–ഡോ. ഓമന റസ്സൽ
ഇന്ത്യയിലെത്തിയ വിദേശ മിഷനറിമാരെ കുറിച്ച് ഞാൻ ക്ലാസ്സുകൾ എടുക്കുമ്പോൾ “ഫ്ലോറി ഇവാൻസിനെ” പരാമർശിക്കാതെ ക്ലാസ്സുകൾ അവസാനിപ്പിക്കാറില്ല.
കാരണം 1904-05 വരെ വെയിൽസിൽ ഉണ്ടായ വെൽഷ് ഉണർച്ചിന് കാരണക്കാരനായി നാം എടുത്തു കാട്ടുന്ന വ്യക്തി ഇവാൻ റോബർട്സാണ്. അത് വളരെ ശരിയുമാണ്.

എന്നാൽ ഉണർവ്വിനായി കാത്തിരുന്ന് ഹൃദയമുരുകി പ്രാർത്ഥനയ്ക്ക് തുടക്കമിട്ടത് ഫ്ലോറി ഇവാൻസ് എന്ന 19 കാരിയായ പെൺകുട്ടിയായിരുന്നു. ഇവരെ പെന്തക്കോസ്തു സഭാ സെമിനാറുകളിലോ എഴുത്തുകളിലോ പരാമർശിച്ചു കാണുന്നില്ല. ചിലരുടെ യുട്യൂബ് പ്രസംഗങ്ങളിലും ഫ്ലോറിയെ പരാമർശിക്കുന്നില്ല. അതുകൊണ്ട് ഞങ്ങളുടെ വെയിൽസിലേക്കുള്ള ചരിത്രാന്വേഷണയാത്രയിൽ ഫ്ലോറിയെ കൂടുതൽ അറിയുക എന്ന ആഗ്രഹം തന്നെ മുന്നിട്ട് നിന്നിരുന്നു.
2024 ആഗസ്റ്റ് ഒമ്പതിനായിരുന്നു ഞങ്ങളുടെ വെയിൽസിലേക്കുള്ള യാത്ര. 2006-ൽ വെയിൽസിൽ ഞാൻ പോയിട്ടുണ്ടെങ്കിലും വെൽഷ് ഉണർവ്വ് നടന്ന സ്ഥലങ്ങൾ അന്ന് സന്ദർശിക്കാനായില്ല. ഈ ചരിത്രാന്വേഷണ യാത്രയിൽ ഞങ്ങളെ സഹായിച്ചത് ന്യൂപോർട്ട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോർജായിരുന്നു. ഒപ്പം ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ, നിലമ്പൂർ – പോത്ത് കല്ല് ഏ.ജി സഭയുടെ പാസ്റ്റർ സി.വി.വിൽസൺ ഭാര്യ റീജ, ബോംബെയിൽ നിന്നുമെത്തിയ പാസ്റ്റർ പി.കെ തോംസൺ എന്നിവരായിരുന്നു സംഘാംഗങ്ങൾ.

വെൽസിലെ ന്യൂക്ക്വേ എന്ന ഗ്രാമത്തിൽ നിന്നാണ് വെൽഷ് ഉണർച്ചിന് നാന്ദി കുറിച്ചത്. അവിടുത്തെ കാൽവനിസ്റ്റ് മെതഡിസ്റ്റ് ചാപ്പലിലെ ശുശ്രൂഷകൻ ജോസഫ് ജെങ്കിൻസ് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിൻ്റെ അസാധാരണമായ അനുഭവമുണ്ടായി. അതിന് ശേഷം ഒരു ഞായാഴ്ച വൈകുന്നേരം ചാപ്പലിൽ നടന്ന യുവാക്കളുടെ ഒരു മീറ്റിംഗിൽ വച്ച് ജെങ്കിൻസ് സദസിനോട് ചോദിച്ചു.
നിങ്ങളുടെ ജീവിതത്തിൽ യേശുവുമായിട്ടുള്ള ബന്ധം ഏത് തരത്തിലുള്ളതാണ് . ഫ്ലോറി പറഞ്ഞു ‘ ഞാൻ യേശുക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ ‘ സ്നേഹിക്കുന്നു എന്ന്. ജെങ്കിൻസിൻ്റെ പ്രസംഗം അവരെ ആഴത്തിൽ സ്പർശിച്ചു. പരിശുദ്ധാത്മാവിനാൽ അവർ വികാര പരവശയായി. ഫ്ലോറി ശബ്ദമുണ്ടാക്കാതെ തേങ്ങിക്കരയാൻ തുടങ്ങി . എല്ലാവരിലും വലിയ പാപബോധം ഉണ്ടായി. ഒറ്റ രാത്രികൊണ്ട് അവരിൽ എല്ലാവരിലും അനുതാപമുണ്ടാവുകയും കരഞ്ഞ്കൊണ്ട് രക്ഷയുടെ അനുഭവത്തിലേക്ക് വരുകയും ചെയ്തു. ഇതാണ് 1904 ൽ തുടങ്ങി 1905 വരെ നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ വെൽഷ് ഉണർവ്വിൻ്റെ ആരംഭം.

