സിലോൺ പെന്തക്കോസ്തു മിഷൻ നേതാക്കളായിരുന്ന ‘ആൽവിനും ഫ്രെഡിയും’ ന്യൂയോർക്കിലുണ്ട്

ന്യൂയോർക്കിലുണ്ട് ‘ ആൽവിനും ഫ്രെഡിയും.’ സിലോൺ പെന്തക്കോസ്തു മിഷൻ്റെ ആരംഭകാലത്തെ പ്രധാന പ്രവർത്തനകരാണല്ലോ അവർ. തൃശൂർകാരൻ രാമൻകുട്ടിയായിരുന്ന പോൾ ആണ് സി.പി.എം സ്ഥാപകൻ എന്നാണ് പൊതുവെയുള്ള വിശ്വാസം. 1923 ൽ സി.പി.എം സ്ഥാപിതമായി എന്ന് കരുതാം. പാസ്റ്റർ പോൾ ദൈവത്താൽ നിയോഗിതനായ ദൈവപുരുഷനായിരുന്നു എന്നതിൽ ആർക്കും സംശയമില്ല.

സി.പി.എം സ്ഥാപകൻ പാസ്റ്റർ പോൾ

പോൾ തൃശൂർകാരനായിരുന്നെങ്കിൽ ഫെഡ്രിയും ആൽവിനും സിലോൺ (ഇന്നത്തെ ശ്രീലങ്ക ) സ്വദേശികളായിരുന്നു. സി.പി.എം സിലോണിൽ വളർന്ന് വരവേ കേരളത്തിൽ നിന്നും ഒരു കുടുംബം സിലോണിലെത്തി. കായംകുളം തട്ടാരത്തെ വീട്ടിൽ ശാമുവൽ ഡേവിഡിൻ്റെ കുടുംബമായിരുന്നു അത്. സി.പി.എമ്മിലെ കറതീർന്ന വിശ്വാസകുടുംബം. അവർക്ക് രണ്ട് പുരുഷ പ്രജകൾ ജനിച്ചു. അവരിൽ മൂത്ത ആൾക്ക് പിതാവ് പേരിട്ടു ഫ്രെഡി എന്ന് . രണ്ടാമത്തെ ആൾക്കിട്ട പേര് ആൽവിൻ എന്നായിരുന്നു. അതിൽ ആൽവിൽ എന്ന ആളാണ് ഈ ഓർമ്മക്കുറിപ്പെഴുതുന്നത്. ഐ.പി.സി അരുണാചൽ പ്രദേശ് സ്റ്റേറ്റ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്നു. ഞങ്ങൾ രണ്ടു പേരും ഇപ്പോൾ ന്യൂയോർക്കിലുണ്ട്.

നേതാക്കന്മാരോടുള്ള ആരാധന മൂക്കുമ്പോൾ മക്കൾക്ക് അവരുടെ പേരുകൾ വീഴാറുണ്ട്. അങ്ങനെയാണ് സ്റ്റാലിൻ, ചെഗുവേര, കാസ്ട്രോ, തുടങ്ങിയ പേരുകൾ മലയാളി മക്കൾക്ക് വീണത്. കായംകുളത്ത് താമസിക്കുമ്പോഴാണ് രസകരമായ ഒരു സംഭവം സി.പി.എം ഫെയ്ത്തു ഹോമിനെ ചുറ്റിപ്പറ്റി നടന്നത്. അവിടെ ഒരു എട്ട് വയസുകാരൻ താമസിച്ചിരുന്നു. അവൻ വേനൽക്കാല അവധിക്ക് മാതാപിതാക്കളെ കാണാൻ രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് പോവുകയാണെന്ന് എന്നോട് പറഞ്ഞു.

അപ്പോഴാണ് സഭയിലെ പാസ്റ്ററും മദറും ഇവൻ്റെ മാതാപിതാക്കളല്ലെന്ന് ഞാൻ തിരിച്ചറിയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഈ പയ്യൻ ഞങ്ങളുടെ ഫെയ്ത്ത് ഹോമിലും ഇവൻ്റെ മാതാപിതാക്കൾ മറ്റ് രണ്ട് ഫെയ്ത്തു ഹോമുകളിലുമാണ് താമസിച്ചിരുന്നത്.
ഡോക്ടറെ കാണുന്നതും മരുന്ന് കഴിക്കുന്നതും പാപമാണെന്ന സി.പി.എം ഉപദേശം എന്നെ അസ്വസ്ഥനാക്കി. അക്കാലത്ത് എൻ്റെ മുറിഞ്ഞ വിരലിൽ അമ്മ വെളുത്ത പഴയ തുണി ‘ സ്തോത്രം ‘ പറഞ്ഞ് കെട്ടിവച്ചു.

