വൃക്കയ്ക്കും കരളിനും ചൈനീസ് വെളുത്തുള്ളി അപകടകാരി !!

ന്യൂഡൽഹി:ലോകത്ത് ഏറ്റവുമധികം വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ചൈനയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിയാണ്. ഇത് ചൈനീസ് ​ഗാർളിക് എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളിയേക്കാൾ വലിപ്പമുണ്ടാകും ഇവയ്‌ക്ക്. ഇതിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത് 2014ൽ കേന്ദ്രസർക്കാർ ചൈനീസ് വെളുത്തുള്ളി നിരോധിച്ചിരുന്നു.

ഇവയിൽ കീടനാശിനികളുടെ അളവ് താരതമ്യേന വളരെ കൂടുതലാണ്. മീഥൈൽ ബ്രോമൈ‍ഡ് എന്ന രാസവസ്തുവാണ് വെളുത്തുള്ളിയിൽ ചൈനീസ് കർഷകർ ഉപയോ​ഗിക്കുന്നത്. അതിനാൽ ചൈനീസ് വെളുത്തുള്ളി ദീർഘകാലം കേടുകൂടാതിരിക്കുകയും ചെയ്യും. ഇവ നിത്യേന കഴിച്ചാൽ വൃക്കകൾ തകരാറിലാവുകയും കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആഹാരത്തിൽ പതിവാക്കിയാൽ മറ്റ് നിരവധി ആരോ​ഗ്യപ്രശ്നങ്ങളും വന്നേക്കാം. കീടനാശിനി കൂടുതൽ ഉപയോ​ഗിച്ച് വിളയിച്ചെടുത്ത ഉത്പന്നങ്ങൾ നിത്യേന കഴിക്കുന്നത് അൾസർ, അണുബാധ, ​ഗ്യാസ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ കഴിവതും ചൈനീസ് വെളുത്തുള്ളി ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.