ചെന്നൈ:ലിപ്സ്റ്റിക്കില്ലാത്ത ജീവിതത്തെ കുറിച്ച് പലര്‍ക്കും ചിന്തിക്കാനാകില്ല. മേക്കപ്പ് ബോക്‌സില്‍ എപ്പോഴും ലിപ്സ്റ്റിക്ക് കൊണ്ടുനടക്കുന്നവരാണ് അധികപേരും. ഇത്തരത്തില്‍ ഒരു ലിപ്സ്റ്റിക്ക് വിവാദമാണ് ഇപ്പോള്‍ ചെന്നൈ കോര്‍പറേഷനെ ചൂടുപിടിപ്പിക്കുന്നത്.
ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ദഫേദാറായ (ശിപായിമാരിൽ പ്രധാനി) എസ്ബി മാധവിയെ സ്ഥലം മാറ്റിയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. മേയറുടെ ഔദ്യോഗിക പരിപാടിക്കെത്തുമ്പോള്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അനുസരിക്കാതായതോടെയാണ് തമിഴ്‌നാട്ടിലെ മണലി സോണിലേക്ക് സ്ഥലം മാറ്റി നടപടിയെടുത്തത്.
ലിപ്സ്റ്റിക്ക് വിലക്കിയുള്ള സര്‍ക്കാരിന്റെ ഉത്തരവ് കാണിക്കാന്‍ മേയര്‍ പ്രിയ രാജന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ ശിവശങ്കറിനോട് മാധവി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. നിലവില്‍ ദഫേദാറുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു.
പക്ഷേ ഞാന്‍ അത് അനുസരിച്ചില്ല. അതൊരു നിയമലംഘനമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവ് എന്നെ കാണിക്കണം.’- മെമ്മോയ്ക്ക് നല്‍കിയ മറുപടിയില്‍ മാധവി പറയുന്നു ഇത്തരം നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നും ജോലിയെടുക്കാത്ത തരത്തിലുള്ള തെറ്റുകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മാധവി വ്യക്തമാക്കുന്നു. അതേസമയം, മാധവി കൃത്യമായി ജോലിക്കെത്തുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നുമാണ് മെമ്മോയില്‍ പറയുന്നത്.