1905 ജൂൺ 29-ന് പൂനയിൽ രമാബായിയുടെ മുക്തി മിഷനിൽ ഉണ്ടായ ഉണർച്ച് അദ്യഭാഷാഭാഷണത്തോടെയാണെന്ന് കൂടി സന്ദർഭവശാൽ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. ജെങ്കിൻസിൻ്റെ നേതൃത്വത്തിൽ പള്ളികളിൽ നിന്ന് പള്ളികളിലേക്ക് അവർക്ക് ലഭിച്ച ആത്മശക്തിയുമായി സഞ്ചരിച്ചു. ഇവർ പിന്നീട് ഈ ഉണർവ്വിൻ്റെ വക്താക്കളായി മാറിയതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന് ശേഷമാണ് ഇവാൻ റോബർട്ട്സ് ഉണർച്ചിലേക്ക് നയിക്കപ്പെടുന്നത്. അതിന് കാരണമായത് സേത്ത് ജോഷ്വായുടെ നേതൃത്വത്തിൽ ബ്ലെനാനർച്ചിൽ നടന്ന മീറ്റിംഗാണ്. ഈ യോഗങ്ങൾ മുഖാന്തരവും മുൻ പറഞ്ഞ സുവിശേഷകന്മാർ മുഖാന്തിരവുമാണ് ഇവാൻ റോബർട്ട്സ് ഉണർവ്വിലക്ക് നയിക്കപ്പെട്ടതെന്നും നാം മനസ്സിലാക്കിയിരിക്കണം. ഇതിന് ശേഷം ഫ്ലോറിയും, ജോസഫ് ജെങ്കിൻസും മൗഡ് ഡേവീസും മറ്റു പലരും റോബർട്ട്സിനോടൊപ്പം വെൽഷ് ഉണർവ്വുകളിൽ പങ്കാളികളായി.
വഴിവിട്ട് നടന്ന വലിയൊരു തൊഴിലാളി സമൂഹത്തിൻ്റെ ഇടയിൽ നിന്നാണ് നവോത്ഥാനം ആരംഭിക്കുന്നത്. വലിയ കൽക്കരി ഖനികളുടെ നാടായിരുന്നു വെയിൽസ് എന്ന രാജ്യം. വെയിൽസ് മാത്രമല്ല ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, അയർലണ്ട് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ യുണൈറ്റഡ് കിംഗ്ഡം. ഇതിൽ അയർലണ്ട് മുഴുവനായി ഇന്നും യു.കെ യുടെ കീഴിലല്ല. അയർലണ്ട് പതിറ്റാണ്ടുകളോളം ആഭ്യന്തര കലാപം നടന്ന ഒരു രാജ്യമാണ്. പ്രൊട്ടസ്റ്റൻ്റ് വിശ്വാസികളും കത്തോലിക്ക വിശ്വാസികളും തമ്മിൽ നടന്ന പോരാട്ടങ്ങളിൽ മരിച്ചു വീണത് പതിനായിരങ്ങളാണ്. ഒടുവിൽ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ബെൽഫാസ്റ്റ് പ്രധാന പട്ടണമായ അയർലണ്ട് യു.കെയുടെ ഭാഗമായും ഡബ്ളിൻ പ്രധാനപട്ടണമായ അയർലണ്ട് യൂറോപ്യൻ യൂണിയൻ്റെ ഭാഗമായും തീർന്നു. അവിടുത്തെ കറൻസി യൂറോയാണ് . ഗ്രേറ്റ് ബ്രിട്ടൻ്റെ ഭാഗമായ വെയിൽസ് മുമ്പ് പറഞ്ഞതു പോലെ കൽക്കരി ഖനികളുടെ നാടായിരുന്നു.

ഖനികളിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ മനസിനെ മഥിച്ചു കൊണ്ടിരുന്ന ജീവിതനൈരാശ്യമാണ് ഉണർവ്വിലേക്ക് അവരെ നയിച്ചത്. വഴിവിട്ട ധാർമിക ജീവിതവും അവരിലെ അരക്ഷിതബോധവും അസമാധാനവും അവരെ ദുഃഖത്തിലാഴ്ത്തി. ലഹരിമരുന്നുകളുടെ ഉപയോഗവും മദ്യപാനവും അവരുടെ ജീവിതത്തെ താറുമാറാക്കി. അങ്ങനെ വെയിൽ സിലെ കൽക്കരി ഖനികളിലെ തൊഴിലാളികളുടെ വഴി മുട്ടിയ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് പരിശുദ്ധാത്മശക്തിയുടെ പ്രവാഹം അവിടെ ആഞ്ഞടിക്കുന്നത്. അതിന് കാരണക്കാരനായി ഇവാൻ റോബർട്ട്സിനെ ദൈവം തെരത്തെടുക്കുകയായിരുന്നു.

മുമ്പ് പറഞ്ഞ വ്യക്തികളിലൂടെയാണ് ഉണർവ്വ് ആരംഭിച്ചതെങ്കിലും ഇവാൻ റോബർട്ട്സിൻ്റെ അശ്രാന്ത ശ്രമഫലമായിട്ടാണ് ഉണർവ്വിൻ്റെ ജ്വാല കത്തിപ്പടർന്നത്. ഉണർവ്വിൻ്റെ വഴികാട്ടിയായി മറ്റുള്ളവർ മുമ്പെ നടന്നിട്ടുണ്ടെന്ന ചരിത്രം വിസ്മരിക്കാൻ പാടില്ല എന്ന് കൂടി ഓർപ്പിച്ചു കൊള്ളട്ടെ. ഇവാൻ്റെ കൂടുംബവും കൽക്കരി ഖനികളിൽ പണിയെടുക്കുന്നവരായിരുന്നു. ഫ്ലോറിയെ കുറിച്ച് ഞാൻ മനസിലാക്കിയിരുന്നുവെങ്കിലും പള്ളിയിലുണ്ടായിരുന്ന ഗൈഡ് ബെറ്റ് ഹാൻ വിവരിച്ച ചരിത്രസംഭവങ്ങൾ ഞങ്ങൾ സാകൂതം കേട്ടിരുന്നു. (തുടരും)
–ഡോ. ഓമന റസ്സൽ




