ലെബനനിലെ പോരാട്ടം കടുപ്പിച്ച് ഇസ്രയേല്‍. ഹിസ്ബുള്ള നേതാക്കൻമാരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 400 ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേലി സൈന്യത്തിന്റെ വക്താവ് അറിയിച്ചു.
ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങളിലാണ് ഹിസ്ബുള്ള നേതാക്കളുടെ താവളങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം.
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഹാഷിം സഫൈദിന്റെ വിവരമില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നസ്രള്ളയുടെ ബന്ധുവാണ് ഹാഷിം സഫൈദീൻ. 1964ല്‍ തെക്കൻ ലെബനനിലെ ദേർ ഖനുൻ അല്‍-നഹറില്‍ സഫൈദീൻ ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിൻഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.
ഇതിനിടെ തെക്കൻ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിർദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.




