‍ക്കിടയില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം നില്‍ക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കര്‍ പറഞ്ഞു.
◾ ബെംഗളുരുവിലെ കനത്ത മഴയില്‍ നാഗവരയിലെ ഔട്ടര്‍ റിംഗ് റോഡിലുള്ള മാന്യത ടെക് പാര്‍ക്കില്‍ വന്‍ മണ്ണിടിച്ചില്‍. മാന്യത എംബസി ബിസിനസ് പാര്‍ക്കിന്റെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്താണ് വലിയ മതിലിടിഞ്ഞ് നിലം പതിച്ചത്. നിര്‍മാണ സ്ഥലത്ത് മഴയായതിനാല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
◾ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാരിന്റെ നിയമ ഭേദഗതിയില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നോട്ടീസയച്ചു. നവംബര്‍ 12 നകം വിശദമായ മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി നടപടി.
◾ മൈസുരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ കെ മാരിഗൗഡ രാജി വച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടാണ് മാരിഗൗഡ രാജി സമര്‍പ്പിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് മാരിഗൗഡയുടെ വിശദീകരണമെങ്കിലും രാഷ്ട്രീയവിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്ന കാര്യം വ്യക്തമാണ്.
◾ പഞ്ചാബില്‍ ശൗര്യചക്ര ജേതാവായ ബല്‍വീന്ദര്‍ സിംഗ് സന്ധുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികളാണെന്ന് എന്‍ഐഎ. സുപ്രീം കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് എന്‍ഐഎ രംഗത്തെത്തിയിരിക്കുന്നത്.
◾ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയില്‍ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.
◾ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേയറുടെ നേതൃത്വത്തില്‍ യോഗം നടക്കുമ്പോള്‍ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം 5 പേര്‍ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗണ്‍ മേയര്‍ കൊല്ലപ്പെട്ടത്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയത്.
◾ ഇന്ത്യ- ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ബെംഗളൂരുവില്‍ കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല. ഉച്ചയായിട്ടും മഴ കുറയാതിരുന്നതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്നും ബെംഗളൂരുവില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




