സിപിഎം വനിതാ നേതാവിന്റെ ‘തലക്കനം’ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ജീവനെടുത്തു. കണ്ണൂരിലെ മുന് എഡിഎം നവീൻ ബാബുവാണ് അപമാന ഭാരത്താൽ ജീവനൊടുക്കിയത്.

പത്തനംതിട്ടയ്ക്ക് സ്ഥലം മാറിപ്പോകുന്ന അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന് കളക്ടറേറ്റിൽ യാത്രയയപ്പ് സമ്മേളനം ചേർന്നിരുന്നു. കളക്ടർ അധ്യക്ഷനായ യോഗത്തിൽ മറ്റു ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.ഈ യോഗത്തിലേക്കാണ് ക്ഷണിക്കാതെ വലിഞ്ഞു കയറി വന്ന സിപിഎമ്മിന്റെ വനിത നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി ദിവ്യ വളരെ രൂക്ഷമായ ഭാഷയിൽ സഹപ്രവർത്തകരുടെ മുൻപിൽ വെച്ച് നവീൻ ബാബുവിനെതിരെ വാക്ശരങ്ങൾ തൊടുത്തത്.
ഒരു പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ടാണവർ വേദിയിൽ സംസാരിച്ചത്. ക്ഷണിക്കാതെ കയറി വന്ന് മറ്റു ഉദ്യോഗസ്ഥരുടെയും കളക്ടറുടെയും മുൻപിൽ വച്ച് നവീൻ ബാബുവിനെ അപമാനിക്കുക എന്ന ഒറ്റ അജണ്ട നടപ്പിലാക്കാനാണ് അവർ കയറി വന്നതെന്ന് അവരുടെ പ്രവൃത്തിയിൽ നിന്നും വ്യക്തമാകും.
ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങൾ ഉണ്ടായാൽ അത് വേണ്ട രീതിയിൽ പരിശോധിക്കാനും നിയമ നടപടികൾ സ്വീകരിക്കാനും മാർഗ്ഗങ്ങൾ ഉണ്ട്. അഹങ്കാരത്തിൻ്റെ ആൾ രൂപമായി പി.പി ദിവ്യ മാറുകയായിരുന്നു
ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിൽ പെടുന്നതല്ല പെട്രോൾ പമ്പ് അനുവദിക്കുന്ന വിഷയങ്ങൾ. എന്നാൽ പൊതുപ്രവർത്തക എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടിട്ടുണ്ടാവാം.

ഈ പ്രശ്നം എഡിഎമ്മിൻ്റെ ശ്രദ്ധയിൽ ഇവർ പെടുത്തിയിരുന്നു. എന്നാൽ പേപ്പർ വർക്കുകൾ ശരിയല്ല എന്ന് കാരണത്താൽ ഫയലിൽ ഒപ്പിടാൻ എഡിഎം വിസമ്മതിച്ചു.പിന്നീട് സ്ഥലം മാറി പോകുന്നതിനു മുൻപായി ഈ ഫയലിൽ എ ഡിഎം ഒപ്പ് വയ്ക്കുകയായിരുന്നു. താൻ അന്ന് പറഞ്ഞ സമയത്ത് ഫയലിൽ ഒപ്പുവെക്കാതിരുന്ന എ ഡി എമ്മിനോടുള്ള പക യാത്രയയപ്പ് വേളയിൽ ഇവർ പ്രകടമാക്കി. അതിനായി മാത്രമാണ് ഈ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ കയറിവന്നത്.
ഒരു പൊതുപ്രവർത്തകയ്ക്ക് വേണ്ട സാമാന്യ ബോധവും, പക്വതയും ഇല്ലാത്ത ഇത്തരം സ്ത്രീകൾ സമൂഹത്തിന് തന്നെ അപമാനമാണ്. ഭരിക്കുന്ന പാർട്ടിയുടെ വനിതാ നേതാവ് എന്നുള്ള ഒറ്റ തലക്കനം മാത്രമാണ് ഈ സ്ത്രീയെ ഇത്തരത്തിലൊരു ഉന്മാദാവസ്ഥയിൽ എത്തിച്ചത്.
നിയമപരമായ നടപടിയിലൂടെ മുന്നോട്ടു പോകാനും പരിഹാരം തേടാനും കഴിയുമായിരുന്നു. എന്നാൽ അതിന് നിൽക്കാതെ ഭരണതലത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ പൊതു വേദിയിൽ അപമാനിക്കുകയായിരുന്നു ആ സ്ത്രീ.
ഒരു യാത്രയയപ്പ് എന്നത് ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഏറ്റവും മനോഹരമായ മുഹൂർത്തമാണ്. അത്തരത്തിലൊരു യോഗത്തിലാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് അപമാനം ഏൽക്കേണ്ടി വന്നത്.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പി പി ദിവ്യയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും തൽസ്ഥാനത്ത് നിന്നും അവരെ ഒഴിവാക്കുകയും ചെയ്യണം.




