ശബ്ബത്ത് ദിവസം ദാവീദ് മുങ്ങി, ഹോട്ടലിൽ ആരാധന !!

ശനിയാഴ്ച രാവിലെ ഞങ്ങൾ ദാവീദിൻ്റെ മുറിയിൽ മുട്ടി. മറുപടിയില്ല. പിന്നെയും മുട്ടിക്കൊണ്ടിരുന്നു. ഒടുവിൽ മുറി തുറന്ന് വന്ന ദാവീദ് ഇന്ന് ശബ്ബത്താണെന്ന് പറഞ്ഞ് ഡോർ അടച്ച് ഉൾവലിഞ്ഞു. അപ്പോഴാണ് ഇദ്ദേഹം ഒരു യഹൂദനാണെന്ന ഓർമ്മ ഞങ്ങളിൽ ഉണ്ടായത്.

കോഴിക്കോട് ഒരു ഹോട്ടലിൽ വച്ചായിരുന്നു ഈ അനുഭവം . ഞാനും ബിസിനസ് പാർട്ട്ണർ പുറ്റടി ചക്കുംമൂട്ടിൽ ജോയിയും ചെന്നൈ കോറമണ്ടൽ ഇൻഡാഗ് കമ്പനി ടെക്നീഷ്യൻ ജെയ്മോഹനും യിസ്രായേൽ ‘നെറ്റാഫിം’ എൻജിനീയർ ദാവീദുമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.

ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റവും സ്പ്രിംഗ്ളർ ഇറിഗേഷൻ സിസ്റ്റവും കർഷകർക്ക് കൃഷിയിടങ്ങളിൽ സ്ഥാപിച്ചു കൊടുക്കുന്ന കമ്പനിയാണ് കോറമണ്ടൽ ഇൻഡാഗ് എന്ന ചൈന കമ്പനി. ഈ ബിസിനസുമായി ബന്ധപ്പെട്ട് ഞങ്ങൾ കോഴിക്കോട് ഒത്തുകൂടിയപ്പോഴാണ് ദാവിദ് മുറിയടച്ച് ഒരു ദിവസം അകത്ത് തന്നെ ഇരുന്നത്. ഞങ്ങൾക്ക് ഒരു ദിവസം നഷ്ടമായതിൻ്റെ വിഷമം ഉണ്ടായെങ്കിലും പട്ടണം നടന്നു കണ്ടപ്പോൾ ആ വിഷമം മാറി.

ലോകത്തിൽ ആദ്യമായി കടൽ വെള്ളം ശുദ്ധീകരിച്ച് ആ വെള്ളം കൃഷിക്ക് ഉപയോഗിച്ചത് നെറ്റാഫിം എന്ന യിസ്രായേൽ കമ്പനി ആയിരുന്നു. മരുഭൂമിയായിരുന്ന പാലസ്റ്റീൻ പ്രദേശത്തെ മലർവാടിയാക്കി മാറ്റിയതിൽ നെറ്റാഫിം കമ്പനിയുടെ പങ്ക് വലുതാണ്. യിസ്രായേലും തൊട്ടടുത്ത രാജ്യങ്ങളും വെള്ളാരംകല്ലുകൾ നിറഞ്ഞ ഊഷര ഭൂമിയാണ്.

1948-ൽ യിസ്രായേൽ രാജ്യം പുനഃസ്ഥാപിക്കുമ്പോൾ തനി മരുഭൂമിയായിരുന്നു ഇവിടം. മുകളിലത്തെ മോശം മണ്ണ് മാറ്റി ദൂരസ്ഥലങ്ങളിൽ നിന്നും വളക്കൂറുള്ള മണ്ണ് കൊണ്ട് വന്ന് നിക്ഷേപിച്ചാണ് പലയിടങ്ങളിലും കൃഷിഭൂമി രൂപപ്പെടുത്തിയത്. ജലസേചനത്തിന് ഉപ്പ് വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് യോഗ്യമായ ജലമാക്കി മാറ്റി. പക്ഷേ ഈ വെള്ളം സ്പിംഗ്ളർ ഉപയോഗിച്ച് മഴ പെയ്യുമ്പോലെ വിതറാൻ തികയുകയില്ല. അതിനാണ് അവർ ഡ്രിപ്പ് ഇറിഗേഷൻ (കണിക ജലസേചനം) കണ്ടുപിടിച്ചത്. ചെടിയുടെ വലിപ്പം അനുസരിച്ച് വെള്ളം തുള്ളി തുള്ളിയായി ചുവട്ടിൽ കൊടുക്കുന്ന രീതിക്കാണ് കണിക ജലസേചനം കണ്ട് പറയുന്നത്.

