വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ ഹരിയാണയില്‍ കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത് നേതാക്കന്മാരുടെ സ്വാര്‍ത്ഥതമൂലമാണെന്ന് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ തോല്‍വിയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് അവലോകന യോഗത്തിലാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ താല്പര്യം ഒന്നാമതും, പാര്‍ട്ടി താല്‍പര്യം രണ്ടാമതുമായി മാറിയിട്ടുണ്ടെന്നതടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ നടന്ന അവലോകന യോഗത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, നിരീക്ഷകരായ അജയ് മാക്കന്‍, അശോക് ഗെലോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാജയത്തിന് കാരണമായെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇ വി എമ്മിനെതിരായ പരാതി ശക്തമായി ഇനിയും ഉന്നയിക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.

◾ ഇന്ത്യന്‍ വ്യവസായ ലോകത്തിനു മാനുഷിക മുഖം നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കൊളാബോയിലെ വീട്ടിലെത്തിയും നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.. ‘രത്തന്‍ ടാറ്റ അമര്‍ രഹേ’ എന്ന വിളികളുമായാണ് ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. അരുമയായി വളര്‍ത്തിയ ഗോവ എന്ന നായയെയും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചിരുന്നു. നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലെ പൊതുദര്‍ശനത്തിനു ശേഷം മറൈന്‍ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വര്‍ളി ശ്മശാനത്തില്‍ എത്തിച്ച് പാര്‍സി ആചാരപ്രകാരമുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം ദഹിപ്പിക്കുയായിരുന്നു.

◾ വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനം വേഗത്തില്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

◾ തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎല്‍എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവര്‍ പറയുന്നത് അപലപനീയമാണെന്നും ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും പറഞ്ഞു.

◾ പൂരം ചുരണ്ടാനും മാതാവിന് വെച്ച കിരീടം ചുരണ്ടാനും ഒരു കൂട്ടര്‍ നടക്കുന്നുവെന്നും അവസാനം ചുരണ്ടി നോക്കാന്‍ പോലും അവശേഷിക്കാത്ത അവസ്ഥയിലേക്ക് അവര്‍ പോകുമെന്നും തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ ജയം നല്‍കിയ ജനങ്ങളെ നിന്ദിക്കലാണ് നിയമസഭയില്‍ നടക്കുന്നതെന്നും നിയമസഭ ഒരു ക്ഷേത്രമാണെന്നും അവിടം മലിനമാക്കിയെന്നും ഈ ക്രിമി കീടങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലും പാടില്ലെന്നും നല്ലവര്‍ക്ക് മാത്രം നല്ലത് സംഭവിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൊല്ലം പൗരാവലിയുടെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

◾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ കേരള പൊലീസ്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത്. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ അത്തരമൊരു പ്രസ്താവന ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവര്‍ണറുടെ പ്രസ്താവന വന്ന് മണിക്കുറുകള്‍ക്ക് ശേഷമാണ് വിശദീകരണം.

◾ സംസ്ഥാന ഗവര്‍ണര്‍ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവര്‍ണര്‍ നടത്തുന്നതെന്നും എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവര്‍ണര്‍ ആണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

◾ പിണറായി വിജയന്‍ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടെയെന്നും വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

◾ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍ വിജയം . ഏഴ് വര്‍ഷത്തിന് ശേഷം കെഎസ്‌യുവില്‍ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം, പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എന്‍എസ്എസ് കോളേജും എസ്എഫ്ഐ നേടി.

◾ വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാന്‍ ഇത് വളരെ പ്രയോജനകരമാകുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

◾ എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ എംഎല്‍എ പിവി അന്‍വറിന് യോഗം ചേരാന്‍ മുറി നല്‍കിയില്ല. മുറി അനുവദിക്കാതിരുന്നതോടെ പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി തനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണെന്നും ഇതുകൊണ്ടെന്നും തന്റെ നീക്കത്തെ തടയാന്‍ കഴിയല്ലെന്നും അന്‍വര്‍ പറഞ്ഞു.

◾ സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശം നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

◾ 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശികാവധി അനുവദിക്കും.

◾ അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് യാത്രയ്ക്ക് തയ്യാറായി. ആദ്യഘട്ടത്തില്‍ 10 ബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്‌സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. 40 സീറ്റുകളാണ് ബസില്‍ ഉള്ളത്. സര്‍വീസുകള്‍ അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

◾ കേരളത്തില്‍ ഒരാഴ്ച വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ 13, 14 തീയതികളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

◾ നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. ഫറൂഖ് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.

◾ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സോറന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ഇ.ഡി.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇ.ഡിയുടെ ആവശ്യം തള്ളിയത്.

◾ സാഹിത്യത്തിനുള്ള 2024-ലെ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

◾ ലെബനനില്‍ വീണ്ടും വ്യോമാക്രമണം. സെന്‍ട്രല്‍ ബയ്റൂത്തില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 117 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കത്തില്‍ മറുപടിയുമായി പി.ടി. ഉഷ. കല്യാണ്‍ ചൗബെ പുറത്തിറക്കിയ അജണ്ട നിയമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് ഉഷ പറഞ്ഞു.ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അവര്‍ മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.

◾ കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. 22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ നഡാല്‍ 14 തവണ ഫ്രഞ്ച് ഓപ്പണും നാലു തവണ യുഎസ് ഓപ്പണും രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും കരസ്ഥമാക്കിയിട്ടുണ്ട്.