◾ സ്പെഷ്യൽ കറസ്പോണ്ടൻ്റ്
നമ്മൾ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചതാണ്. കാരണം അത്രകണ്ട് മലീമസമായി കഴിഞ്ഞു ഓരോ രാഷ്ട്രീയത്തിലെയും ഉള്ളറകൾ.ആർക്കും ആരോടും ഒരു പ്രതിബദ്ധതയും ഇല്ല. വ്യക്തി താൽപര്യങ്ങൾക്ക് അടിമപ്പെട്ടുപോയ ഒരു പ്രവണതയിലേക്ക് രാഷ്ട്രീയം വീണു കഴിഞ്ഞു എന്നുള്ളതാണ് വസ്തുത.

എന്നാൽ ചില രാഷ്ട്രീയ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ ഒരു മാധ്യമം എന്ന നിലയിൽ അതിനെ വിലയിരുത്താതെ പോകാനും കഴിയില്ല. ഈ അടുത്തകാലത്ത് നിലമ്പൂർ എംഎൽഎ ആയ പി വി അൻവറിലൂടെ പുറത്തെത്തിയ കാര്യങ്ങൾ നിസ്സാരവൽക്കരിക്കപ്പെടേണ്ടതല്ല.സിപിഎമ്മിന്റെ തല മുതിർന്ന നേതാക്കളും ‘ചില’ അനുയായികളും ഇതിനെ പുച്ഛിച്ചേക്കാം .എന്നാൽ സിപിഎമ്മിന്റെ ഉള്ളറകളിൽ വലിയ സ്ഫോടനാത്മകമായ സംഘർഷമാണ് ഉളവായിരിക്കുന്നത്.
അൻവർ എന്ന ഒറ്റയാൻ തുറന്നുവിട്ട ഭൂതം ചിലരുടെയെങ്കിലും ഉറക്കം കെടുത്തിയിരിക്കുന്നു. അത് ഉദ്യോഗതലത്തിൽ ആവാം. അല്ലെങ്കിൽ ഭരണതലത്തിൽ ആവാം. എന്തുതന്നെയായാലും സാധാരണക്കാരായ സിപിഎം അണികളിൽ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെ ന്നുള്ളത് വ്യക്തം.
സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്ന ഈ കാലയളവിൽ നേതൃത്വ നിരക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
സിപിഎം എന്ന പാർട്ടിയുടെ അന്തസത്ത തന്നെ കളഞ്ഞു കുളിച്ചിരിക്കുന്നു.കണ്ടും കേട്ടും നാം മനസ്സിലാക്കിയ തൊഴിലാളി സ്നേഹവും സഹവർത്തിത്വവും പോയി മറഞ്ഞിരിക്കുന്നു.കാറൾ മാക്സും ലെനിനും എങ്കൾസും ഒക്കെ പറഞ്ഞ ആശയങ്ങൾ തന്നിഷ്ടത്തിനു വേണ്ടി കുഴിച്ചുമൂടിയിരിക്കുന്നു.ഒരുപക്ഷേ, അതുകൊണ്ടാവാം അൻവർ പറഞ്ഞത് പിണറായി വിജയൻ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി ആയിരിക്കുമെന്ന്.രാജ്യത്ത് അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും അതിന്റെ ബ്രാൻഡ് നെയിമും അസ്തമനത്തോടടുത്തിരിക്കുന്നു.മാനത്തെ ചുവപ്പ് രാശികൾ വിതറി പിന്നീടത് കരകാണാക്കലിൽ അസ്തമിക്കും.പിന്നെയെങ്ങും കൂരിരുൾമാത്രം.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായി അവരുടെ എതിർച്ചേരിയിലാണ് ആർ.എസ്.എസും ബി.ജെ.പി യുമൊക്കെ. എന്നും ഇവർ ശത്രുതാമനോഭാവത്തോടു കൂടി ജീവിക്കുന്നവരാണ്.എന്നാൽ ഒരു പ്രത്യശാസ്ത്രത്തെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്ത അണികൾ, ഭരണത്തിലേറ്റിയ മുഖ്യൻ തന്നെ ശത്രുചേരിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. ഇത് അൻവർ വിളിച്ചു പറയുമ്പോൾ പാവപ്പെട്ട അണികളിൽ അത് എത്രമാത്രം വിദ്വേഷത്തിന് കാരണമായി തീരും എന്നുള്ളതും കൂടി വിലയിരുത്തപ്പെടേണ്ടതാണ് . മുഖ്യൻ സ്വന്തം താല്പര്യങ്ങൾ കൂടി സംരക്ഷിക്കാൻ ആണിതൊക്കെ ചെയ്തെന്ന് കൂടി ചേർത്ത് വായിക്കുമ്പോഴാണ് പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന ഏകാധിപത്യ പ്രവണത എത്ര ഭയങ്കരമാണെന്ന് നാം തിരിച്ചറിയുന്നത്.
ഏകാധിപത്യം ഒരിടത്തും ക്ലച്ച് പിടിച്ചിട്ടില്ല.മറിച്ച് മുച്ചോടും മുടിച്ചിട്ടേയുള്ളു. നാമൊക്കെ എന്നേ അതിനെ ചവിറ്റുകൊട്ടയിൽ എറിഞ്ഞതാണ്. എന്നിട്ടും ഇപ്പോഴും അതിനെ ആരെങ്കിലും സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അവരെ അക്ഷരം തെറ്റാതെ ‘അടിമകൾ’ എന്ന് തന്നെ വിളിക്കാം .
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് പറയുന്നത് അൻവർ ഒന്നുമല്ലാതായി തീർന്നു എന്നാണ്.അതായത് അൻവറിന് രാഷ്ട്രീയ വനവാസം കൽപ്പിച്ചിരിക്കുകയാണ്. പക്ഷേ ജനമത് പുച്ഛിച്ചുതള്ളി എന്നുള്ളതാണ് യാഥാർത്ഥ്യം.അതിൻ്റെ അനുരണനമാണ് നിലമ്പൂർ ചന്തക്കുന്നിൽ ഇന്നലെ അൻവർ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തടിച്ചുകൂടിയ ജനാവലി.

