- സാബു തൊട്ടിപ്പറമ്പിൽ
ഇടുക്കി :സാഹസീക വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഇടുക്കി ആമപ്പാറ ഹിൽ സ്റ്റേഷനിൽ മറ്റൊരു വിസ്മയ കാഴ്ചയായി കൂർമ്മ.ആമപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിനോട് ചേർന്ന് തന്നെ സ്വകാര്യ വ്യക്തിയുടെ പുതിയ നിർമ്മിതിയാണ് ആമയുടെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ശില്പവും അതിനുള്ളിലെ മിനിയേച്ചർ ഗാലറിയും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആമ ശില്പമാണിത്.42 അടി നീളവും 30 അടി ഉയരവുമുണ്ട് ഈ ശില്പത്തിന്.ഒന്നരവർഷംകൊണ്ട് 35 ലക്ഷം രൂപ മുടക്കിയാണ് ഈ കൂർമ്മ ശില്പവും മിനിയേച്ചർ ഗാലറിയും നിർമ്മിച്ചിരിക്കുന്നത്. ഇടുക്കി തോവാളപ്പടി സ്വദേശിയായ രതീഷ് എസ് പ്രസന്നൻ ആണ് ഈ വേറിട്ട കാഴ്ച വിനോദസഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ആദ്യം ഒരു ഹോംസ്റ്റേ ആയിരുന്നു ആലോചനയിൽ. ആമപ്പാറയുടെ പേരിനെ അന്വർത്ഥമാക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്താൽ അത് വേറിട്ട് നിൽക്കുമെന്നുള്ള ചിന്ത രതീഷിനെ മദിച്ചു.അങ്ങനെ ഉരുത്തിരിഞ്ഞ ഈ പദ്ധതി നടപ്പിലാക്കാൻ പിന്നീട് ശില്പിയെ തേടിയുള്ള യാത്ര ജോയ് ഡാനിയേൽ എന്ന ആളുടെ അടുക്കൽ എത്തിച്ചു. രണ്ടുപേരുടെയും ചിന്തകളും, പ്രദേശവാസി കൂടിയായ ജോയി ഡാനിയലിന്റെ കരവിരുതും കൂടി സമന്വയിച്ചപ്പോൾ ദൃശ്യഭംഗിക്ക് എന്തെന്നില്ലാത്ത മനോഹാരിത കൈവരിച്ചു.കൺസ്ട്രക്ഷൻ വർക്കുകളിൽ ശ്രദ്ധേയനായിരുന്ന ജോയി ഡാനിയലിന്റെ ആദ്യത്തെ ശില്പനിർമ്മാണമാണ് ഇതെന്നറിയുമ്പോളത് മറ്റൊരു വിസ്മയം കൂടിയാകുന്നു.

രാമക്കൽമേടും പരിസര പ്രദേശങ്ങളും ഒന്നാം ഗാലറിയിലും.ഇടുക്കി ഡാമും പരിസര പ്രദേശങ്ങളും രണ്ടാം ഗാലറിയിലുമായാണ് കൂർമ്മ ശില്പത്തിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. രാമക്കൽമേട് സിറ്റി,ഓഫ് റോഡ് ജീപ്പ് സ്റ്റാൻഡ്, ഈ സ്ഥലത്തിന് പേര് ലഭിക്കാൻ കാരണമായ രാമക്കല്ല്, ഡി റ്റി പി സിയുടെ പ്രവേശന കവാടം ,പോലീസ് ഔട്ട് പോസ്റ്റ്, രാമക്കൽമേട് ടെമ്പിൾ, കുറവൻ കുറത്തി ശില്പം, വേഴാമ്പൽ വാച്ച് ടവർ ,രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രത്തെ ചുറ്റിപ്പോകുന്ന വണ്ണപ്പുറം കമ്പംമെട്ട് മലയോര ഹൈവേ എന്നിവയും ഒന്നാം ഭാഗത്ത് മനോഹര കാഴ്ചകളായി മാറുന്നു.
രണ്ടാം ഗാലറിയിൽ ഇടുക്കി ഡാം പരിസരപ്രദേശങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ആർച്ച് ഡാം, പുതുതായി നിർമ്മിച്ച ചെറുതോണി പാലം, ചെറുതോണി ടൗൺ,വൈശാലി ഗുഹ, ചെറുതോണിയിലെ ഷട്ടർ ഡാം,ഹിൽ വ്യൂ പാർക്ക്,ഇടുക്കി മെഡിക്കൽ കോളേജ് എന്നിവയും ശില്പഭംഗിയുടെ അടയാളമായി മാറുന്നു.
അനുദിനം സഞ്ചാരികളുടെ, പ്രത്യേകിച്ച് അല്പം സാഹസികത ആഗ്രഹിക്കുന്നവരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള ആമപ്പാറ ഹിൽ ടോപ്പ് സ്റ്റേഷൻ. ഇങ്ങോട്ടേക്കുള്ള സഞ്ചാരമാർഗ്ഗം ഓഫ് റോഡാണ്. വണ്ണപ്പുറം – കമ്പംമെട്ട് മലയോര ഹൈവേയിൽ തോവാളപ്പടി ഭാഗത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ആമപ്പാറയിൽ എത്തിച്ചേരാം. എട്ടു പേരടങ്ങുന്ന ഒരു സംഘത്തിന് 1800 രൂപയാണ് സർവീസ് ചാർജ്. ഇത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗീകരിച്ച ഫീസാണ്.ഓഫ് റോഡ് സർവീസ് രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്.
ആമപ്പാറിലെ പ്രവേശന ഫീസായി മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്കും സീനിയർ സിറ്റിസണും 15 രൂപയുമാണ് ഈടാക്കുന്നത്.കൂർമ്മ മിനിയേച്ചർ ഗാലറി സന്ദർശിക്കുന്നതിന് മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഈടാക്കുന്നത്.
ഇടുക്കിയുടെ മനോഹരിത ആസ്വദിക്കാൻ ദിനം പ്രതി നിരവധിപ്പേരാണ് എത്തിച്ചേരുന്നത്. വിനോദ വേളകളിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.ഒരിക്കലും നിർത്താത്ത ഒരു തലോടലായി ഇളംകാറ്റിന്റെ കൈകൾ സഞ്ചാരികൾക്ക് കുളിർമ പകരുന്നു…. ഇവിടെ എത്തപ്പെടുന്ന സഞ്ചാരികളെ ക്ഷീണമറിയിക്കാതിരിക്കാൻ പ്രകൃതിയുടെ ഒരു സ്പർശനം പോലെ!