1980 കളിൽ ഇന്ത്യയുമായി ഇസ്രായേലിന് വാണിജ്യ ബന്ധങ്ങൾ ഇല്ലായിരുന്നു. ഇന്ന് ദൃഢമായ ബന്ധം ഇന്ത്യയുമായി ഉണ്ട്. അതാണല്ലോ ഇപ്പോൾ ഇന്ത്യൻ യുദ്ധായുധങ്ങൾ കപ്പൽമാർഗ്ഗം ഇസ്രായേലിലേക്ക് അയച്ചത്. അന്ന് ബന്ധങ്ങളില്ലാതിരുന്നതു കൊണ്ട് നെറ്റാഫിം ഉപകരണങ്ങൾ സിങ്കപ്പൂർ വഴി ഇന്ത്യയിൽ എത്തിച്ചാണ് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം വിറ്റിരുന്നത്. അത് വിൽപ്പന നടത്തിയിരുന്നത് തമിഴ്നാട്ടിലെ വൻ ബിസിനസ്കാരൻ ജെയിംസ് ഫ്രെഡറിക് ആയിരുന്നു. ദിനമണി പത്രത്തിൻ്റെ ഉടമയുമായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിലെ തെങ്ങ് ഉൾപ്പെടെയുള്ള കൃഷികൾക്ക് വിയകരമായി ഉപയോഗിച്ചിരുന്ന ഈ ഡ്രിപ്പ് സിസ്റ്റം ഹൈറേഞ്ചിലെ ഏലകൃഷികൾക്കും തെങ്ങിനും പരീക്ഷിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങളും ആ ബിസിനസിൻ്റെ ഭാഗമായത്. ഈ ഡ്രിപ്പ് സിസ്റ്റത്തെ കുറിച്ച് ക്ലാസ്സെടുക്കാനും അത് സ്ഥാപിച്ച് കാണിച്ച് തരാനുമായിട്ടാണ് നെറ്റാഫിം എൻജിനീയർ ദാവീദ് അന്ന് ചെന്നൈയിൽ എത്തിയത്. പിന്നെ കോഴിക്കോട്ടും. എൻ്റെ ഈ അനുഭവം ഇവിടെ സൂചിപ്പിച്ചത് യഹൂദൻ അവൻ്റെ ദൈവത്തോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറയാനാണ്.

യഹൂദൻ ലോകത്തിൻ്റെ ഏതു കോണിൽ പോയാലും ശബത്ത് (ശനി) അവൻ്റെ ആരാധനാ ദിവസമാണ്. വെളിയിൽ ഇറങ്ങാതെ വെള്ളം പോലും കുടിക്കാതെ ദാവീദ് പ്രാർത്ഥനാ നിരതനായി ഹോട്ടലിൽ തന്നെ ഇരുന്നു. അന്നത്തെ കച്ചവടവും ലാഭവും ഒന്നും അവനും വേണ്ട അവൻ്റെ കമ്പനിക്കും വേണ്ട. സൗകര്യം ഉണ്ടായിട്ടും ഞായറാഴ്ചത്തെ ആരാധന മുടക്കുന്ന പെന്തക്കോസ്ത്കാരൻ ഈ ദാവീദിനെ ഒന്ന് ഓർമ്മയിൽ വച്ചാൽ കൊള്ളാം.