സിപിഎമ്മിന് പൊതുവേ ഒരു ധാരണയുണ്ട്. അംഗത്വം എടുത്ത് കടുത്ത അനിയായി ആയി പോയാൽ പിന്നെ അവരോട് എന്തും ആകാം. സിപിഎം എന്ന കെട്ടുവലയിൽ അവർ കിടന്നു കൊള്ളും .പുറത്ത് ചാടില്ല. എന്ത് അവഗണന വന്നാലും അവർ സഹിച്ചുകൊള്ളും എന്ന്.എന്നാൽ ആ കാലമൊക്കെ പോയെന്ന് സഖാക്കളും, നേതാക്കളും മനസ്സിലാക്കിയാൽ നന്ന്.
അൻവറിന്റെ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത് സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇ. എ.സുകുവായിരുന്നു.ഇതെല്ലാം അതൃപ്തിയുടെ പ്രതിഫലനമാണെന്ന് കടുത്ത അനുയായികളും നേതാക്കളും ഒഴിച്ച് അരിയാഹാരം കഴിക്കുന്ന മറ്റെല്ലാവർക്കും ബോധ്യപ്പെടും.
ദോഷം പറയരുതല്ലോ, നേതാക്കൾക്കോ പാർട്ടിക്കോ എതിരായി ആരെങ്കിലും സംസാരിച്ചാൽ അവരെ ഒറ്റപ്പെടുത്തുന്ന ഒരു ശൈലി പാർട്ടിക്കുണ്ട്. ജീവൻ പോയാലും തെറ്റ് സമ്മതിക്കില്ല.
പാർട്ടി സെക്രട്ടറിയായും പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രിയും ഒക്കെയായി ശോഭിച്ച കൊടിയേരി ബാലകൃഷ്ണൻ മരിച്ചപ്പോൾ ആ ഭൗതികശരീരം എകെജി സെൻ്ററിൽ പൊതുദർശനത്തിന് വയ്ക്കാത്തത് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും യൂറോപ്പ് സന്ദർശനത്തിനു വേണ്ടിയായിരുന്നുവെന്നാണ് അൻവർ പറയുന്നത്. അത് ശരിയാണെങ്കിൽ സിപിഎമ്മിലെ ഏകാധിപത്യം എത്രമേൽ വേരൂന്നിരിക്കുന്നു എന്നും നാം അറിയണം.

അതിപ്പോൾ അൻവർ ഒരു വാശിക്ക് പറഞ്ഞതാണെന്നിരിക്കട്ടെ. കൊടിയേരിയുടെ മൃതദേഹം മറ്റൊരിടത്ത് പൊതുദർശനത്തിന് വെച്ചില്ലെങ്കിലും സിപിഎമ്മിന്റെ സിരാകേന്ദ്രമായ എകെജി സെന്ററിൽ വെക്കേണ്ടതായിരുന്നില്ലേയെന്ന അണികളുടെ ന്യായമായ സംശയത്തിന് എന്ത് മറുപടിയാണുള്ളത്.
അൻവറിനെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നുള്ളതാണ് വസ്തുത.കൂടിപ്പോയാൽ ഒരു തടയണ പൊളിക്കും അത്രമാത്രം.എന്നാൽ അൻവർ ഇനിയും പുറത്തു വിടുന്ന ചില തെളിവുകൾ സി പി എമ്മിന്റെ നാശത്തിന് ഊർജ്ജം പകരുമെന്നു കരുതുന്നവരുണ്ട്.
പാവപ്പെട്ടവൻ എന്തൊക്കെയോ കൊടുത്ത് വളർത്തിയ പാർട്ടിയാണ് ഇതെന്നാണ് ആവർത്തിച്ചു നേതാക്കൾ പറയുന്നത്.എന്നാൽ ഇപ്പോൾ ആയിരം ആവർത്തി നിങ്ങൾ പറയുന്ന ഈ പാവം അണികൾ ‘പിണറായിസം’ അവസാനിക്കട്ടെയെന്ന് ആവർത്തിച്ചാവർത്തിച്ച് ആയിരം തവണ ഉള്ളിലെങ്കിലും പറഞ്ഞിട്ടുണ്ടാവും.