മദർ ധരിച്ചത് മരുന്ന് കെട്ടിവെച്ചു എന്നാണ്. അവർ എന്നോട് ചോദിച്ചു ‘ എന്ത് വച്ചാണ് കെട്ടിയത് ‘. ‘ സ്തോത്രം വെച്ച് കെട്ടി ‘ എന്നായിരുന്നു എൻ്റെ നിഷ്ക്കളങ്കമായ മറുപടി. ഞാൻ വളർന്നപ്പോൾ ഈ കാര്യം എൻ്റെ സഹോദരി പറയുന്നതു കേട്ട് പിൽക്കാലത്തും ഞങ്ങൾ ചിരിക്കുമായിരുന്നു. ഉപദേശങ്ങളിലെ ബൈബിൾ വിരുദ്ധ നിലപാട് മനസിലാക്കിയ ഞാൻ പ്രായപൂർത്തിയായപ്പോൾ സി.പി.എം വിട്ടു. കായംകുളം ഐ.പി.സി എബനേസർ സഭയിൽ സ്നാനമേറ്റ് സഭാംഗമായി മാറി .സ്വന്തമായി ആരാധനാലയവും വസ്തുവും സ്ഥാപനങ്ങളും പാടില്ലെന്ന നിലപാട് സി. പി.എം നാല് പതിറ്റാണ്ട് മുമ്പെ മാറ്റി. പണ്ട് വാടക കെട്ടിടമേ അനുവദിച്ചിരുന്നുള്ളു.

ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം സ്ഥാപനങ്ങളും വസ്തുക്കളും വിശാലമായ ആരാധനാലയങ്ങളും സ്വന്തമായി ഉള്ളത് സി.പി.എമ്മിനാണ്. വിശ്വാസികുടുംബങ്ങളിൽ നിന്നും യുവാക്കളെ ഇന്ന് പാസ്റ്റർമാരായി ലഭിക്കുന്നില്ല. അതിന് കാരണം സി.പി.എമ്മിൻ്റെ അവിവാഹിത ജീവിതം എന്ന ബൈബിൾ വിരുദ്ധ നിലപാടാണ്. പാസ്റ്റർമാരുടെ കുടുംബ ജീവിതം അനുവദിച്ചാൽ ഇന്ന് നേരിടുന്ന ശുശ്രൂഷകന്മാരുടെ കുറവ് പരിഹരിക്കാനാവും. കേരളത്തിലെ ചില സി.പി.എം സഭകളിൽ തമിഴ് പാസ്റ്റർമാരും തമിഴ് മദർമാരും ശുശ്രൂഷിക്കുന്നത് ഇതുകൊണ്ടാണ്. ‘രസകരമായ മറ്റൊരു കാര്യം കൂടി പറയാം.

അമേരിക്കയിലെ ചില സി.പി.എം സഭകളിൽ പാസ്റ്റർമാരുടെ ശുശ്രുഷ നിർവ്വഹിക്കുന്നത് മദർമാരാണ്. കൺവൻഷൻ നടത്തിപ്പ്, മികച്ച ക്രമീകരണം, അച്ചടക്കം, പ്രസംഗവേദിയിൽ പ്രസംഗകർ പരസ്പരം പുകഴ്ത്താത്തത്, പരിശുദ്ധാത്മ സ്നാനത്തിന് നൽകുന്ന പ്രാധാന്യം, വിശുദ്ധിയും വേർപാടും, ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം , നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മുതലായവ അനുകരണീയമാണ്. ദൈവവേലയ്ക്കു വേണ്ടി പണം ചെലവിടുന്നതിലും റ്റി.പി. എം വിശ്വാസികൾ ആരെക്കാലും മുമ്പിലാണ്. സഭാരാഷ്ട്രീയവും അടിപിടിയും ഇല്ലാത്ത ഏക പെന്തക്കോസ്തു പ്രസ്ഥാനവും ഇന്നത്തെ റ്റി.പി.എം ആണ്.