ദീപു ജോൺ, യുഎഇ
റിയാദ് – ഇത്തവണ റിയാദ് ഇന്റർനാഷണൽ ബുക് ഫെയർ സന്ദർശകരെ സ്വീകരിക്കാൻ 96 ഭാഷകൾ സംസാരിക്കുന്ന റോബോട്ടും. ബുക് ഫെയർ ഇടനാഴികളിൽ ചുറ്റിനടക്കുന്ന റോബോട്ട് സന്ദർശകരെ ബുക് ഫെയറിലേക്ക് സ്വാഗതം ചെയ്യുകയും വ്യത്യസ്ത ഭാഷകളിൽ അവരുമായി സംവദിക്കുകയും ചെയ്യുന്നു. 102 നിർമിത ബുദ്ധി പ്രോഗ്രാമുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് ബുക് ഫെയറിനോടനുബന്ധിച്ച സാംസ്കാരിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലേക്കും 800 ലേറെ പവലിയനുകളിലായി പരന്നുകിടക്കുന്ന പബ്ലിഷിംഗ് ഹൗസ് സൈറ്റുകളിലേക്കുമുള്ള സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നു.

ബുക് ഫെയർ സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്താനും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള ലിറ്ററേച്ചർ, പബ്ലിഷിംഗ് ആന്റ് ട്രാൻസ്ലേഷൻ കമ്മീഷൻ ശ്രമങ്ങളുടെ ഭാഗമായും ലോകത്തിലെ പ്രസിദ്ധീകരണ, വൈജ്ഞാനിക വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക സംഭവവികാസങ്ങൾക്ക് അനുസൃതമായി നടക്കുന്ന ഒരു പ്രധാന സാംസ്ക്കാരിക പരിപാടി എന്ന നിലയിൽ റിയാദ് ബുക് ഫെയറിന്റെ പദവി സ്ഥിരീകരിക്കാനുമാണ് ബുക് ഫെയറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോംവഴികൾ പ്രയോജനപ്പെടുത്തുന്നത്.
പബ്ലിഷിംഗ് ഹൗസുകളുടെയും വിവിധ ബൗദ്ധിക പ്രസിദ്ധീകരണങ്ങളുടെയും കേന്ദ്രങ്ങളെ കുറിച്ച സന്ദർശകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനെയും സന്ദർശകരെ സ്വീകരിക്കുന്നതിനെയുമാണ് ഈ സംവേദനാത്മക സാങ്കേതിക കണ്ടുപിടുത്തത്തിന്റെ ആശയം അടിസ്ഥാനമാക്കുന്നതെന്ന് റോബോട്ടിന്റെ പ്രോഗ്രാമർ എൻജിനീയർ മഹ്മൂദ് ബിൻ അജാൻ വിശദീകരിച്ചു.
റോബോട്ട് പൂർണമായും സൗദി നിർമിതമാണ്. ആവശ്യപ്പെടുന്ന പുസ്തകത്തിൻ്റെ ആശയങ്ങളുടെയും വിഷയങ്ങളുടെയും ഓഡിയോ അവതരണത്തിലൂടെ സന്ദർശകരുടെ സാംസ്കാരിക അനുഭവം സമ്പന്നമാക്കാൻ റോബോട്ട് സഹായിക്കുന്നു. ഉയർന്ന പ്രൊഫഷനലിസത്തോടെ റോബോട്ട് 96 ഭാഷകൾ സംസാരിക്കുന്നു. ഏറ്റവും കൂടുതൽ സന്ദർശകരുമായി സംവദിക്കാൻ ഇത് റോബോട്ടിനെ പ്രാപ്തമാക്കുന്നു.
സൗദി, മൊറോക്കൊൻ, ഈജിപ്ഷ്യൻ, ബഹ്റൈൻ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക സംസാര ശൈലികൾ പോലും റോബോട്ട് മനസ്സിലാക്കുന്നു. പ്രസിദ്ധീകരണങ്ങളും ഉൽപന്നങ്ങളും അവയുടെ വിശദീകരണ വീഡിയോയും പ്രദർശിപ്പിക്കുന്ന സ്ക്രീനും റോബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. സന്ദർശകരെ സ്വാഗതം ചെയ്യാനും അവരുടെ അന്വേഷണങ്ങളോടും ചോദ്യങ്ങളോടും പ്രതികരിക്കാനും റോബോട്ടിന് കഴിവുണ്ടെന്നും എൻജിനീയർ മഹ്മൂദ് ബിൻ അജാൻ പറഞ്ഞു.
അന്താരാഷ്ട്ര, ആഗോള എക്സിബിഷനുകളിൽ ഇപ്പോൾ സ്മാർട്ട് റോബോട്ടുകൾ ഉപയോഗിക്കുന്നുണ്ടെന്ന് റോബോട്ട് നിർമിച്ച ഫാക്ടറിയിലെ വികസന വിഭാഗം ഡയറക്ടർ എൻജിനീയർ അൽസഈദ് അൽദീബ് പറഞ്ഞു.
സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന സാങ്കേതിക വികസനമാണ് റോബോട്ടുകൾ.
ഇത്തവണത്തെ റിയാദ് ബുക് ഫെയറിൽ പങ്കെടുക്കുന്ന ചില പ്രസാധാക സ്ഥാപനങ്ങൾ ഇന്ററാക്ടീവ് റോബോട്ടുകളെ പ്രോഗ്രാം ചെയ്യാനും അവയുടെ കഴിവുകൾ മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അന്താരാഷ്ട്ര കമ്പനികൾ വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് റോബോട്ടുകളിൽ ഉപയോഗിക്കുന്നത്.
റോബോട്ടിന് സർവേ നടത്താനും ഒരു പബ്ലിഷിംഗ് ഹൗസിലോ ബുക് ഫെയറിൽ മൊത്തത്തിലോ എത്തുന്ന സന്ദർശകരുടെ എണ്ണം നിർണയിക്കാനും ലിംഗഭേദം, പ്രായം, രാജ്യം എന്നിവ അനുസരിച്ച് സന്ദർശകരെ തരംതിരിക്കാനും കഴിയുമെന്ന് എൻജിനീയർ അൽസഈദ് അൽദീബ് പറഞ്ഞു. റിയാദ് കിംഗ് സൗദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക് ഫെയർ അടുത്ത മാസം അഞ്ചു വരെ തുടരും.
വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ട സന്ദർശകർക്ക് അനുയോജ്യമായ, സൗദിയിൽ നിന്നും മേഖലാ രാജ്യങ്ങളിൽ നിന്നും ലോക രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ സാഹിത്യകാരന്മാരും ചിന്തകരും സാംസ്കാരിക നായകരും നയിക്കുന്ന കവിയരങ്ങളും ശിൽപശാലകളും സംവാദ സെഷനുകളും സെമിനാറുകളും അടക്കം 200 ലേറെ സാംസ്കാരിക പരിപാടികൾ ബുക് ഫെയറിൽ നടക്കുന്നുണ്ട്.
മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 2,000 ലേറെ പബ്ലിഷിംഗ് ഹൗസുകളും ഏജൻസികളും ഇത്തവണത്തെ റിയാദ് ബുക് ഫെയറിൽ പങ്കെടുക്കുന്നുണ്ട്.




