ചൈനീസ് പൗരന്മാർക്ക് സുരക്ഷ ഒരുക്കാൻ; പാക്കിസ്ഥാനിൽ ചൈന സൈനിക വിന്യാസത്തിനൊരുങ്ങുന്നു

ന്യൂഡൽഹി:ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം ചൈന പരിഗണിക്കുന്നതായി റിപ്പോർട്ട്.

ഏറ്റവും പുതിയതായി ഒക്ടോബർ 6-ന്, ഗ്വാദറിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ബോംബാക്രമണത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നത്. ഇത് ചെെനയുടെ സുരക്ഷാ ആശങ്കകൾ കൂടുതൽ ഉയർത്തി.

സൈനികരെ വിന്യസിക്കാൻ സാധ്യതയുള്ളതുൾപ്പെടെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ നേരിട്ടുള്ള നടപടി സ്വീകരിക്കാൻ ചൈന തയ്യാറെടുക്കുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ, തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാൻ പാകിസ്ഥാനുമായി സംയുക്ത സുരക്ഷാ കമ്പനി സ്ഥാപിക്കാൻ ചെെന നിർദ്ദേശിച്ചു. ഇത് ബലൂചിസ്ഥാൻ പോലുള്ള അസ്ഥിരമായ പ്രദേശങ്ങളിൽ കൂടുതൽ ചൈനീസ് സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അവിടെ വിഘടനവാദികൾ നിരന്തരം ചൈനീസ് താൽപ്പര്യങ്ങൾ ലക്ഷ്യമിടുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ തീവ്രവാദ വിരുദ്ധ സഹകരണ കരാറിൽ ഒപ്പുവെക്കാനുള്ള സാധ്യതയും ഉൾപ്പെടുന്നു, ഇത് പാകിസ്ഥാനിൽ ചൈനീസ് സൈനിക സാന്നിധ്യത്തിന് വഴിയൊരുക്കും.

മൊബൈൽ സുരക്ഷാ ഉപകരണങ്ങളും ബാലിസ്റ്റിക് പ്രൊട്ടക്റ്റീവ് വാഹനങ്ങളും ഉൾപ്പെടെ സിപിഇസിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ അധിക സുരക്ഷാ പദ്ധതികൾക്കായി ചൈന ശ്രമിക്കുന്നു.

വിവിധ ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, വികസന പദ്ധതികൾ എന്നിവയിൽ നിലവിൽ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ഏകദേശം 30,000 ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നടപടികൾ നിർണായകമായി കാണുന്നു.

ചൈനീസ് പൗരന്മാർക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ പാകിസ്ഥാൻ-ചൈന ബന്ധം വഷളാക്കി. ശക്തമായ സുരക്ഷാ നടപടികൾ കൂടുതൽ അടിയന്തിരമാക്കുന്നു. തങ്ങളുടെ നിക്ഷേപങ്ങളെയും പൗരന്മാരെയും സംരക്ഷിക്കുന്നതിനായി പാകിസ്ഥാനിൽ ചൈനയുടെ സൈനിക ഇടപെടൽ ഉറപ്പിക്കുന്ന ഒരു നീക്കം, ഭീകരവിരുദ്ധ കരാറിലൂടെ ഇരു രാജ്യങ്ങളും ഉടൻ ഒരു പങ്കാളിത്തം ഔപചാരികമാക്കിയേക്കും.